കുരുമുളക് വരവ് കുറഞ്ഞു; റബറിന് പ്രതീക്ഷ
- ഏലക്ക വരവും കുറഞ്ഞു
- കുരുമുളക് വില കുറയ്ക്കാന്‍ ശ്രമം
തെക്കന്‍ തായ്‌ലാന്‍ഡില്‍ മഴ മാസാവസാനംവരെ തുടരുമെന്ന കാലാവസ്ഥ വിലയിരുത്തലുകള്‍ റബര്‍ വില ഉയര്‍ത്താന്‍ അവസരം ഒരുക്കുമെന്ന നിഗമനത്തിലാണ് ഏഷ്യന്‍ ഉല്‍പാദനരാജ്യങ്ങള്‍. ടയര്‍ മേഖലയ്ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത രാജ്യാന്തരതലത്തില്‍ കുറയുമെന്ന വിലയിരുത്തലുകള്‍ക്കിടയിലും റെഡി മാര്‍ക്കറ്റായ ബാങ്കോക്കില്‍ ഷീറ്റിന് തളര്‍ച്ച നേരിട്ടു.
ചൈനീസ് ടയര്‍ വ്യവസായികള്‍ നിന്നുള്ള വാങ്ങല്‍ താല്‍പര്യം കുറഞ്ഞത് മൂലം തായ് മാര്‍ക്കറ്റില്‍ ഷീറ്റ് വിലകിലോ 209 രൂപയായി താഴ്ന്നു. റബര്‍ അവധി വ്യാപാരത്തില്‍ നിക്ഷേപകരുടെ അഭാവംമൂലം വില നേരിയ റേഞ്ചില്‍ നീങ്ങി. ഇന്ത്യന്‍ ടയര്‍ നിര്‍മ്മാതാക്കള്‍ ആഭ്യന്തരവില 100 രൂപ ഉയര്‍ത്തി 19,100 രൂപയ്ക്ക് ശേഖരിച്ചു. കാലാവസ്ഥ തെളിഞ്ഞതിനാല്‍ മധ്യകേരളത്തിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും കര്‍ഷകര്‍ റബര്‍ ടാപ്പിങിന് ഉത്സാഹിച്ചു. കൊച്ചിയില്‍ അഞ്ചാംഗ്രേഡ് ഷീറ്റ് വില 18,600 രൂപ.
ഉത്തരേന്ത്യയില്‍ ശൈത്യം ശക്തമായതോടെ കറിമസാല വ്യവസായികള്‍ കുരുമുളക് സംഭരണം ശക്തമാക്കി. ഇടുക്കി, വയനാട് ജില്ലകളില്‍ കൊച്ചിയിലേയ്ക്കുള്ള കുരുമുളക് നീക്കം പിന്നിട്ടവാരം കുറഞ്ഞ് നിന്നത് നിരക്ക് ഉയര്‍ത്തി ചരക്ക് സംഭരിക്കാന്‍ വ്യവസായികളെ പ്രേരിപ്പിച്ചു. ഇതിനിടയില്‍ മുളക് വില ഇടിക്കാന്‍ ഇറക്കുമതി ലോബി എല്ലാ ശ്രമങ്ങളും നടത്തുന്നു. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 66,500രൂപ.
ഏലക്ക ലേലത്തില്‍ ചരക്ക് വരവ് ഗണ്യമായി കുറഞ്ഞു. മൊത്തം വരവ് പതിനായിരം കിലോയില്‍ ഒതുങ്ങിയത് വിലയില്‍ കുതിച്ചുചാട്ടം സൃഷ്ടിക്കുമെന്ന് ഉല്‍പാദനമേഖല കണക്ക് കൂട്ടിയെങ്കിലും കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും കാര്യമായ ആവേശം പ്രകടിപ്പിക്കാതെയാണ് ഏലക്ക സംഭരിച്ചത്. ശരാശരി ഇനങ്ങള്‍ 2925 രൂപയിലും മികച്ചയിനങ്ങള്‍ 3104 രൂപയിലും കൈമാറി. മൊത്തം10,937 കിലോഗ്രാം ഏലക്ക ലേലംകൊണ്ടു.