നാളികേരം വിളവെടുപ്പിലേയ്ക്ക്; ജാതിക്ക തേടി വിപണി

  • കയറ്റുമതി മേഖല ഏറ്റവും മികച്ചതും ഉണക്ക് കൂടിയതുമായ ജാതിക്ക ഉല്‍പ്പന്നങ്ങളാണ് ശേഖരിക്കുന്നത്

Update: 2023-11-10 12:00 GMT

സംസ്ഥാനത്ത് കാലാവസ്ഥ അല്‍പ്പം തെളിഞ്ഞത് കണ്ട് കാര്‍ഷിക മേഖല നാളികേര വിളവെടുപ്പിലേയ്ക്ക് ശ്രദ്ധതിരിച്ചു. കൊപ്ര കിലോ 91 രൂപയില്‍ നീങ്ങുന്നത് തന്നെയാണ് ഉല്‍പാദകരെ വിളവെടുപ്പിലേയ്ക്ക് ആകര്‍ഷിക്കുന്നത്. ഡിസംബര്‍ ആദ്യ പകുതി വരെ കാത്തിരിക്കുന്നതിലും അഭികാമ്യം നിലവിലെ ഉയര്‍ന്ന വില ഉറപ്പ് വരുത്തുകയെന്ന കണക്കുകൂട്ടലിലാണ് കര്‍ഷകര്‍. ദീപാവലി വേളയായതിനാല്‍ എണ്ണയ്ക്ക് ആവശ്യക്കാരുണ്ട്. അതേ സമയം വെളിച്ചെണ്ണ വില്‍പ്പനയ്ക്ക് മില്ലുകാര്‍ ഉത്സാഹിക്കുന്നുണ്ടെങ്കിലും കാര്യമായി കൊപ്ര സംഭരിക്കാന്‍ അവര്‍ താല്‍പര്യം കാണിക്കുന്നില്ല. ജനുവരിയോടെ പുതിയ സീസണിന് തുടക്കം കുറിക്കുന്നതിനാല്‍ ലഭ്യത വീണ്ടും വര്‍ധിക്കും, ഈ അവസരത്തില്‍ നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ ചാഞ്ചാട്ടത്തിന് സാധ്യത.

ജാതിക്ക അന്വേഷണത്തില്‍ അറബ് രാജ്യങ്ങള്‍

ഔഷധ നിര്‍മ്മാതാക്കളും കറിമസാല വ്യവസായികളും ജാതിക്കയില്‍ താല്‍പര്യം കാണിച്ചു. ഉല്‍പാദന മേഖല മെച്ചപ്പെട്ട വില പ്രതീക്ഷിച്ചെങ്കിലും ഒരു വിഭാഗം ഇടപാടുകാര്‍ വിപണി വില പരമാവധി ഇടിച്ച് കര്‍ഷകരില്‍ നിന്നും ചരക്ക് സംഭരിക്കാനുള്ള നീക്കം തുടരുകയാണ്. ഇതിനിടയില്‍ മികച്ചയിനം ജാതിക്ക, ജാതിപത്രി, ജാതിക്ക ഫ്‌ളവര്‍ തുടങ്ങിയവയ്ക്ക് അറബ് രാജ്യങ്ങളില്‍ നിന്നും അന്വേഷണങ്ങളെത്തി. ക്രിസ്മസ്, ന്യൂ ഇയര്‍ വേളയില്‍ ഇറക്കുമതിക്ക് ദുബായ് അടക്കമുള്ള ഭാഗങ്ങളിലെ ഹോട്ടലുകള്‍ പലതും മുന്‍കൂര്‍ ബുക്കിങ് പുരോഗമിക്കുന്നതിനാല്‍ വിദേശ ടൂറിസ്റ്റ് പ്രവാഹമാണ് അറബ് രാജ്യങ്ങള്‍ മുന്നില്‍ കാണുന്നത്. കയറ്റുമതി മേഖല ഏറ്റവും മികച്ചതും ഉണക്ക് കൂടിയതുമായ ജാതിക്ക ഉല്‍പ്പന്നങ്ങളാണ് ശേഖരിക്കുന്നത്. ജാതിക്ക തൊണ്ടന്‍ 260, ജാതിപരിപ്പ് 450, ജാതിപത്രി 1300, ഫ്ളവര്‍ 1700 എന്ന നിരക്കിലും വിപണനം നടന്നു.

ഏലം സീസണ്‍ പുരോഗമിക്കുന്നു

മുക്കാല്‍ ലക്ഷം കിലോ ഏലക്കയാണ് ഇന്ന് ലേലത്തില്‍ ഇറങ്ങിയത്. സീസണ്‍ പുരോഗമിച്ചതോടെ ലേല കേന്ദ്രങ്ങളിലേയ്ക്കുള്ള ചരക്ക് പ്രവാഹംഉയരുകയാണ്. ഒക്ടോബര്‍ ആദ്യ പത്ത് ദിവസങ്ങളെ അപേഷിച്ച് നവംബറില്‍ ലേലത്തിലെ ചരക്ക് വരവ് ഗണ്യമായി വര്‍ദ്ധിച്ചു. കഴിഞ്ഞ സീണിനെക്കാള്‍ ഉല്‍പാദനം കുറവാണ്, കാലവര്‍ഷം ഇക്കുറി ദുര്‍ബലമായിരുന്നതിനാല്‍ ഒട്ടുമിക്ക കര്‍ഷകരും ജലസേചനത്തിന് മറ്റ് മാര്‍ഗ്ഗങ്ങള്‍ കണ്ടത്തി തോട്ടങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തിയതിന്റെ നേട്ടമാണ് ഉല്‍പാദനത്തില്‍ ഇപ്പോള്‍ തെളിയുന്ന ഉണര്‍വ്. കാര്‍ഷിക ചിലവുകള്‍ ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ പുതിയ ചരക്ക് തിരക്കിട്ട വില്‍പ്പനയ്ക്ക് ഇറക്കാനും കര്‍ഷകര്‍ നിര്‍ബന്ധിതരാവുന്നു. മികച്ചയിനങ്ങള്‍ കിലോ 2200 രൂപയിലും ശരാശരി ഇനങ്ങള്‍ 1591 രൂപയിലും കൈമാറി.


Full View


Tags:    

Similar News