ആരോഗ്യമുള്ളപ്പോള്‍ വാങ്ങണം ആരോഗ്യ ഇന്‍ഷൂറന്‍സ്

  • ചെറുപ്രായത്തിൽ കുറഞ്ഞ പ്രീമിയത്തിൽ ആരോഗ്യ ഇൻഷുറൻസ്
  • സാമ്പത്തിക ബുദ്ധിമുട്ട് ലഘൂകരിക്കാനും സമ്പാദ്യം സംരക്ഷിക്കാനും സഹായിക്കും
  • നോ ക്ലെയിം ബോണസ് (NCB) ഉപയോഗപ്പെടുത്താം

Update: 2023-07-04 12:44 GMT

സാമ്പത്തിക ആസൂത്രണത്തിന് പ്രാധാന്യം നല്‍കുന്ന വ്യക്തിയുടെ പ്രധാന തിരഞ്ഞെടുപ്പുകളിലൊന്ന് ആരോഗ്യ ഇന്‍ഷുറന്‍സാണ്. ആരോഗ്യവാനായ ചെറുപ്പകാലത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍ വാങ്ങുന്നത് വൈകിപ്പിക്കാന്‍ ശ്രമിക്കരുത്. കാരണം ചെറുപ്രായത്തില്‍ തന്നെ കവറേജ് നേടുന്നതിന് നിരവധി നേട്ടങ്ങളുണ്ട്. ഇതില്‍ ആദ്യത്തേതാണ് കുറഞ്ഞ പ്രീമിയം.

ചെറുപ്പത്തില്‍ തന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് വാങ്ങുന്നതിന്റെ പ്രധാന നേട്ടങ്ങളിലൊന്ന് കുറഞ്ഞ പ്രീമിയം നേടാമെന്നതാണ്. പോളിസി ഉടമയുടെ പ്രായവും ആരോഗ്യ നിലയും അടിസ്ഥാനമാക്കിയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ സാധാരണയായി പ്രീമിയങ്ങള്‍ കണക്കാക്കുന്നു. ഒരു പോളിസി നേരത്തെ വാങ്ങുന്നതിലൂടെ, കുറഞ്ഞ പ്രീമിയം അടക്കുന്നതിനും വലിയ തുക ലാഭിക്കാനും സാധിക്കും.

മറ്റൊരു നേട്ടം സമഗ്രമായ കവറേജ് നേടാം എന്നതാണ്. മിക്ക ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകളും നിലവിലുള്ള അവസ്ഥകള്‍ക്കായി വെയ്റ്റിംഗ് പിരിയഡോടെയാണ് ലഭിക്കുന്നത്. താരതമ്യേന ആരോഗ്യവാനായിരിക്കുന്ന ചെറിയ പ്രായത്തില്‍ ഇന്‍ഷൂറന്‍സ് വാങ്ങുന്നതിലൂടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാത്തിരിപ്പ് കാലയളവില്ലാതെ തന്നെ കവറേജ് ലഭിക്കും.

ചെറുപ്രായത്തിലെ ആരോഗ്യ ഇന്‍ഷൂറന്‍സ് വാങ്ങുന്നത് കൊണ്ട് ലഭിക്കുന്ന നേട്ടം സാമ്പത്തിക സുരക്ഷയാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പ്രായം ഘടകമല്ല. രോഗത്തിനുള്ള ചികിത്സാ ചെലവ് വലിയ സാമ്പത്തികഭാരം മുതുകിലേക്ക് എത്തിക്കും. ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍ ഉണ്ടായിരിക്കുന്നത് ഉയര്‍ന്ന മെഡിക്കല്‍ ചെലവുകളെ താങ്ങാനും സാമ്പത്തിക സുരക്ഷിതത്വവും പ്രദാനം ചെയ്യുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ പരിഗണിക്കുമ്പോള്‍ ഇന്‍ഷുറന്‍സ് ഉള്ളത് സാമ്പത്തിക ബുദ്ധിമുട്ട് ലഘൂകരിക്കാനും സമ്പാദ്യം സംരക്ഷിക്കാനും സഹായിക്കും. അതോടൊപ്പം സാമ്പത്തിക പരിമിതികള്‍ കാരണം ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ മികച്ച വൈദ്യസഹായം ലഭ്യമാക്കാനും സഹായകമാണ്.

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതല്ലേ രോഗത്തിന് മുന്‍പെ ചികിത്സിക്കുന്നത്. ചെറുപ്രായത്തിലെ ആരോഗ്യ ഇന്‍ഷൂറന്‍സ് വാങ്ങുന്നത് ഇതിനുള്ള സഹായം കൂടിയാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകളില്‍ പലപ്പോഴും വാര്‍ഷിക ചെക്കപ്പുകള്‍, വാക്‌സിനേഷനുകള്‍, സ്‌ക്രീനിംഗ് എന്നിവ പോലുള്ള പ്രതിരോധ പരിചരണ സേവനങ്ങള്‍ക്കുള്ള കവറേജും ലഭിക്കുന്നുണ്ട്. പോളിസി നേരത്തെ വാങ്ങുന്നതിലൂടെ ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. ആരോഗ്യപ്രശ്‌നങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും സമയോചിതമായ ഇടപെടലുകള്‍ നടത്താനും സാധിക്കും.

ആരോഗ്യവും സാമ്പത്തികവുമായ കാര്യങ്ങള്‍ പോലെ തന്നെ പ്രധാനമാണ് ആരോഗ്യ ഇന്‍ഷൂറന്‍സ് കമ്പനിയുമായുള്ള ബന്ധവും. കരിയര്‍ മാറ്റങ്ങള്‍, സ്ഥലംമാറ്റം അല്ലെങ്കില്‍ വിവാഹം പോലുള്ള വ്യക്തിഗത സാഹചര്യങ്ങളില്‍ ഇന്‍ഷൂറന്‍സ് ആവശ്യങ്ങള്‍ കാലക്രമേണ മാറിയേക്കാം. ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍ നേരത്തെ വാങ്ങുന്നതിലൂടെ ഇന്‍ഷുറന്‍സ് ദാതാവുമായി നല്ല ബന്ധം സ്ഥാപിക്കാം. കവറേജ് പരിഷ്‌ക്കരിക്കുന്നതോ മറ്റൊരു പ്ലാനിലേക്ക് മാറുന്നതോ എളുപ്പമാക്കും.

ചെറുപ്പത്തില്‍ തന്നെ ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി നേടുകയാണെങ്കില്‍, ക്ലെയിം ചെയ്യാനും സാധ്യത കുറവായതിനാല്‍ നോ ക്ലെയിം ബോണസ് (NCB) ഉപയോഗപ്പെടുത്താം. മുന്‍ പോളിസി കാലയളവില്‍ ഒരു ക്ലെയിം പോലും ഫയല്‍ ചെയ്യാത്തതിന് നിരവധി ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈ സൗകര്യം നല്‍കി വരുന്നുണ്ട്. പ്രീമിയം കുറയ്ക്കുന്നതിന് ഈ ബോണസ് പ്രയോജനപ്പെടുത്താം.

Tags:    

Similar News