ചുക്കിന് ഡിമാന്‍ഡ് ഉയരുന്നു; വിഷു വിപണി പ്രതീക്ഷിച്ച് ഏലം
- ഏലത്തിന് ആവശ്യം ശക്തമെങ്കിലും അതിന് അനുസൃതമായി വില മുന്നേറിയില്ല
- നാലാഴ്ച്ചത്തെ ഇടവേളയ്ക്ക് ശേഷം കുരുമുളക് വിലയില്‍ വീണ്ടും ഇടിവ്
ഇന്ത്യന്‍ ചുക്കിന് മദ്ധ്യപൂര്‍വേഷ്യയില്‍ നിന്നും കൂടുതല്‍ അന്വേഷണങ്ങള്‍. ഏഷ്യന്‍ രാജ്യങ്ങളില്‍ പച്ച ഇഞ്ചിക്ക് ഡിമാന്റ് ഉയരുന്ന വിവരം പുറത്തുവന്നതാണ് ഇറക്കുമതി രാജ്യങ്ങളെ തിരക്കിട്ട് ചുക്ക് സംഭരിക്കാന്‍ പ്രേരിപ്പിച്ചത്. ചുക്ക് വിപണി ചൂടുപിടിക്കുമെന്ന വിലയിരുത്തലുകള്‍ മൂലം വിദേശ ഓര്‍ഡറുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കയറ്റുമതി മേഖലയും തയ്യാറാവുന്നില്ല.
കൊച്ചി തുറമുഖത്തെ അപേക്ഷിച്ച് മുംബൈ പോര്‍ട്ടിനെയാണ് പലരും കയറ്റുമതിക്ക് കൂടുതലായി ആശ്രയിക്കുന്നതും. കുറഞ്ഞ കൂലി ചിലവും മഹാരാഷ്ട്രയില്‍ ചുക്കിന്റെ ഉയര്‍ന്ന ലഭ്യതയും എക്സ്പോര്‍ട്ടര്‍മാരെ ആകര്‍ഷിച്ചു. സംസ്ഥാനത്ത് മികച്ചയിനം ചുക്ക് ക്വിന്റലിന് 27,500 രൂപയ്ക്കാണ് വിപണനം നടക്കുന്നത്. രാജ്യാന്തര ചുക്ക് വിപണിയില്‍ ഇന്ത്യയ്ക്ക് ഒപ്പം മത്സരിക്കാന്‍ ചൈനയുമുണ്ട്. അറബ് രാജ്യങ്ങളിലും അമേരിക്കയിലുമാണ് അവര്‍ മുഖ്യമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
വിഷു അടുത്തതോടെ ഗ്രാമീണ മേഖലകളില്‍ നാളികേര വിളവെടുപ്പ് വ്യാപകമായി. ചെറുകിട വിപണികളില്‍ പച്ചതേങ്ങ ലഭ്യത ഉയര്‍ന്നുവെങ്കിലും കൊപ്രയാട്ട് വ്യവസായികളുടെ സാന്നിധ്യം ഉയരാഞ്ഞത് വിലക്കയറ്റത്തിന് തടസമായി. മാസത്തിന്റ ആദ്യ വാരവും ഈസ്റ്ററും വന്നിട്ടും പ്രദേശിക വിപണികളില്‍ വെളിച്ചെണ്ണ ചൂടുപിടിച്ചില്ല. വില കുറഞ്ഞ വിദേശ പാചകയെണ്ണകളുടെ ലഭ്യത ഉയര്‍ന്നത് വെളിച്ചെണ്ണയുടെ മുന്നേറ്റത്തിന് തടസമായി.
കയറ്റുമതി മേഖലയില്‍ നിന്നും ആഭ്യന്തര വിപണിയില്‍ നിന്നും ഏലത്തിന് ആവശ്യം ശക്തമെങ്കിലും അതിന് അനുസൃതമായി ഉല്‍പ്പന്ന വില മുന്നേറിയില്ല. അതേ സമയം നിരക്ക് അമിതമായി ഉയര്‍ന്നാല്‍ വില്‍പ്പനയെ ബാധിക്കുമെന്ന നിലപാടിലാണ് ഇടപാടുകാര്‍. ഈസ്റ്ററും വിഷുവും ആഭ്യന്തര മാര്‍ക്കറ്റില്‍ ഏലക്കയുടെ സാന്നിധ്യം ശക്തമാക്കിയ അവസരത്തില്‍ അമിത വിലക്കയറ്റം വില്‍പ്പനയ്ക്ക് തിരിച്ചടിയാവുമെന്നാണ് വ്യാപാരികളുടെ പക്ഷം. ഉല്‍പാദന മേഖലയില്‍ നടന്ന ഏലക്ക ലേലത്തില്‍ ശരാശരി ഇനങ്ങള്‍ 1360 രൂപയിലുംമികച്ചയിനങ്ങള്‍ 1992 രൂപയിലും ലേലം കൊണ്ടു. മൊത്തം 47,845 കിലോഗ്രാം ഏലക്കയുടെ ഇടപാടുകള്‍ നടന്നു.
കുരുമുളക് വില നാലാഴ്ച്ചത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇടിഞ്ഞു. അന്തര്‍സംസ്ഥാന വാങ്ങലുകാരുടെ ഭാഗത്ത് നിന്നുള്ള ആവശ്യം കുറഞ്ഞതാണ് വിപണിയെ തളര്‍ത്തിയത്. കഴിഞ്ഞ ദിവസം സൂചന നല്‍കിയതാണ് വിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നത്. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില 50,700 രൂപയായി കുറഞ്ഞു. കേരളത്തില്‍ സ്വര്‍ണ വില താഴ്ന്നു. പവന്‍ സര്‍വകാല റെക്കോര്‍ഡ് വിലയായ 45,000 രൂപയില്‍ നിന്നും 280 രൂപ കുറഞ്ഞ് 44,720 ല്‍ ഇടപാടുകള്‍ നടന്നു. ഒരു ഗ്രാമിന് 30 രൂപ താഴ്ന്ന് 5590 രൂപയായി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 2032 ഡോളറില്‍ നിന്നും 2010 ഡോളറിലേയ്ക്ക് ഇടിഞ്ഞു.