വിദേശനാണ്യ ശേഖരത്തില്‍ വന്‍ വര്‍ധന

  • ഫോറെക്‌സ് ശേഖരം 653.966 ബില്യണ്‍ ഡോളറിലെത്തി
  • കേന്ദ്ര ബാങ്ക് നടത്തിയ ഫോറെക്‌സ് സ്വാപ്പ് ഇടപാടാണ് വര്‍ധനവിന് കാരണം
;

Update: 2025-03-15 07:26 GMT

രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം 15.267 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 653.966 ബില്യണ്‍ ഡോളറിലെത്തി. മാര്‍ച്ച് 7 ന് അവസാനിച്ച ആഴ്ചയിലെ കണക്കാണ് റിസര്‍വ് ബാങ്ക് പുറത്തുവിട്ടത്. ഒരാഴ്ചയില്‍ ഇത്രയും വലിയ വര്‍ധനവ് സംഭവിക്കുന്നത് 2021 ഓഗസ്റ്റ് 27 നുശേഷം ഇതാദ്യമാണെന്ന് ബ്ലൂംബെര്‍ഗ് പറയുന്നു.

രൂപയുടെ മൂല്യത്തകര്‍ച്ച കുറയ്ക്കുന്നതിനായി ആര്‍ബിഐ നടത്തിയ ഫോറെക്‌സ് മാര്‍ക്കറ്റ് ഇടപെടലുകളും പുനര്‍മൂല്യനിര്‍ണ്ണയവും കാരണം അടുത്തിടെ കരുതല്‍ ശേഖരം കുറയുന്ന പ്രവണതയിലായിരുന്നു. 2024 സെപ്റ്റംബര്‍ അവസാനത്തോടെ ഫോറെക്‌സ് കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 704.885 ബില്യണ്‍ യുഎസ് ഡോളറായി വര്‍ധിച്ചിരുന്നു.

ഫെബ്രുവരി 28 ന് കേന്ദ്ര ബാങ്ക് നടത്തിയ 10 ബില്യണ്‍ യുഎസ് ഡോളറിന്റെ ഫോറെക്‌സ് സ്വാപ്പ് ഇടപാടാണ് അവലോകന ആഴ്ചയിലെ കുത്തനെയുള്ള വര്‍ധനവിന് കാരണമെന്ന് പറയപ്പെടുന്നു. പണലഭ്യത വര്‍ധിപ്പിക്കുന്നതിനായി രൂപയ്ക്കെതിരെ ഡോളര്‍ വാങ്ങിയപ്പോഴാണ് ഇത് സംഭവിച്ചത്.

വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കരുതല്‍ ശേഖരത്തിലെ ഒരു പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തികള്‍ ഈ ആഴ്ചയില്‍ 13.993 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 557.282 ബില്യണ്‍ ഡോളറിലെത്തി.

കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യുഎസ് ഡോളര്‍ ഇതര യൂണിറ്റുകളുടെ മൂല്യവര്‍ധനവിന്റെയോ മൂല്യത്തകര്‍ച്ചയുടെയോ ഫലം ഇതില്‍ ഉള്‍പ്പെടുന്നു.

ഈ ആഴ്ചയില്‍ സ്വര്‍ണ ശേഖരം 1.053 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 74.325 ബില്യണ്‍ ഡോളറിലെത്തിയതായും റിസര്‍വ് ബാങ്ക് അറിയിച്ചു. പ്രത്യേക ഡ്രോയിംഗ് അവകാശങ്ങള്‍ 212 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 18.21 ബില്യണ്‍ ഡോളറിലെത്തി.

ആര്‍ബിഐ ഡാറ്റ പ്രകാരം, ഐഎംഎഫില്‍ ഇന്ത്യയുടെ കരുതല്‍ ധനം 69 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 4.148 ബില്യണ്‍ ഡോളറിലുമെത്തി. 

Tags:    

Similar News