തമിഴ്നാട്ടിൽ കൊപ്ര വില വീണ്ടും ഉയർന്നു. നാളികേരോൽപ്പന്നങ്ങൾക്ക് നേരിട്ട രൂക്ഷമായ ക്ഷാമം കൊപ്രയാട്ട് വ്യവസായ രംഗത്ത് സ്തംഭനാവസ്ഥ ഉളവാക്കുന്നു. വൻകിട‐ചെറുകിട മില്ലുകാർ ഉയർന്ന വിലയ്ക്ക് സ്റ്റോക്കുള്ള എണ്ണ വിറ്റു മാറാനുള്ള ശ്രമത്തിലാണ്. പച്ചതേങ്ങ കൊപ്ര ലഭ്യത അവിടെ കുറഞ്ഞതിനാൽ കേരളത്തിലെ മില്ലുകാരും കരുതലോടെയാണ് നീക്കങ്ങൾ നടത്തുന്നത്. കൊച്ചിയിൽ കൊപ്രവില 15,300 രൂപയിലും വെളിച്ചെണ്ണ 22,700 രൂപയിലും വിപണനം നടന്നു, പാംഓയിൽ ഇറക്കുമതിചുരുങ്ങിയത് പ്രദേശിക വിപണികളിൽ വെളിച്ചെണ്ണയ്ക്ക് ഡിമാൻറ് ഉയർത്തി.
വിയെറ്റ്നാമിൽ കുരുമുളക് വില സ്റ്റെഡിയായി നീങ്ങിയത് ഇന്ത്യൻ വിപണിക്കും താങ്ങായി. കഴിഞ്ഞ ദിവസങ്ങളിൽ അന്തർ സംസ്ഥാന വാങ്ങലുകാർ ആഭ്യന്തര നിരക്ക് ഇടിക്കാൻ ശ്രമം നടത്തിയിരുന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ ഇതര ഉൽപാദന രാജ്യങ്ങളും കുരുമുളക് വിലയിൽ ഇന്ന് കാര്യമായ മാറ്റം വരുത്തിയില്ല. അൺ ഗാർബിൾഡ് 63,900 രൂപയിൽ വ്യാപാരം നടന്നു. കൊച്ചിയിൽ 20 ടൺ മുളക് വിൽപ്പനയ്ക്ക് വന്നു.
ജപ്പാൻ, സിംഗപ്പൂർ റബർ അവധി വ്യാപാര രംഗത്തെ തളർച്ച കണ്ട് മുഖ്യകയറ്റുമതി വിപണിയായ ബാങ്കോക്കിൽ ഷീറ്റ് വില 21,638 രൂപയിൽ നിന്നും 21,264 രൂപയായിതാഴ്ന്നു. ഇതിൻറ ചുവട് പിടിച്ച് ഏഷ്യയിലെ ഇതര വിപണികളിൽ റബറിന് തളർച്ച നേരിട്ടു.സംസ്ഥാനത്ത് നാലാംഗ്രേഡ് ഷീറ്റ് വില 19,000 രൂപയിൽ നിന്നും 18,900 രൂപയായി.
ഏലം ലേലത്തിൽ ഉൽപ്പന്ന വില താഴ്ന്നു. വാരാന്ത്യം 4000 രൂപയിലേയ്ക്ക് ഉയർന്ന മികച്ചയിനങ്ങളുടെ വില ഇന്ന് 3346 രൂപയായി ഇടിഞ്ഞു.തേക്കടിയിൽ നടന്ന ലേലത്തിൽ ശരാശരി 2998 രൂപയിൽ കൈമാറി. മൊത്തം 73,179 കിലോ ഏലക്ക വന്നതിൽ 71,372 കിലോയും വിൽപ്പന നടന്നു. സംസ്ഥാനത്തിൻറ പല ഭാഗങ്ങളിലും നേരിയ മഴ ലഭ്യമായത് പകൽ താപനിലയിൽ നേരിയ കുറവിന് ഇടയാക്കിയെങ്കിലും തുടർ മഴക്കുള്ള സാധ്യതകൾക്ക് മങ്ങലേറ്റു.