എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ വെട്ടിക്കുറച്ചു; പ്രവാസികള്‍ക്ക് തിരിച്ചടി
- മസ്‌കറ്റില്‍ നിന്നുള്ള 14 വിമാനങ്ങളാണ് റദ്ദാക്കിയത്
- ഫെബ്രുവരി 9 മുതല്‍ നടപടി പ്രാബല്യത്തില്‍ വരും
- ഇത് മാര്‍ച്ച് 25 വരെ തുടരും
ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ വീണ്ടും വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയായി. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന 14 വിമാനങ്ങളാണ് റദ്ദാക്കിയത്. ഫെബ്രുവരി 9 മുതലാണ് ഈ റദ്ദാക്കലുകള്‍ പ്രാബല്യത്തില്‍ വരുന്നത്. മാര്‍ച്ച് 25 വരെ തുടരും.
ഓഫ് സീസണ്‍ ആയതുകൊണ്ടാണ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതെന്ന് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
മസ്‌കറ്റില്‍ നിന്ന് കോഴിക്കോട്ടേക്ക് ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ഒന്‍പത് സര്‍വീസുകളാണ് വെട്ടിച്ചുരുക്കിയത്. ബുധന്‍, വ്യാഴം ദിവസങ്ങളിലെ സര്‍വീസുകളാണ് കൂടുതലായി റദ്ദാക്കിയിരിക്കുന്നത്.
കണ്ണൂരിലേക്കും കൊച്ചിയിലേക്കും സര്‍വീസുകള്‍ കുറച്ചിട്ടുണ്ട്. ഫെബ്രുവരി 17 മുതല്‍ മസ്‌കറ്റില്‍ നിന്ന് കണ്ണൂരിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസുകള്‍ മാത്രമാണുണ്ടാവുക. കൊച്ചിയിലേക്കും ഫെബ്രുവരി 17 മുതല്‍ നാല് സര്‍വീസുകള്‍ മാത്രമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്.
മസ്‌കറ്റില്‍ നിന്ന് മംഗലാപുരം,ചെന്നൈ,തിരുച്ചിറപ്പള്ളി റൂട്ടുകളിലും സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.