ജാതിക്ക് ഇത് നല്ലകാലം! വില ഉയർത്തി കറി മസാല കമ്പനികൾ, ഹൈറേഞ്ചിൽ വില ഇങ്ങനെ

Update: 2025-01-14 13:04 GMT

നാളികേരോൽപ്പന്ന വിപണിയിൽ വിലക്കയറ്റം. മകര സംക്രാന്തി പ്രമാണിച്ച് തമിഴ്നാട് വിപണി ഇന്ന് പ്രവർത്തിച്ചില്ല. അയൽ സംസ്ഥാനത്ത് നിന്നുള്ള എണ്ണ വരവ് ചുരുങ്ങിയതിനിടയിൽ കേരളത്തിൽ കൊപ്ര 100 രൂപ വർദ്ധിച്ച് 15,100 രൂപയായി. കൊച്ചിയിൽ വെളിച്ചെണ്ണ ക്വിൻറ്റലിന് 22,500 രൂപയായി ഉയർന്നു. കൊപ്രയാട്ട് മില്ലുകാർ ഉയർന്ന വിലയ്ക്ക് സ്റ്റോക്ക് എണ്ണ വിറ്റു മാറുകയാണ്. സംസ്ഥാനത്തിൻറ പലഭാഗങ്ങളിലും നാളികേര വിളവെടുപ്പിന് പ്രാരംഭം കുറിച്ചതിനാൽ ഗ്രാമീണ മേഖലകളിൽ നിന്നുള്ള പച്ചതേങ്ങ നീക്കം ശക്തിയാർജിക്കുമെന്നാണ് മില്ലുകാരുടെ വിലയിരുത്തൽ.

കയറ്റുമതിക്കാരും ആഭ്യന്തര വ്യവസായികളും ജാതിക്ക വിപണിയിൽ താൽപര്യം കാണിച്ചു. വില ഉയർത്തി ചരക്ക് സംഭരിക്കാൻ ഉത്തരേന്ത്യൻ കറി മസാല വ്യവസായികളും ഔഷധ നിർമ്മാതാക്കളും ജാതിക്ക ശേഖരിക്കാൻ രംഗത്ത് ഇറങ്ങി. മുഖ്യ വിപണികളിൽ ജാതിക്ക വരവ് ശക്തമല്ല. ഹൈറേഞ്ചിൽ ജാതിക്ക കിലോ 350 - 370 രൂപയിൽ വിപണനം നടന്നു. കാലടിയിൽ ജാതിക്ക തൊണ്ടൻ കിലോ 280 -320 രൂപയിൽ ജാതി പരിപ്പ് 650 - 675 രൂപയിൽ വ്യാപാരം നടന്നു.

രാജ്യാന്തര തലത്തിൽ ഇന്തോനേഷ്യ കുരുമുളക് വില ഉയർത്തി.വിയെറ്റനാമിലെ ചരക്ക് ക്ഷാമത്തെ തുടർന്നു ചൈനീസ് വ്യവസായികൾ ഇന്തോനേഷ്യയിലേയ്ക്ക് തിരിഞ്ഞതാണ് അവിടെ മുളക് വിപണി ചൂടുപിടിക്കാൻ ഇടയാക്കിയത്. ഇന്തോനേഷ്യയിൽ വിളവെടുപ്പ് ജൂലൈയിലാണ്, പ്രതികൂല കാലാവസ്ഥയിൽ ഉൽപാദനം കുറഞ്ഞതിനാൽ കർഷകരുടെയും കരുതൽ ശേഖരം ചുരുങ്ങിയതായാണ് സൂചന. ചൈനീസ് ഡിമാൻറ് മങ്ങിയത് വിയെറ്റ്നാം മുളക് വില കുറയാൻ ഇടയാക്കി. 2016 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിലേയ്ക്ക് ഉൽപ്പന്ന വില കഴിഞ്ഞവാരം ഉയർന്നിരുന്നു. വിയെറ്റ്നാമിലെ തളർച്ചയുടെ ചുവട് പിടിച്ച് കൊച്ചിയിൽ കുരുമുളക് വില ക്രിസ്തുസിന് ശേഷം ആദ്യമായി ഇന്ന് 100 രൂപ കുറഞ്ഞ് ഗാർബിൾഡ് കുരുമുളക് 66,600 രൂപയായി.

ജപ്പാൻ, ചൈന, സിംഗപ്പുർ വിപണികളിലേയ്ക്ക് നിക്ഷേപകരുടെ ശ്രദ്ധതിരിഞ്ഞത് റബറിന് അനുകൂലമായി. ബാങ്കോക്കിൽ റബർ വില ക്വിൻറ്റലിന് 242 രൂപ ഉയർന്ന് 20,959 രൂപയായി. ചക്രവാത ചുഴിയെ തുടർന്ന് സംസഥാനത്ത് ചെറിയ തോതിൽ മഴ ലഭ്യമായത് റബർ മേഖലയ്ക്ക് ആശ്വാസം പകരും. ഉയർന്ന പകൽ താപനില മൂലം പല ഭാഗങ്ങളിലും മരങ്ങളിൽ നിന്നുള്ള പാൽ ലഭ്യത ചുരുങ്ങുന്നത് ഉൽപാദകരെ ആശങ്കയിലാക്കിയിരുന്നു. ആർഎസ് എസ് നാലാം ഗ്രേഡ് റബർ 19,200 രൂപയിലും അഞ്ചാം ഗ്രേഡ് 18,800 രൂപയിലുമാണ്.

Tags:    

Similar News