വിദേശനാണ്യ കരുതല്‍ ശേഖരം ഉയര്‍ന്നു

  • ഉയര്‍ന്ന വിദേശനാണ്യ കരുതല്‍ ശേഖരമുള്ള രാജ്യങ്ങളില്‍ ഇന്ത്യ നാലാമത്
  • ഈ കലണ്ടര്‍ വര്‍ഷം ആര്‍ബിഐ കൂട്ടിച്ചേര്‍ത്തത് 57.59 ബില്യണ്‍ ഡോളര്‍

Update: 2023-12-30 06:05 GMT

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഡിസംബര്‍ 22ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 4 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 620 ബില്യണ്‍ ഡോളറായി.

ഈ കലണ്ടര്‍ വര്‍ഷത്തില്‍, ഡിസംബര്‍ 22 വരെ സെന്‍ട്രല്‍ ബാങ്ക് 57.59 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വിദേശ കറന്‍സി ആസ്തിയില്‍ 4.6 ബില്യണ്‍ ഡോളര്‍ വര്‍ധിച്ചതിനാല്‍ ഈയടുത്ത ആഴ്ചയിലെ മൊത്തം കരുതല്‍ ശേഖരം വര്‍ധിച്ചു. മുന്‍ ആഴ്ചയില്‍, കരുതല്‍ ശേഖരം 616 ബില്യണ്‍ ഡോളറായിരുന്നു.ഇത് 2022 മാര്‍ച്ച് 25 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണ്. ആഴ്ചയില്‍, കരുതല്‍ ധനം 9 ബില്യണ്‍ ഡോളര്‍ ഉയര്‍ന്നു. ഇത് ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന പ്രതിവാര കുതിപ്പിനെയാണ് പ്രതിനിധീകരിക്കുന്നത്.

പ്രധാന വിദേശനാണ്യ കരുതല്‍ ശേഖരമുള്ള രാജ്യങ്ങളില്‍ ഇന്ത്യയുടെ നാലാമത്തെ ഉയര്‍ന്ന സ്ഥാനത്താണ്. ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 70 ബില്യണ്‍ ഡോളര്‍ കുറഞ്ഞ 2022-ലെ വെല്ലുവിളി നേരിട്ട ശേഷമാണ് ഈ വീണ്ടെടുക്കല്‍ ഉണ്ടാകുന്നത്.

2023-ല്‍ ആഭ്യന്തര വിപണിയില്‍ ശക്തമായ വിദേശ നിക്ഷേപം ഉണ്ടായി, ഇത് ആഗോള അനിശ്ചിതത്വങ്ങളില്‍ രൂപയെ പിടിച്ചുനിര്‍ത്തി. വിനിമയ നിരക്കിലെ ചാഞ്ചാട്ടം തടയാന്‍ ആര്‍ബിഐ വര്‍ഷം മുഴുവനും വിപണിയില്‍ സജീവമായിരുന്നു.

ഈ കലണ്ടര്‍ വര്‍ഷത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം സ്ഥിരത പ്രകടിപ്പിച്ചു. ഇത് മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ ചാഞ്ചാട്ടമാണ്. നടപ്പ് സാമ്പത്തിക വര്‍ഷം രൂപയുടെ മൂല്യം 1.2 ശതമാനം ഇടിഞ്ഞു. 2022ല്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 10 ശതമാനം ഇടിവുണ്ടായി.

Tags:    

Similar News