3300 രൂപയിൽ ഏലക്ക, കുതിപ്പ് തുടർന്ന് കുരുമുളക്

Update: 2025-01-08 12:34 GMT

സംസ്ഥാനത്ത് പകൽ താപനില പതിവിലും ഉയർന്ന് തുടങ്ങിയത് കാർഷിക മേഖലയിൽ ആശങ്ക ഉളവാക്കുന്നു. പല ഭാഗങ്ങളിലും അന്തരീക്ഷ താപനില ഗണ്യമായിഉയരുന്നത് വിളകളെ ബാധിക്കും. തെളിഞ്ഞ ആകാശവും മഴമേഖഘങ്ങളുടെ അസാന്നിധ്യവും  തിരിച്ചടിയാവുമോയെന്ന ഭീതിയിലാണ് കർഷകർ. തോട്ടം മേഖലയിൽ ചൂടിന് കാഠിന്യമേറിയതോടെ റബർ മരങ്ങളിൽ ഇലപൊഴിച്ചിൽ വ്യാപകമായി, ഇതിനിടയിൽ ടാപ്പിങുമായി ഉൽപാദകർ രംഗത്തുണ്ടെങ്കിലും മരങ്ങളിൽ നിന്നുള്ളപാൽ ലഭ്യത പലഭാഗങ്ങളിലും പകുതിയായിചുരുങ്ങി. സാധാരണ ജനുവരിയിൽ യീൽഡ് ഉയർന്ന് നിൽക്കുകയാണ് പതിവ്. രാജ്യാന്തര മാർക്കറ്റുകളിൽ റബർ താഴ്ന്ന നിലവാരത്തിൽ നിന്നും ഉയർന്ന് തുടങ്ങിയത് പ്രതീക്ഷ പകരുന്നു. ജപ്പാൻ അവധി വ്യാപാര കേന്ദ്രങ്ങളിലെ നിക്ഷപകർ പിടി മുറുക്കുന്നത് കണ്ട് ബാങ്കോക്കിൽ ഷീറ്റ് 217 രൂപവർദ്ധിച്ച് 18,670 രൂപയായി. കൊച്ചി കോട്ടയം വിപണികളിൽ നാലാം ഗ്രേഡ് റബർ 18,500 രൂപയിൽ വിപണനം നടന്നു.

ഉൽപാദനമേഖലയിൽ നടന്ന ഏലക്ക ലേലത്തിന് എത്തിയ ചരക്ക് ചൂടപ്പം കണക്കെ വിറ്റഴിഞ്ഞു. ഉത്തരേന്ത്യയിലെ വൻകിട സ്റ്റോക്കിസ്റ്റുകളുടെ ഗോഡൗണുകളിൽ കരുതൽ ശേഖരം കുറഞ്ഞത് വാങ്ങൽ താൽപര്യം വർദ്ധിപ്പിച്ചു. ഗൾഫ് ഓർഡറുകൾ കരസ്ഥമാക്കിയ കയറ്റുമതിക്കാരും ഏലക്ക ലേലത്തിൽ സജീവമാണ്. മൊത്തം 61,848 കിലോഗ്രാം ചരക്ക് വന്നതിൽ 61,200 കിലോയും ലേലം കൊണ്ടു. ശരാശരി ഇനങ്ങൾ കിലോ 3130 രൂപയിലും മികച്ചയിനങ്ങൾ 3352 രൂപയിലും ഇടപാടുകൾ നടന്നു.

നാളികേര വിളവെടുപ്പ് തുടങ്ങി. കഴിഞ്ഞ സീസണിൽ റെക്കോർഡ് വിലയിൽ വിറ്റഴിഞ്ഞ കൊപ്രയും പച്ചതേങ്ങയും നടപ്പ് സീസണിലും ഉണർവ് നിലനിർത്തുമെന്ന വിശ്വാസത്തിലാണ് കർഷകർ. സംസ്ഥാനത്ത് ചെറിയതോതിൽ വിളവെടുപ്പ് തുടക്കം കുറിച്ചു, ജനുവരി രണ്ടാം പകുതിൽ വിളവെടുപ്പ് ഊർജിതമാകും. പുതിയ ചരക്ക് വരവിനിടയിൽ പച്ചതേങ്ങ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് കേരത്തിലെയും തമിഴ്നാട്ടിലയും വ്യവസായികൾ. നമ്മുടെ വിലയെ അപേക്ഷിച്ച് ക്വിൻറ്റലിന് 150 രൂപ ഉയർന്നാണ് തമിഴ്നാട്ടിൽ കൊപ്ര വ്യാപാരം നടക്കുന്നത്.

Tags:    

Similar News