ഡിമാൻഡ് കൂടി, കുതിച്ചുയർന്ന് കൊക്കോ വില

Update: 2024-12-05 12:52 GMT

ടയർ കമ്പനികൾ റബർ വില ഇടിച്ചു. കനത്ത മഴയിൽ കഴിഞ്ഞ ദിവസങ്ങളിൽ സ്തംഭിച്ച റബർ ടാപ്പിങ് പുനരാരംഭിച്ച തുടങ്ങിയ ഘട്ടത്തിൽ തന്നെ ടയർ ലോബിഗ്രേഡ് ഷീറ്റ് വില ക്വിൻറ്റലിന് 300 രൂപകുറച്ച് 19,500 രൂപയാക്കി. ഒട്ടുപാൽ, ലാറ്റക്സ് വിലകളിൽ മാറ്റമില്ല. കാലാവസ്ഥ മാറ്റം കണ്ട് ചരക്ക് വിറ്റുമാറാൻ തെക്കൻ ജില്ലകളിലെ ഉൽപാദകരും സ്റ്റോക്കിസ്റ്റുകളും രംഗത്ത് ഇറങ്ങിയതും സമ്മർദ്ദത്തിന് ഇടയാക്കി. ഏഷ്യൻ മാർക്കറ്റുകളിൽ ഷീറ്റ് വില സ്റ്റെഡി. പ്രദേശിക അവധിമൂലം കയറ്റുമതി വിപണിയായ ബാങ്കോക്ക് ഇന്ന് പ്രവർത്തിച്ചില്ല.

ഏലക്ക ലേലത്തിന് എത്തിയചരക്ക് കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും ചേർന്ന് പൂർണ്ണമായി വാങ്ങികൂട്ടി. ശക്തമായ വാങ്ങൽ താൽപര്യം ഇടപാടുകളുടെ തുടക്കം മുതൽ തന്നെ ദൃശ്യമായി. ലേലത്തിന് എത്തിയ 12,616 കിലോഗ്രാം ഏലക്കയും വാങ്ങലുകാർ സംഭരിച്ചതോടെ ശരാശരി ഇനങ്ങൾ കിലോ 3032 രൂപയായും മികച്ചയിനങ്ങൾ 3350 രൂപയായും കയറി.

കൊക്കോ അടുത്ത സീസണിലെ ആദ്യവിളവ് ചുരുങ്ങുമെന്ന വിവരം വിലക്കയറ്റത്തിന് വഴിതെളിച്ചു. വാരാരംഭത്തിലെ ശക്തമായ മഴയിൽ ഇടുക്കിയിലെയും മറ്റ് പല ഭാഗങ്ങളിലെയും കൊക്കോ തോട്ടങ്ങളിൽ പുക്കൾ അടർന്ന് വീണത് ഉൽപാദകരുടെ കർഷകരുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു. ഫെബ്രുവരി‐മാർച്ചിലെ വിളവെടുപ്പിൽ ലഭ്യത കുറയുമെന്ന് മനസിലാക്കി ചോക്ലേറ്റ് നിർമ്മാതാക്കൾ വില ഉയർത്തി കൊക്കോ വാങ്ങാൻ മത്സരിച്ചതോടെ ഹൈറേഞ്ചിൽ കിലോ 700-710 രൂപയായി ഉയർന്നു, മദ്ധ്യ കേരളത്തിൽ കിലോ 695 രൂപയിലാണ്. സംസ്ഥാനത്ത് മാത്രമല്ല, കർണാടകത്തിലെ ചില ഭാഗങ്ങളിലും മഴമൂലം അടുത്ത സീസണിൽ ഉൽപാദനത്തിൽ കുറവ് സംഭവിക്കുമെന്നാണ് സൂചന.

ഉത്തരേന്ത്യൻ വ്യാപാരികൾ കുരുമുളക് വാങ്ങാൻ ഉത്സാഹിച്ചതോടെ ഉൽപ്പന്ന വില വീണ്ടും വർദ്ധിച്ചു. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളകിന് 200 രൂപഉയർന്ന് 66,000 രൂപയായി.

Tags:    

Similar News