നാളികേരോൽപ്പന്ന വിപണി ഉണർവിൽ; വില ഇടിഞ്ഞ്‌ കുരുമുളക്

Update: 2025-01-15 12:54 GMT

ഏഷ്യൻ റബർ അവധി വ്യാപാര രംഗത്ത് ശക്തമായ കുതിച്ചു ചാട്ടം. ലൂണാർ ന്യൂ ഇയർ ആഘോഷങ്ങളിലേയ്ക്ക് തിരിയും മുന്നേ തിരക്കിട്ട് പുതിയ കരാറുകൾക്ക് ചൈനീസ് ടയർ വ്യവസായികൾ തായ്ലാണ്ടിൽ ഇറങ്ങിയത് ബാങ്കോക്കിൽ ഷീറ്റ് വില 20,959 രൂപയിൽ നിന്നും 21,692 ലേയ്ക്ക് ഉയർത്തി. ഇതിനിടയിൽ ജാപ്പാനിൽ റബർ അവധി വ്യാപാരത്തിൽ ശക്തമായ നിഷേപക താൽപര്യം അനുഭവപ്പെട്ടതോടെ ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരം വിപണി ദർശിച്ചു. ജപ്പാൻ ഒസാക്കയിലെ റബർ വില 5.8 യെൻ ഉയർന്ന് കിലോ 382 യെൻ വരെ കയറി. പ്രതികൂല കാലാവസ്ഥയിൽ പല രാജ്യങ്ങളിലും റബർ ഉൽപാദനം കുറഞ്ഞ വിവരം കുതിപ്പിന് വേഗത പകർന്നു. കേരളത്തിൽ നാലാം ഗ്രേഡ് കിലോ 192 രൂപയിൽ സ്റ്റെഡിയാണ്.

ഇന്തോനേഷ്യ കുരുമുളക് വില വീണ്ടും ഉയർത്തി, ചൈന ലൂണാർ പുതുവത്സര ആവശ്യങ്ങൾക്കുള്ള തിരക്കിട്ട വാങ്ങലുകൾ ഉത്സാഹിച്ചു. രണ്ടാഴ്ച്ചയോളം നീളുന്ന ന്യൂ ഇയർ ആഘോഷ വേളയിൽ സുഗന്ധ വ്യഞ്ജനങ്ങൾക്ക് ചൈനയിൽ ആവശ്യം വർദ്ധിക്കുമെന്നത് കുരുമുളകിന് ഡിമാൻറ് ഉയർത്തി. ദക്ഷിണേന്ത്യയിൽ നാടൻ കുരുമുളക് ക്ഷാമം തുടരുന്നതിനിടയിൽ രണ്ടാം ദിവസം കൊച്ചിയിൽ കുരുമുളക് വില കുറഞ്ഞ് 64,500 രൂപയായി.

നാളികേരോൽപ്പന്നങ്ങൾ ശക്തമായ നിലയിൽ, ദക്ഷിണേന്ത്യയിൽ പച്ചതേങ്ങയ്ക്ക് ആവശ്യം വർദ്ധിച്ചതിനൊപ്പം ലഭ്യത ഉയരുന്നില്ലെന്ന് തമിഴ്നാട്ടിലെ മില്ലുകാർ. സംസ്ഥാനത്ത് നാളികേര വിളവെടുപ്പിന് കർഷകർ ഉത്സാഹിച്ചു. കൊച്ചിയിൽ കൊപ്ര ക്വിൻറ്റലിന് 15,100 രൂപയിലും വെളിച്ചെണ്ണ 22,500 രൂപയിലാണ്.

ഉയർന്ന പകൽ ചൂട് മൂലം ഫെബ്രുവരിയിൽ ഏലക്ക ഉൽപാദനം സ്തംഭിക്കാൻ സാധ്യതയെന്ന് കാർഷികമേഖല. പ്രതിസന്ധി മറികടക്കാൻ ഹൈറേഞ്ചിലെ ചില ഭാഗങ്ങളിൽ ഉൽപാദകർ ജലസേചന മാർഗ്ഗങ്ങൾ തേടി. ഗ്വാട്ടിമലയിലും ഉൽപാദനം ചുരുങ്ങിയതിനാൽ യുറോപ്യൻ രാജ്യങ്ങൾ ഇന്ത്യൻ ഏലത്തിലേയ്ക്ക് ശ്രദ്ധതിരിച്ചാൽ വില ഇനിയും മുന്നേറാം.

Tags:    

Similar News