50% വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ഇല്ല, ഫാസ്റ്റാഗ് വഴി പരിരക്ഷ ഉറപ്പാക്കാന്‍ നീക്കം
- വാഹനത്തിന്റെ ഇനവും പഴക്കവും കണക്കാക്കിയാകും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക.
ഡെല്‍ഹി: വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുന്നതിന് പുത്തന്‍ രീതി അവലംബിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ ഹൈവേകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് ഫാസ്റ്റാഗ് അക്കൗണ്ട് ഉപയോഗിച്ച് ഓണ്‍ ദി സ്‌പോട്ട് ഇന്‍ഷുറന്‍സ് കവറേജ് നല്‍കാനുള്ള നീക്കത്തിലാണ് സര്‍ക്കാരെന്ന് 'ദി മിന്റ്' റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ രാജ്യത്തെ 40 മുതല്‍ 50 ശതമാനം വരെ വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ പോലീസോ, മോട്ടോര്‍ വാഹന അധികൃതരോ പിടിയ്ക്കുകയാണെങ്കില്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുപ്പിക്കുന്നതിനായുള്ള പദ്ധതിയും സര്‍ക്കാര്‍ അവതരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഉണ്ടോ എന്ന് അറിയുന്നതിനായി പ്രത്യേക സാങ്കേതികവിദ്യയിലൂന്നിയ ഡിവൈസ് അവതരിപ്പിക്കുവാനും വാഹന്‍ ആപ്പില്‍ പ്രത്യേക ഓപ്ഷന്‍ ഉള്‍പ്പെടുത്തുവാനും നീക്കമുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വാഹനത്തിന്റെ ഇനവും പഴക്കവും കണക്കാക്കിയാകും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക. അടുത്തിടെ നടന്ന ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ (ജിഐസി) യോഗത്തില്‍ വാഹനങ്ങള്‍ക്ക് ഓണ്‍ ദി സ്‌പോട്ട് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ച നടന്നിരുന്നു.