ഇന്ത്യ-ചൈന നേരിട്ടുള്ള വിമാന സര്‍വീസ് ഉടനെന്ന് സൂചന

  • ഇരു രാജ്യങ്ങളിലെയും നഗരങ്ങളെ ബന്ധപ്പെടുത്തി മുമ്പ് ഉണ്ടായിരുന്നത് ആഴ്ചയില്‍ 50 സര്‍വീസുകള്‍
  • ഏപ്രില്‍ ഒന്നിന് ചൈനയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാര്‍ഷികം
;

Update: 2025-03-26 10:07 GMT
india-china direct flight service likely soon
  • whatsapp icon

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനായി ഇന്ത്യയുമായി ചര്‍ച്ചയിലെന്ന് ചൈന സ്ഥിരീകരിച്ചു. കോവിഡ് -19 പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് 2020 ന്റെ തുടക്കത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. അതിനുശേഷം 2020 ജൂണില്‍ ഗാല്‍വാന്‍ താഴ്വരയില്‍ ഉണ്ടായ ഏറ്റുമുട്ടല്‍ സ്ഥിതി കൂടുതല്‍ വഷളാക്കി. പിന്നീട് ഇരുരാജ്യങ്ങളും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ചിട്ടില്ല.

മഹാമാരിക്ക് മുമ്പ്, ബെയ്ജിംഗ്, ഷാങ്ഹായ്, ഗ്വാങ്ഷോ, കുന്‍മിംഗ് എന്നീ നഗരങ്ങളും ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഉണ്ടായിരുന്നു.. ആഴ്ചയില്‍ 50 വിമാന സര്‍വീസുകളാണ് ഉണ്ടായിരുന്നത്. നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എത്രയും വേഗം പുനരാരംഭിക്കുന്നതിനുള്ള ശ്രമത്തിലാണ് ഇരു രാജ്യങ്ങളും- കൊല്‍ക്കത്തയിലെ ചൈനീസ് കോണ്‍സല്‍ ജനറല്‍ സു വെയ് പറഞ്ഞു.

ജനുവരിയില്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുടെ ചൈന സന്ദര്‍ശനത്തോടെ ആരംഭിച്ച ശ്രമങ്ങളുടെ ഭാഗമാണ് ചൈനീസ് പ്രതിനിധിയുടെ പ്രതികരണം. ആ യാത്രയ്ക്ക് ശേഷം, 'ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തത്വത്തില്‍' ഇരുപക്ഷവും സമ്മതിച്ചതായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.

ഏപ്രില്‍ ഒന്നിന് ചൈനയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാര്‍ഷികമാണ്. ഈ വര്‍ഷം, ചൈനയും ഇന്ത്യയും സംയുക്തമായി ചില ആഘോഷങ്ങള്‍ നടത്തും. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ബന്ധങ്ങളുടെ വസന്തകാലം എത്തുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്- അദ്ദേഹം പറഞ്ഞു.

ചൈനീസ് പൗരന്മാര്‍ക്കുള്ള വിസ നിയന്ത്രണങ്ങള്‍ ഇന്ത്യ ലഘൂകരിക്കുമെന്ന് ചൈനീസ് അധികാരികളും പ്രതീക്ഷ പ്രകടിപ്പിച്ചതായി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ചൊവ്വാഴ്ച, ഇന്ത്യയും ചൈനയും ബെയ്ജിംഗില്‍ നയതന്ത്ര ചര്‍ച്ച നടത്തി. ഫലപ്രദമായ അതിര്‍ത്തി മാനേജ്‌മെന്റിലും കൈലാഷ്-മാനസരോവര്‍ യാത്ര, അതിര്‍ത്തി കടന്നുള്ള നദികളിലെ സഹകരണം എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി. ഡിസംബറില്‍ എന്‍എസ്എ അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ നടന്ന പ്രത്യേക പ്രതിനിധി തല സംഭാഷണത്തില്‍ എടുത്ത തീരുമാനങ്ങളിലെ പുരോഗതിയും ഇരുപക്ഷവും അവലോകനം ചെയ്തു. 

Tags:    

Similar News