കന്നുകാലികളെ ഇന്‍ഷുര്‍ ചെയ്യാം, സബ്‌സിഡിയോടെ
അറിയാമോ നമ്മള്‍ മനുഷ്യര്‍ക്ക് മാത്രമല്ല കന്നുകാലികള്‍ക്കുമുണ്ട് ഇന്‍ഷുറന്‍സ്
കന്നുകാലികര്‍ഷകരുടെ ഏറ്റവും വലിയ പ്രതിസന്ധിയാണ് അപ്രതീക്ഷിതമായി ഉരുക്കള്‍ക്കുണ്ടാകുന്ന രോഗബാധയും പിന്നീടുള്ള മരണവും. കുടുംബത്തിന്റെ...
കന്നുകാലികര്‍ഷകരുടെ ഏറ്റവും വലിയ പ്രതിസന്ധിയാണ് അപ്രതീക്ഷിതമായി ഉരുക്കള്‍ക്കുണ്ടാകുന്ന രോഗബാധയും പിന്നീടുള്ള മരണവും. കുടുംബത്തിന്റെ വരുമാന സ്രോതസ് ഇങ്ങനെ നഷ്ടപ്പെടുന്നത് വലിയ സാമ്പത്തിക നഷ്ടത്തിനും അതിലൂടെ കടബാധ്യതയ്ക്കും കാരണമാകുന്നുണ്ട്. ഇതിന് പരിഹാരമെന്ന നിലയിലാണ് കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങിയത്. 2006 ലാണ് രാജ്യത്ത് കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങിയത്. പിന്നീട് ഘട്ടം ഘട്ടമായി ഇത് വ്യാപിപ്പിച്ചു.
പ്രീമിയം സബ്‌സിഡി
നാടന്‍, സങ്കരയിനം കറവ ആട്മാടുകള്‍ക്കും എരുമയ്ക്കും അതിന്റെ നിലവിലുള്ള കമ്പോളനിരക്ക് അനുസരിച്ചാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത്. ഇവിടെ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ഏതാണ്ട് 50% വരെ സബ്‌സിഡി നല്‍കുന്നുണ്ട്. സബ്‌സിഡി തുക കേന്ദ്രസര്‍ക്കാര്‍ വഹിക്കും. സബ്‌സിഡി ആനുകൂല്യം ഒരു ഗുണഭോക്താവിന് പരമാവധി രണ്ട് കാലികള്‍ക്ക് മൂന്നുവര്‍ഷം വരെ നല്‍കും. സംസ്ഥാന ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡ് വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വിവരങ്ങള്‍ക്ക് ബോര്‍ഡുമായി ബന്ധപ്പെടാവുന്നതാണ്.
കമ്പോളവില
നാടന്‍- സങ്കരയിനം കറവപ്പശു, ആട്, എരുമ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടും. കറവയുള്ള കന്നുകാലി എന്നല്‍ ഇപ്പോള്‍ കറന്നുകൊണ്ടിരിക്കുന്നതും കടിഞ്ഞൂല്‍ പേറിന് ശേഷം ചനയുള്ളതുമെന്നാണ് വിവക്ഷ. മറ്റ് ഏതെങ്കിലും ഇന്‍ഷ്വറന്‍സ് പദ്ധതി /പ്ലാന്‍ സ്‌കീം എന്നിവയില്‍ ഉള്‍പ്പെട്ടിട്ടുള്ള കന്നുകാലികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. സബ്‌സിഡിയുടെ ആനുകൂല്യം ഓരോ ഗുണഭോക്താവിനും രണ്ട് കാലികള്‍ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. പരമാവധി മൂന്നു വര്‍ഷം വരെ ഒരു കന്നുകാലിക്ക് ഒറ്റത്തവണയായി ഇന്‍ഷുറന്‍സ് സബ്‌സിഡി കിട്ടും. മൂന്ന് വര്‍ഷമെങ്കിലും ഇന്‍ഷുറന്‍സ് എടുക്കുന്നതാണ് അഭികാമ്യം. പരമാവധി കമ്പോളവിലയുടെ അടിസ്ഥാനത്തിലായിരിക്കും ഇന്‍ഷ്വര്‍ ചെയ്യുന്നത്. ഇത് ഗുണഭോക്താവ്, അംഗീകൃത വെറ്ററിനറി ഡോക്ടര്‍, ഇന്‍ഷുറന്‍സ് ഏജന്റ് എന്നിവര്‍ സംയുക്തമായി നിര്‍ണയിക്കും.
തിരിച്ചറിയല്‍
പലപ്പോഴും ക്ലെയിം സമയത്ത് ഉണ്ടാകാവുന്ന പ്രശ്‌നം ഇന്‍ഷുര്‍ ചെയ്യപ്പെട്ട കന്നുകാലിയെ തിരിച്ചറിയാനാവാത്ത തരത്തിലുള്ള ആശയക്കുഴപ്പമാണ്. ഇതിനായി കഴിയുന്നത്രയും കാത് കുത്തി ടോക്കണ്‍ പതിപ്പിക്കുകയാണ് നല്ലത്. ആധുനിക സാങ്കേതിക വിദ്യയായ മൈക്രോ ചിപ്പ് ഘടിപ്പിക്കലും ആശയക്കുഴപ്പമൊഴിവാക്കാന്‍ നല്ലതാണ്.
കാലിയെ വിറ്റാല്‍
കര്‍ഷകര്‍ പലപ്പോഴും ഉരുക്കളെ വിറ്റുമാറാറുണ്ട്. ഇങ്ങനെ വന്നാല്‍ പോളിസി കാലാവധിയുടെ ശേഷിക്കുന്ന കാലം പുതിയ ഉടമസ്ഥനായിരിക്കും ഗുണഭോക്താവ്. കൈമാറുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത് നല്ലതാണ്.
ക്ലെയിം തീര്‍പ്പാക്കല്‍
അത്യാഹിതം സംഭവിക്കുന്ന പക്ഷം ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെടാം. ഇന്‍ഷ്വറന്‍സ് കമ്പനിക്ക് നല്‍കുന്ന എഫ്‌ഐആര്‍, ഇന്‍ഷുറന്‍സ് പോളിസി. ക്ലെയിം ഫോം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇവയടക്കം അപേക്ഷ നല്‍കിയാല്‍ 15 ദിവസത്തിനകം ക്ലെയിം ലഭിക്കും.