ലേല കേന്ദ്രങ്ങളിലേയ്ക്കുള്ള ഏലക്ക വരവ് ചുരുങ്ങുന്നു. പിന്നിട്ട ഏതാനും ദിവസങ്ങളിൽ ലേലത്തിൽ വരവ് കുറഞ്ഞതോടെ വിൽപ്പനയ്ക്ക് ഇറങ്ങുന്ന ചരക്കിൽ വലിയ പങ്കും ഇടപാടുകാർ മത്സരിച്ച് ശേഖരിക്കുകയാണ്. ഇന്ന് ശാന്തപാറയിൽ നടന്ന ലേലത്തിൽ 25,200 കിലോ ഗ്രാം ചരക്ക് വിൽപ്പനയ്ക്ക് വന്നതിൽ 25,046 കിലോയും ലേലം കൊണ്ടു. ശരാശരി ഇനങ്ങൾ 2882 രൂപയിലും മികച്ചയിനങ്ങൾ 3096 രൂപയിലും കൈമാറി. രാജ്യത്തിൻെറ ഏതാണ്ട് എല്ലാ ഭാഗങ്ങളിൽ നിന്നും ഏലത്തിന് അന്വേഷണങ്ങളെത്തുന്ന സന്ദർഭമായതിനാൽ വരും ദിനങ്ങളിലും മെച്ചപ്പെട്ട വില ഉൽപ്പന്നത്തിന് നിലനിർത്താനാവുമെന്ന വിശ്വാസത്തിലാണ് ഉൽപാദകർ. വിദേശരാജ്യങ്ങളിൽ നിന്നും അന്വേഷണങ്ങൾ നിലവിലുണ്ട്.
കുരുമുളക് വില അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം താഴ്ന്നു.കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കൊച്ചി വിപണിയിലേയ്ക്കുള്ള ചരക്ക് വരവ് ചുരുങ്ങിയിട്ടും വില ഇടിവിനെ പിടിച്ചു നിർത്താനായില്ല. ഇന്ന് 18.5 ടൺ മുളക് മാത്രമാണ് വിൽപ്പനയ്ക്ക് വന്നത്, ഇന്നലെ വരവ് 29 ടണ്ണായിരുന്നു. അൺ ഗാർബിൾഡ് മുളക് വിലക്വിൻറ്റലിന് 100 രൂപതാഴ്ന്ന് 64,400 രൂപയായി. ഇതിനിടയിൽ മറ്റ് പല ഉൽപാദന രാജ്യങ്ങളും ആഗോളവിപണിയിൽ അവരുടെ നിരക്ക് ഉയർത്തി. വിയെറ്റ്നാമിലെ ചരക്ക് ക്ഷാമം രൂക്ഷമാകുന്നത് കണ്ട് ഇന്തോനേഷ്യയും ബ്രസീലും മലേഷ്യയും കൂടിയ വിലയാണ് ആവശ്യപ്പെടുന്നത്.
സംസ്ഥാനത്തെ റബർ വിപണികളിൽ നാലാം ഗ്രേഡ് ഷീറ്റ് കിലോ 191 രൂപയിൽ വിപണനം നടന്നു. രാജ്യാന്തര റബർ അവധിനിരക്കുകളിൽ ഇന്ന് കാര്യമായ വില വ്യതിയാനം അനുഭവപ്പെട്ടില്ല. അതേസമയം ഇന്നലെ തളർച്ചയിൽ നീങ്ങിയ ബാങ്കോക്ക് വിപണിയിൽ ഇന്ന് റബർ വിലകിലോ 210 രൂപയായി ഉയർന്നു. തായ്ലണ്ടിൻറ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നതിനാൽ റബർ ടാപ്പിങിന് നേരിട്ട തടസം വിട്ടു മാറിയില്ല, പുതിയ സാഹചര്യത്തിൽ ഇനി ക്രിസ്തുമസ്‐ന്യൂഇയർ ആഘോഷങ്ങൾക്ക് ശേഷം മാത്രം അവിടെ ഉൽപാദനം ഉയരാൻ ഇടയുള്ളു.