മാര്‍ച്ചില്‍ പാംഓയില്‍ ഇറക്കുമതിയില്‍ 28% ഉയര്‍ച്ച

  • സോയ് ഓയില്‍, സണ്‍ ഓയില്‍ ഇറക്കുമതിയില്‍ ഇടിവ്
  • എപ്രിലില്‍ റിഫൈനറികള്‍ സണ്‍ ഓയിലിലേക്ക് തിരിയുന്നു

Update: 2023-04-05 11:48 GMT

മാര്‍ച്ചില്‍ ഇന്ത്യയുടെ പാംഓയില്‍ ഇറക്കുമതിയില്‍ കുതിച്ചുചാട്ടം. ഫെബ്രുവരിയില്‍ എട്ടു മാസത്തെ താഴ്ന്ന നിലയിലേക്കെത്തിയ ഇറക്കുമതി മാര്‍ച്ചില്‍ 28 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് പ്രകടമാക്കിയത്. 586,007 ടണ്‍ ഇറക്കുമതി ഫെബ്രുവരിയില്‍ നടന്നപ്പോള്‍ മാര്‍ച്ചിലത് 750,000 ടണ്ണിലേക്കെത്തി. പാംഓയിലിന് പ്രഖ്യാപിക്കപ്പെട്ട ഡിസ്‌കൗണ്ടുകളുടെ ഫലമായി സണ്‍ ഓയിലും സോയ് ഓയിലും വാങ്ങുന്നത് വെട്ടിക്കുറച്ച് റിഫൈനറികള്‍ പാംഓയിലിലേക്ക് നീങ്ങുകയായിരുന്നു.

സോയ് ഓയിലിനെയും സണ്‍ ഓയിലിനെയും അപേക്ഷിച്ച് $150 ഡിസ്‌കൗണ്ടിലാണ് കഴിഞ്ഞ മാസം പാംഓയിലിന്‍റെ വ്യാപാരം നടന്നത്. ഇതിന്‍റെ ഫലമായി സോയ് ഓയില്‍ ഇറക്കുമതിയില്‍ 27 ശതമാനത്തിന്‍റെയും സണ്‍ ഓയില്‍ ഇറക്കുമതിയില്‍ 4 ശതമാനത്തിന്‍റെയും ഇടിവ് മാര്‍ച്ചില്‍ പ്രകടമായി. അര്‍ജന്‍റീനയിലെ വരള്‍ച്ച മൂലം വിലയിലുണ്ടായ വര്‍ധനയും സോയ് ഓയിലിന്‍റെ ഇറക്കുമതിയെ ബാധിച്ചു.

ഇന്ത്യ പ്രധാനമായും പാംഓയില്‍ ഇറക്കുമതി ചെയ്യുന്നത് ഇന്തോനേഷ്യ മലേഷ്യ തായ്‍ലന്‍റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്. ഇന്ത്യയുടെ ഇറക്കുമതി വര്‍ധിച്ചത് സംഭരണം കുറയ്ക്കാനും പാംഓയില്‍ വില പിടിച്ചുനിര്‍ത്താനും മലേഷ്യയെ സഹായിക്കും. അര്‍ജന്‍റീന, ബ്രസീല്‍, റഷ്യ, ഉക്രൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് സോയ ഓയിലും സണ്‍ ഓയിലും പ്രധാനമായി ഇറക്കുമതി ചെയ്യുന്നത്.

ഡിസ്‌കൗണ്ടിലെ വ്യത്യാസം 70 ഡോളറിനു താഴേക്ക് എത്തിയതിന്‍റെ ഫലമായി എപ്രിലിലും മേയിലും റിഫൈനറികള്‍ സണ്‍ ഓയിലിലേക്ക് തിരിയുമെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.

Tags:    

Similar News