പൈലറ്റുമാരെ ഒപ്പം നിര്‍ത്താന്‍ ഗോ എയര്‍;വാഗ്ദാനം ചെയ്യുന്നത് ഒരു ലക്ഷം രൂപ

  • സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പാപ്പരായി പ്രഖ്യാപിക്കണമെന്ന് കമ്പനി ലോ ട്രൈബ്യൂണലില്‍ ഈ മാസം രണ്ടിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു
  • വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോ എയര്‍
  • ഗോ എയറിലെ പൈലറ്റുമാര്‍ നിലവില്‍ പ്രതിമാസം 5,30,000 രൂപ ശരാശരി ശമ്പളമായി വാങ്ങുന്നവരാണ്

Update: 2023-05-29 10:36 GMT

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പാപ്പരായി പ്രഖ്യാപിക്കണമെന്ന് കമ്പനി ലോ ട്രൈബ്യൂണലില്‍ ഈ മാസം രണ്ടിന് അപേക്ഷ സമര്‍പ്പിച്ച ഗോ എയര്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി പൈലറ്റുമാരുടെ ശമ്പളം പ്രതിമാസം ഒരു ലക്ഷം രൂപയും, ഫസ്റ്റ് ഓഫീസര്‍മാര്‍ക്ക് 50,000 രൂപയും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

റീടെന്‍ഷന്‍ അലവന്‍സ് എന്നാണ് ഇങ്ങനെ നല്‍കുന്ന അധിക തുകയെ കമ്പനി വിശേഷിപ്പിക്കുന്നത്. ജൂണ്‍ ഒന്നു മുതല്‍ ഈ അലവന്‍സ് പ്രാബല്യത്തില്‍ വരുമെന്നും കമ്പനി പൈലറ്റുമാര്‍ക്ക് അയച്ച ഇ-മെയിലില്‍ സൂചിപ്പിച്ചു.

ഗോ എയറില്‍ നിന്നും ഇതിനോടകം രാജിവച്ച പൈലറ്റുമാര്‍ക്കും ഈ അലവന്‍സ് നല്‍കും. പക്ഷേ, അവര്‍ ജൂണ്‍ 15-നു മുന്‍പ് രാജി പിന്‍വലിക്കേണ്ടതായി വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

പാപ്പരായി പ്രഖ്യാപിക്കണമെന്ന് അപേക്ഷ സമര്‍പ്പിച്ചതോടെ ഗോ എയറിലെ പൈലറ്റുമാര്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ എയര്‍ലൈന്‍ കമ്പനികളിലേക്ക് ചേരാന്‍ ശ്രമിച്ചിരുന്നു. 700 അപേക്ഷകളാണ് എയര്‍ ഇന്ത്യയ്ക്ക് ലഭിച്ചതെന്ന് കഴിഞ്ഞയാഴ്ച മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെയ് 2 ന് പ്രവര്‍ത്തനം നിര്‍ത്തിവച്ചതോടെ ഗോ ഫസ്റ്റിന്റെ 200 ഓളം പൈലറ്റുമാര്‍ എയര്‍ ഇന്ത്യയില്‍ ചേര്‍ന്നിരുന്നു. ഇവരില്‍ 75 പേര്‍ മെയ് 28ന് എയര്‍ ഇന്ത്യയില്‍ പരിശീലനം ആരംഭിക്കുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്.

ഗോ എയറിന്റെ എ320 എയര്‍ബസിന് മാത്രം 740 പൈലറ്റുമാരുണ്ടായിരുന്നു.

രണ്ട് വര്‍ഷം മുമ്പ് ഗോ ഫസ്റ്റ് എന്ന് പുനര്‍നാമകരണം ചെയ്ത എയര്‍ലൈന്‍, ദീര്‍ഘകാലം സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്ക് പ്രത്യേക ബോണസ് (longevity bonus ) നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

ഗോ എയറിലെ പൈലറ്റുമാര്‍ നിലവില്‍ പ്രതിമാസം 5,30,000 രൂപ ശരാശരി ശമ്പളമായി വാങ്ങുന്നവരാണ്. അതേസമയം സ്‌പൈസ് ജെറ്റിലെ പൈലറ്റുമാര്‍ ഏഴര ലക്ഷം രൂപ വാങ്ങുന്നുണ്ട്.

കഴിഞ്ഞയാഴ്ച ഗോ എയറിന് എത്ര പൈലറ്റുമാരുണ്ടെന്നതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ഒരു പുനരുജ്ജീവന പദ്ധതി സമര്‍പ്പിക്കാന്‍ 30 ദിവസത്തെ സമയം ഇന്ത്യയുടെ ഏവിയേഷന്‍ റെഗുലേറ്ററായ ഡിജിസിഎ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) 30 ദിവസത്തെ സമയം നല്‍കിയിരുന്നു.

പുനരുജ്ജീവന പദ്ധതിയനുസരിച്ച് കാര്യങ്ങള്‍ മുന്നേറുകയാണെങ്കില്‍ വീണ്ടും സര്‍വീസ് ആരംഭിക്കാന്‍ അധികം നാള്‍ വേണ്ടിവരില്ലെന്ന് പൈലറ്റുമാര്‍ക്ക് അയച്ച ഇ-മെയിലില്‍ കമ്പനി സൂചിപ്പിച്ചു.

വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോ എയര്‍. ഇന്ത്യന്‍ ഏവിയേഷന്‍ റെഗുലേറ്ററിന്റെ പുതിയ കണക്കുകള്‍ പ്രകാരം ഗോ ഫസ്റ്റിന്റെ വിപണി വിഹിതം ജനുവരിയിലെ 8.4 ശതമാനത്തില്‍ നിന്ന് മാര്‍ച്ചില്‍ 6.9 ശതമാനമായി കുറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം എയര്‍ലൈന്‍ ഏറ്റവും വലിയ വാര്‍ഷിക നഷ്ടം രേഖപ്പെടുത്തുകയും ചെയ്തു.

Tags:    

Similar News