അമേരിക്കന്‍ ആപ്പിള്‍ എത്തുന്നു, കരുതലോടെ വിപണി
ഇറക്കുമതി തീരുവ 70 ശതമാനത്തില്‍ നിന്ന് 50% ആയി കുറച്ചു
കേരളത്തിലെ ആപ്പിള്‍ വിപണിയിലേക്ക് വീണ്ടും വാഷിങ്ടന്‍ ആപ്പിള്‍ എത്തുന്നു. ഇന്ത്യന്‍ ആപ്പിളിന്റെ അതേ വിലയില്‍ ഗുണമേന്മയേറിയ നിലവാരമുള്ള അമേരിക്കന്‍ ആപ്പിളെത്തുന്നത് വിപണിയില്‍ കടുത്ത മത്സരത്തിന് വഴിതുറക്കുമെന്നാണ് കരുതുന്നത്.
നികുതി 20 ശതമാനം കുറച്ചു
അമേരിക്കന്‍ ആപ്പിളിന്‍റെ ഇറക്കുമതി തീരുവ 70 ശതമാനത്തില്‍ നിന്ന് 50% ആയി കുറച്ചതോടെയാണ് കേരളം ഉള്‍പ്പെടെയുള്ള വിപണികളില്‍ വാഷിങ്ടന്‍ ആപ്പിളിന്‍റെ ലഭ്യത വര്‍ധിക്കാന്‍ സാഹചര്യമൊരുങ്ങിയത്. നിലവില്‍ അമേരിക്കന്‍ ആപ്പിള്‍ കേരളത്തിലേക്കു നേരിട്ട് ഇറക്കുമതി ചെയ്യുന്നതു വിരളമാണ്. മുംബൈ പോലുള്ള മാര്‍ക്കറ്റുകളില്‍ നിന്നു ചെറിയ തോതില്‍ എത്തുകയാണ് ചെയ്യുന്നത്.
മത്സരിക്കാന്‍ തുര്‍ക്കി, ഇറാന്‍ ആപ്പിളുകളും
അമേരിക്കന്‍ ആപ്പിളിനേക്കാള്‍ കുറഞ്ഞ വിലയില്‍ തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു കേരളത്തില്‍ ആപ്പിള്‍ എത്തുന്നുണ്ട്. ഇറാന്‍ ആപ്പിള്‍ 10 കിലോഗ്രാം പെട്ടിക്ക് 700-1100 രൂപയാണു വില. തുര്‍ക്കി ആപ്പിള്‍ 18.5 കിലോഗ്രാം ബോക്‌സിനു 2200-2500 രൂപയാണ്. അതേസമയം അമേരിക്കന്‍ ആപ്പിള്‍ 18.5 കിലോഗ്രാം ബോക്‌സിനു 2500-3500 രൂപയാണു നിലവിലെ വില.
തീരുവ കുറയുന്നതോടെ കുറഞ്ഞ വിലയില്‍ അമേരിക്കന്‍ ആപ്പിള്‍ ലഭ്യമാകും. ഇതോടെ മലയാളികള്‍ക്ക് കുറഞ്ഞ വിലയില്‍ നല്ല ആപ്പിള്‍ ലഭ്യമാകും. ഗുണനിലവാരവും ആവശ്യവും അനുസരിച്ചു വിലയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകും.
കേരളത്തിലേക്ക് നേരിട്ടുള്ള ഇറക്കുമതി
മുംബൈയിലെയും ചെന്നൈയിലെയും കാര്‍ഗോ നിരക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ നിരക്കാണ് കോള്‍ഡ് സ്‌റ്റോറേജ് ചാര്‍ജായി കെ.എസ്.ഐ.ഇ ഈടാക്കുന്നത്. ഇത് കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി വിദേശ ആപ്പിള്‍ കൂടുതലായി എത്താന്‍ ഇടയാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഭക്ഷ്യസുരക്ഷാ വിഭാഗം(എഫ്.എസ്.എസ്.എ.ഐ), ഇ.ഐ.എ, കസ്റ്റംസ് തുടങ്ങിയ ഏജന്‍സികളുടെ പരിശോധനകളില്‍ ഉണ്ടാകുന്ന കാലതാമസം ഭയന്നാണു കേരളത്തിലേക്ക് നേരിട്ടുള്ള ഭക്ഷ്യ ഇറക്കുമതിക്കു വാണിജ്യ സമൂഹം മടിക്കുന്നതെന്നാണു വിലയിരുത്തല്‍. പരിശോധനയ്ക്കു കാലതാമസമുണ്ടാകുന്നതിനെക്കുറിച്ചു കയറ്റുമതി-ഇറക്കുമതി വ്യവസായികള്‍ പലപ്പോഴും പരാതിപ്പെട്ടിരുന്നു.
ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പഴങ്ങള്‍ ഇപ്പോള്‍ തന്നെ നേരിട്ടു കേരളത്തിലെത്തുന്നുണ്ട്. അമേരിക്കന്‍ ആപ്പിള്‍ ഇറക്കുമതി ചെയ്യുന്നതില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 2017ല്‍ 12 കോടി ഡോളറിന്റെ ആപ്പിളാണ് ഇവിടേക്ക് ഇറക്കുമതി ചെയ്തത്. എന്നാല്‍ തീരുവ 20 ശതമാനം വര്‍ധിപ്പിച്ചതോടെ ഇറക്കുമതി കുറഞ്ഞു. ഇത് ഇന്ത്യയില്‍ ആപ്പിള്‍ വില കുതിച്ചുയരാനും ഇടയാക്കി
ഇന്ത്യന്‍ ആപ്പിളില്‍ 70 ശതമാനവും ജമ്മുകശ്മിരില്‍ നിന്ന്
യു.എസ് ആപ്പിളിനു തീരുവ കുറച്ചത് കശ്മീരി, ഷിംല ആപ്പിളുകള്‍ക്ക് ഭീഷണിയാകുമെന്ന പരാതി കര്‍ഷകര്‍ ഉന്നയിച്ചു കഴിഞ്ഞു. എന്നാല്‍ തീരുമാനം ആപ്പിള്‍ കര്‍ഷകര്‍ക്കു ദോഷകരമാകില്ലെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആപ്പിള്‍ ഉല്‍പാദിപ്പിക്കുന്നത് ജമ്മുകശ്മീരിലാണ്. ഹിമാചല്‍ പ്രദേശാണ് രണ്ടാമത്. ഉത്തരാഖണ്ഡിലും ആപ്പിള്‍ കൃഷി സജീവമാണ്.
നാഷനല്‍ ഹോര്‍ട്ടി കള്‍ച്ചര്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം 2021-22ല്‍ ഇന്ത്യയില്‍ 2,437.37 ടണ്‍ ആപ്പിളാണ് ഉല്‍പാദിപ്പിച്ചത്. ഇതിന്റെ 70.54% ജമ്മുകശ്മീരിലാണ്, 1,719.42 ടണ്‍. 643.85 ടണ്‍ ആപ്പിളാണ് (26.42%) ഹിമാചലില്‍ ഉല്‍പാദിപ്പിച്ചത്. ഉത്തരാഖണ്ഡില്‍ 64.88 ടണ്‍ (2.66%), അരുണാചല്‍ പ്രദേശില്‍ 7.34 ടണ്‍(0.30%), നാഗാലന്‍ഡില്‍ 1.80 ടണ്‍(0.07%), തെലങ്കാനയില്‍ 0.08 ടണ്‍ എന്നിങ്ങനെയാണ് ആപ്പിള്‍ ഉല്‍പ്പാദനത്തിലെ മറ്റു സംസ്ഥാനങ്ങളുടെ വിഹിതം.
ഇന്ത്യ-യു.എസ് വ്യാപാരബന്ധം
നിലവില്‍ യു.എസുമായി വ്യാപാര മേഖലയില്‍ ഉള്‍പ്പെടെ ഇന്ത്യക്ക് മികച്ച ബന്ധമാണുള്ളത്. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരിക്കെ 2018ല്‍ ഇന്ത്യയില്‍ നിന്നുള്ള സ്റ്റീലിനും അമ്മോണിയത്തിനും യു.എസ് തീരുവ വര്‍ധിപ്പിച്ചു. ഇതിനു മറുപടിയായി വാഷിങ്ടണ്‍ ആപ്പിള്‍ ഉള്‍പ്പെടെ നിരവധി യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള തീരുവ ഇന്ത്യയും വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ പുതിയ യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാര രംഗത്ത് നിലനിന്നിരുന്ന പല തര്‍ക്കങ്ങളും അവസാനിപ്പിക്കാന്‍ തീരുമാനമായി. ഇതുപ്രകാരം എട്ട് യു.എസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ ഇന്ത്യ നീക്കുകയാണ്. ഇതില്‍ അമേരിക്കന്‍ ആപ്പിളും ഉള്‍പ്പെടുന്നു. തീരുവ കുറച്ചതോടെ ചെറുപയര്‍, ബദാം, വാള്‍നട്ട് തുടങ്ങിയ ഇനങ്ങളും യു.എസില്‍ നിന്ന് ഇന്ത്യയിലെത്തും.