വിദേശനാണ്യ കരുതല്‍ ശേഖരം തുടര്‍ച്ചയായി ഇടിയുന്നു

  • കരുതല്‍ ശേഖരം 652.87 ബില്യണ്‍ ഡോളറിലേക്ക് താഴ്ന്നു
  • രൂപയുടെ മൂല്യത്തകര്‍ച്ച തടയാനടപടികളാണ് കരുതല്‍ ശേഖരത്തിലെ ഇടിവിന് കാരണം
  • സമീപകാലത്തെ വിദേശ ഇറക്കുമതിയെ ഇത് ബാധിക്കില്ലെന്ന് ആര്‍ബിഐ
;

Update: 2024-12-26 10:38 GMT
foreign exchange reserves continue to decline
  • whatsapp icon

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം തുടര്‍ച്ചയായി ഇടിയുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രേഖപ്പെടുത്തിയത് 1.98 ബില്യണ്‍ ഡോളറിന്റെ കുറവ്. തുടര്‍ച്ചയായ രണ്ടാം വാരവും ഇടിവ് തുടര്‍ന്നു.

ആര്‍ബിഐയുടെ കണക്ക് പ്രകാരം വിദേശനാണ്യ കരുതല്‍ ശേഖരം 652.87 ബില്യണ്‍ ഡോളറിലേക്ക് കൂപ്പുകുത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ആക്കംകുറയ്ക്കാനുള്ള ആര്‍ബിഐ ഇടപെടലുകളാണ് ഇതിന് പിന്നില്‍.

വിദേശ നാണ്യശേഖരത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന എഫ്‌സിഎ 3.047 ബില്യണ്‍ ഡോളര്‍ താഴ്ന്ന് 562.576 ബില്യണ്‍ ഡോളറിലെത്തി. ഇന്ത്യയുടെ വിദേശ നാണ്യശേഖരത്തിലെ മറ്റ് രണ്ട് ഘടകങ്ങളായ രാജ്യാന്തര നാണ്യ നിധി കരുതല്‍ ശേഖരവും അടിയന്തരാവശ്യത്തിനുള്ള സ്‌പെഷല്‍ ഡ്രോവിങ് റൈറ്റ്‌സ് ശേഖരവും ഇടിഞ്ഞിട്ടുണ്ട്. ഒപ്പം ഓഹരി, കടപ്പത്ര വിപണിയിലെ വിദേശനിക്ഷേപത്തിന്റെ കൊഴിഞ്ഞുപോക്കും ഇറക്കുമതി നിരക്ക് കൂടിയതും ആഘാതമായി.

ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശ നാണ്യശേഖരത്തില്‍ യെന്‍, യൂറോ, പൗണ്ട് തുടങ്ങിയവയുമുണ്ട്. ഇവയുടെ മൂല്യത്തിലുണ്ടാകുന്ന വ്യത്യാസവും വിദേശ നാണ്യശേഖരത്തില്‍ പ്രതിഫലിച്ചു.

സെപ്റ്റംബര്‍ 27ന് അവസാനിച്ച ആഴ്ചയിലാണ് ഇന്ത്യയുടെ വിദേശ നാണ്യശേഖരം ചരിത്രത്തില്‍ ആദ്യമായി 70,000 കോടി ഡോളര്‍ കടന്നത്. പിന്നാലെ രൂപയുടെ മൂല്യത്തകര്‍ച്ച തടയാനായി റിസര്‍വ് ബാങ്ക് വിദേശ നാണ്യശേഖരത്തില്‍ നിന്ന് ഡോളര്‍ വന്‍തോതില്‍ വിറ്റൊഴിയുകയായിരുന്നു.

ഈ ശ്രമം ആര്‍ബിഐ തുടര്‍ന്നാല്‍ വരും ആഴ്ചകളിലും വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവുണ്ടാവാം. അതേസമയം, സമീപകാലത്തെ വിദേശ ഇറക്കുമതിയെ ഇത് ബാധിക്കില്ലെന്നാണ് ആര്‍ബിഐ പറയുന്നത്. വരുന്ന 11 മാസത്തെ ആവശ്യങ്ങള്‍ക്കുള്ള വിദേശനാണ്യം രാജ്യത്തുണ്ടെന്നും ആര്‍ബിഐ ചൂണ്ടികാട്ടി. സ്വര്‍ണ ശേഖരം 1.121 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 68.056 ബില്യണ്‍ ഡോളറായതും രാജ്യത്തിന് ആശ്വാസമാണ്. 

Tags:    

Similar News