കുതിച്ച് ചാടി കുരുമുളക് വില, റബർ ക്വിൻറ്റലിന് 100 രൂപ കുറഞ്ഞു
- വെളിച്ചെണ്ണ വില സ്റ്റെഡി നിലവാരത്തിൽ നീങ്ങി
കുമളിയിൽ രാവിലെ നടന്ന ഏലക്ക ലേലത്തിൽ ചരക്ക് സംഭരിക്കാൻ കയറ്റുമതി സമൂഹവും ആഭ്യന്തര വ്യാപാരികളും ഉത്സാഹിച്ചു. ശരാശരി ഇനങ്ങൾ കിലോ 3169 രൂപയിലും മികച്ചയിനങ്ങൾ 3366 രൂപയിലും കൈമാറി. മൊത്തം 71,481 കിലോഗ്രാം ഏലക്ക വന്നതിൽ 71,348 കിലോയും വിറ്റഴിഞ്ഞു. പകൽ താപനില ഉയരുന്നത് കണക്കിലെടുത്താൽ അടുത്ത മാസതോടെ ഹൈറേഞ്ചിലെ പല ഭാഗങ്ങളിലും ഏലക്ക വിളവെടുപ്പ് സ്തംഭിക്കാൻ ഇടയുണ്ട്.
മുഖ്യവിപണികളിൽ വെളിച്ചെണ്ണ വില സ്റ്റെഡി നിലവാരത്തിൽ നീങ്ങി.പ്രദേശിക തലത്തിൽ വെളിച്ചെണ്ണ വിൽപ്പന മില്ലുകാരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നില്ല. കൊച്ചിയിൽ വെളിച്ചെണ്ണ 22,100 രൂപയിലും കൊപ്ര 14,700 രൂപയിലുമാണ്. തമിഴ്നാട്ടിലെ മില്ലുകാർ എണ്ണവില ഉയർത്തി, എന്നാൽ കൊപ്രവില ഉയർത്തി ശേഖരിക്കാൻ അവർ താൽപര്യം കാണിക്കാഞ്ഞ് സമ്മർദ്ദമുളവാക്കുന്നു.
രാജ്യാന്തര റബർ മാർക്കറ്റിൽ ഷീറ്റ് വില ഇടിഞ്ഞത് അവസരമാക്കി ടയർ നിർമ്മാതാക്കൾ ആഭ്യന്തര റബർ വില ക്വിൻറ്റലിന് 100 രൂപ കുറച്ചു.വ്യവസായികൾ ഷീറ്റിനായി കൊച്ചി, കോട്ടയം വിപണികളിൽ നിലയുറപ്പിട്ടുണ്ട്. ഉയർന്ന പകൽ ചൂട് മൂലം പലഭാഗങ്ങളിലും മരങ്ങളിൽ നിന്നുള്ള പാൽ ലഭ്യത ചുരുങ്ങിയതായി റിപ്പോർട്ടുണ്ട്. കാലാവസ്ഥ മാറ്റം കണക്കിലെടുത്താൽ ഫെബ്രുവരിയിൽ ഉൽപാദകർ റബർ ടാപ്പിങിൽ നിന്നും പൂർണ്ണമായി പിൻതിരിയാം. നാലാംഗ്രേഡ് ഷീറ്റ് വില 18,700 രൂപ. ഒട്ടുപാൽ 12,900 രൂപയിലും ലാറ്റക്സ് 12,200 രൂപയിലും വ്യാപാരം നടന്നു.
അന്താരാഷട്ര സുഗന്ധവ്യഞ്ജന വിപണിയിൽ യുഎസ് ‐യൂറോപ്യൻ ബയ്യർമാർ തിരിച്ചെത്തി. ക്രിസ്തുമസ് വേളയിൽ രംഗത്ത് നിന്നും അകന്ന അവരുടെ തിരിച്ചു വരവ് വ്യാപാര രംഗത്ത് പുത്തൻ ഉണർവ് സമ്മാനിക്കും. പല രാജ്യങ്ങളിലും മുളക് സ്റ്റോക്ക് ചുരുങ്ങിയത് വിലക്കയറ്റ സാധ്യതകൾ അവസരം ഒരുക്കും. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 200 രൂപവർദ്ധിച്ച് 64,100 രൂപയായി.