മലബാറില്‍ കല്ലുമ്മക്കായ ഉല്‍പാദനത്തില്‍ വന്‍ കുതിപ്പ്
- മുന്നില്‍ കാസര്‍കോട് ജില്ലയിലെ പടന്ന
- മേഖലയില്‍ കല്ലുമ്മക്കായ കൃഷിയില്‍ 160 ശതമാനത്തിന്റെ വർദ്ധനവ്
- മത്സ്യമേഖലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കണം.
കഴിഞ്ഞ വര്‍ഷം മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളടങ്ങിയ മലബാര്‍ മേഖലയില്‍ കല്ലുമ്മക്കായയുടെ ഉല്‍പാദനത്തില്‍ ഒന്നരമടങ്ങിലധികം വര്‍ധനവുണ്ടായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ). മേഖലയില്‍ കല്ലുമ്മക്കായ കൃഷിയില്‍ 160 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. കാസര്‍കോട് ജില്ലയിലെ പടന്നയിലാണ് ഏറ്റവും കൂടുതല്‍ ഉല്‍പാദനം. കടലില്‍ നിന്നുള്ള ലഭ്യതയിലെ വര്‍ധന 15 ശതമാനമാണ്.
എന്നാല്‍ വിലയിടിവ് സംഭവിച്ചതോടെ ഉല്‍പാദനവര്‍ധനവിനനുസരിച്ചുള്ള വരുമാനനേട്ടം കല്ലുമ്മക്കായ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ലഭിച്ചില്ല. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഉല്‍പാദനം കൂടുന്നതിനനുസരിച്ച് കല്ലുമ്മക്കായയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ വേണമെന്ന് സി.എം.എഫ്.ആര്‍.ഐയിലെ ശാസ്ത്രജ്ഞര്‍ നിര്‍ദേശിക്കുന്നു.
കടല്‍ മത്സ്യലഭ്യതയിലും 38 ശതമാനം വര്‍ധന
മേഖലയില്‍ നിന്നുള്ള കടല്‍മത്സ്യലഭ്യതയിലും കഴിഞ്ഞ വര്‍ഷം വര്‍ധനവുണ്ടായി. 1.99 ലക്ഷം ടണ്‍ മത്സ്യമാണ് മലബാറിലെ തീരങ്ങളില്‍ നിന്നും കഴിഞ്ഞ വര്‍ഷം പിടിച്ചത്. 38 ശതമാനമാണ് വര്‍ധന. കേരളത്തിന്റെ സമുദ്രമത്സ്യോല്‍പാദനത്തില്‍ 29 ശതമാനം പിടിച്ചത് മലബാര്‍ ജില്ലകളില്‍ നിന്നാണ്.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എം.എഫ്.ആര്‍.ഐയുടെ കോഴിക്കോട് പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ ചേര്‍ന്ന മത്സ്യത്തൊഴിലാളികളുടെയും ബോട്ടുടമകളുടെയും അനുബന്ധമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെയും ശില്‍പശാലയിലാണ് ശാസ്ത്രജ്ഞര്‍ കണക്കുകള്‍ അവതരിപ്പിച്ചത്. ചെറുമീന്‍പിടുത്തം കര്‍ശനമായി നിയന്ത്രിച്ചാല്‍ മത്സ്യമേഖലക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാമെന്ന് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ടി.എം നജ്മുദ്ദീന്‍ പറഞ്ഞു.
അഴിമുഖങ്ങളിലെ മണ്‍തിട്ടകള്‍
കായലുകളിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ തീരദേശ മത്സ്യോല്‍പാദനത്തെ സാരമായി ബാധിക്കുന്നുണ്ട്. അഴിമുഖങ്ങളില്‍ മണല്‍തിട്ടകള്‍ രൂപപ്പെടുന്നത് സ്വാഭാവിക ഒഴുക്കും പാരിസ്ഥിതിക സന്തുലനാവസ്ഥയും തടസപ്പെടുത്തുന്നു. മത്സ്യസമ്പത്തിനെ ഇത് ബാധിക്കും. കായല്‍സംരക്ഷണവും കണ്ടല്‍വനങ്ങളുടെ സംരക്ഷണവും തീരദേശ മത്സ്യോല്‍പാദനത്തിന് അനിവാര്യമാണെന്നും സി.എം.എഫ്.ആര്‍.ഐ കോഴിക്കോട് ഗവേഷണ കേന്ദ്രം മേധാവി ഡോ. കെ. വിനോദ് പറഞ്ഞു.
ചെമ്മീന് വില കുറയുന്നത് ആശങ്കാജനകം
കയറ്റുമതി ചെയ്യുന്ന ചെമ്മീന്‍ ഇനങ്ങള്‍ക്ക് വിലകുറയുന്നത് ആശങ്കാജനകരമാണെന്ന് മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നിനുള്ള ശ്രമങ്ങളുണ്ടാകണം. നയരൂപീകരണങ്ങളില്‍ മലബാറിനെ അവഗണിക്കരുത്. മത്സ്യമേഖലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കണം. ചെറുമീന്‍പിടുത്ത നിയന്ത്രണം വിജയകരമാക്കാന്‍ വിതരണവില്‍പന ഉപഭോഗരംഗത്തും നിയമം പ്രാബല്യത്തില്‍ വരുത്തണം എന്നീ നിര്‍ദേശങ്ങള്‍ അവര്‍ മുന്നോട്ടുവെച്ചു.