ഒന്നിലധികം വാഹനങ്ങള്‍ക്ക് ഒറ്റ പോളിസി; എന്താണ് ഫ്‌ളോട്ടര്‍ പോളിസി?
- ഫ്‌ളോട്ടര്‍ പോളിസി വഴി അഞ്ചു വാഹങ്ങൾക്ക് വരെ ഒറ്റ ഇൻഷുറന്‍സ്
- പ്രീമിയത്തിലും ഇളവ് ലഭിക്കും
- സമഗ്ര കവേറജും ഓണ്‍ ഡാമേജ് കവറേജും തെരെഞ്ഞെടുക്കാം
രാജ്യത്തെ നിയമ പ്രകാരം വാഹനം നിരത്തിലിറക്കണമെങ്കില്‍ ഒരു മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസി ഉണ്ടാകേണ്ടത് അനിവാര്യമാണ്. വാഹനം വാങ്ങുന്ന സമയത്ത് ഡീലര്‍ ശുപാര്‍ശ ചെയ്യുന്ന ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ഇന്‍ഷുറന്‍സ് പോളിസി വാങ്ങുന്നു എന്നതാണ് പൊതുവെ കണ്ടു വരുന്ന രീതി. ഇങ്ങനെ ഇന്‍ഷുറന്‍സ് എടുക്കുന്ന വ്യക്തിക്ക് തൊട്ടടുത്ത വര്‍ഷം അത് തന്‍റെ മറ്റ് വാഹനങ്ങളുടെ പോളിസിയുമായി ക്ലബ് ചെയ്യാന്‍ സാധിക്കും. ജനറല്‍ ഇന്‍ഷുറസ് കമ്പനികള്‍ നല്‍കുന്ന ഈ സൗകര്യം മോട്ടോര്‍ ഫ്‌ളോട്ടര്‍ ഇന്‍ഷുറന്‍സ് പോളിസി എന്നാണ് അറിയപ്പെടുന്നത്. ഒരാളുടെ ഉടമസ്ഥതയിലുള്ള കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ഇന്‍ഷൂറന്‍സ് ക്ലബ് ചെയ്യാന്‍ ഫ്‌ളോട്ടര്‍ പോളിസി സഹായിക്കും.
ഒരാളുടെ ഉടമസ്ഥതയില്‍ ഒന്നിലധികം വാഹനങ്ങളുണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്‌ക്കേണ്ട തീയതികള്‍ ട്രാക്ക് ചെയ്യുന്നതും പോളിസികളുടെ കാലപരിധി അവസാനിക്കുന്നതിന് മുമ്പ് പണമടയ്ക്കുന്നതും പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത് പരിഹരിക്കുന്നതിന്, ഒന്നിലധികം വാഹനങ്ങള്‍ സ്വന്തമായുള്ളവര്‍ക്ക് മോട്ടോര്‍ ഫ്‌ളോട്ടര്‍ പോളിസി തിരഞ്ഞെടുക്കാം. വിവിധ വാഹനങ്ങളെ ഒരൊറ്റ കവറേജിനു കീഴില്‍ എത്തിക്കാം, പോളിസി ഉടമയ്ക്ക് അവയ്‌ക്കെല്ലാമായി ഒരു പ്രീമിയം അടയ്ക്കാം. കൂടാതെ, പ്രത്യേകം പോളിസികള്‍ എടുത്താല്‍ നല്‍കേണ്ടി വരുന്ന മൊത്തം പ്രീമിയം തുകയേക്കാള്‍ കുറവായിരിക്കും ഫ്‌ളോട്ടര്‍ പോളിസിയുടെ പ്രീമിയം.
അഞ്ച് വാഹനങ്ങള്‍ക്ക് വരെ ഫ്‌ളോട്ടര്‍ പോളിസിയില്‍ പരിരക്ഷ ലഭിക്കും. ഇതിന് എല്ലാ വാഹനങ്ങളും ഒരൊറ്റ ഉടമയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തതായിരിക്കണം. ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ഡിക്ലേര്‍ഡ് വാല്യു (IDV) ഉള്ള വാഹനത്തെ പ്രൈമറി വാഹനം (Primary Vehicle) എന്ന് വിളിക്കുന്നു. പോളിസിയുടെ സംഅഷ്വേഡ് തുക അതിന് തുല്യമായിരിക്കും. മറ്റ് വാഹനങ്ങളെ സെക്കണ്ടറി വാഹനങ്ങള്‍ (Secondary Vehicle) എന്നാണ് വിളിക്കുന്നത്. പോളിസി അപേക്ഷകന്റെ ഡ്രൈവിംഗ് ശൈലി, ഡ്രൈവിംഗ് ചരിത്രം എന്നിവയെ ആശ്രയിച്ചായിരിക്കും പോളിസി പ്രീമിയം നിശ്ചയിക്കുന്നത്.
പോളിസി ഉടമയ്ക്ക് സമഗ്ര കവേറജും ഓണ്‍ ഡാമേജ് കവറേജും തിരഞ്ഞെടുക്കാം. അപകടം, അഗ്‌നിബാധ, ഇലക്ട്രിക്കല്‍ കംപൊണന്‍റുകള്‍, പ്രകൃതി ദുരന്തങ്ങള്‍, മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ എന്നിവ മൂലം വാഹനങ്ങള്‍ക്ക് സംഭവിക്കുന്ന കേടുപാടുകള്‍ ഓണ്‍ ഡാമേജ് പരിരക്ഷയില്‍ കവര്‍ ചെയ്യുന്നു. സമഗ്ര ഇന്‍ഷൂറന്‍സില്‍ അപകട മരണം അല്ലെങ്കില്‍ മൂന്നാം കക്ഷിക്കുള്ള പരിക്കുകള്‍, മൂന്നാം കക്ഷിയുടെ നാശനഷ്ടങ്ങള്‍ എന്നിവയും ഉള്‍ക്കൊള്ളുന്നു. മോട്ടോര്‍ ഫ്‌ളോട്ടര്‍ പോളിസിക്ക് കീഴില്‍ തേയ്മാനം, മൂല്യത്തകര്‍ച്ച, വാഹനത്തിന്റെ തകരാര്‍ മൂലമുള്ള കേടുപാടുകള്‍ എന്നിവയുടെ ചെലവുകള്‍ ക്ലെയിം ചെയ്യാന്‍ സാധിക്കില്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- പോളിസി കാലയളവില്‍ ക്ലെയിമുകളൊന്നും നടത്തിയില്ലെങ്കില്‍, പുതുക്കുന്ന സമയത്ത് നോക്ലെയിം ബോണസ് ലഭ്യമാകും.
- വാഹനങ്ങളിലൊന്ന് കൈമാറ്റം ചെയ്യുകയോ വില്‍ക്കുകയോ ചെയ്താല്‍, അത് പോളിസിയില്‍ നിന്ന് നീക്കംചെയ്ത് അതിന് ബാധകമായ പ്രീമിയം റീഫണ്ട് ചെയ്യാം.
- ഒരു ഫ്‌ളോട്ടര്‍ പോളിസി വാങ്ങുന്ന സമയത്ത്, അതിലെ ഒരു വാഹനം അതിനു മുമ്പു തന്നെ ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ളതാണെങ്കില്‍ ആദ്യ പോളിസി റദ്ദാക്കപ്പെടുകയും ഇന്‍ഷുറന്‍സ് കമ്പനി പ്രീമിയം റീഫണ്ട് ചെയ്യുകയും ചെയ്യും.
- നിരവധി വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ പ്രത്യേകമായി നല്‍കുന്നതിനെ അപേക്ഷിച്ച് പോളിസി ഉടമയ്ക്ക് പ്രീമിയത്തില്‍ ഇളവ് ലഭിക്കുന്നു.