ഓരോ 150 കിലോമീറ്ററിനുള്ളിലും വിമാനത്താവളവുമായി മധ്യപ്രദേശ്

  • പുതിയ എയര്‍ കണക്റ്റിവിറ്റി പ്ലാനുമായി മധ്യപ്രദേശ്
  • ഓരോ 45 കിലോമീറ്ററിലും ഹെലിപാഡ് സൗകര്യവും ഒരുക്കും
  • 'ഇന്‍വെസ്റ്റ് മധ്യപ്രദേശ് - ഉച്ചകോടി' ഈമാസം 24, 25 തീയതികളില്‍

Update: 2025-02-19 03:26 GMT

ഓരോ 45 കിലോമീറ്റര്‍ ചുറ്റളവിലും ഒരു മികച്ച ഹെലിപാഡും ഓരോ 150 കിലോമീറ്ററിലും ഒരു വിമാനത്താവളവും നിര്‍മ്മിക്കാന്‍ മധ്യപ്രദേശ്. സംസ്ഥാനത്തിന്റെ പുതിയ സിവില്‍ ഏവിയേഷന്‍ നയത്തിന് കീഴിലുള്ള തീരുമാനം മുഖ്യമന്ത്രി മോഹന്‍ യാദവാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 24, 25 തീയതികളില്‍ ഭോപ്പാലില്‍ നടക്കുന്ന 'ഇന്‍വെസ്റ്റ് മധ്യപ്രദേശ് - ആഗോള നിക്ഷേപക ഉച്ചകോടി'യുമായി ബന്ധപ്പെട്ട് ഇന്‍ഡോറില്‍ വ്യവസായികളുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

യാദവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ചൊവ്വാഴ്ച മധ്യപ്രദേശ് സിവില്‍ ഏവിയേഷന്‍ നയം-2025 അംഗീകരിച്ചു.

മധ്യപ്രദേശില്‍ നിന്ന് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്ക് പുതിയ റൂട്ടുകളിലൂടെ ബന്ധിപ്പിക്കുന്ന ഓരോ പുതിയ ആഭ്യന്തര വിമാനത്തിനും 7.50 ലക്ഷം രൂപയും ഓരോ പുതിയ അന്താരാഷ്ട്ര വിമാനത്തിനും 10 ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ വ്യോമയാന കമ്പനികള്‍ക്ക് ഗ്രാന്റ് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്‍ഡോര്‍, ഉജ്ജയിന്‍, ഓംകാരേശ്വര്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഹെലികോപ്റ്റര്‍ സര്‍വീസ് ആരംഭിക്കുന്നതിന് ഉടന്‍ ടെന്‍ഡര്‍ വിളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിസഭ സംസ്ഥാനത്തിന്റെ പുതിയ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) വികസന നയത്തിനും അംഗീകാരം നല്‍കി. 2.50 കോടി രൂപയിലധികം മുതല്‍മുടക്കില്‍ ചെറുകിട വ്യവസായം സ്ഥാപിക്കുന്നവരുടെ താല്‍പ്പര്യങ്ങളും സംരക്ഷിക്കപ്പെടുമെന്ന് ഈ നയത്തിലെ വിവിധ വ്യവസ്ഥകള്‍ പട്ടികപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ വികസിപ്പിച്ച വ്യവസായ മേഖലകള്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും സ്വകാര്യ തലത്തില്‍ വ്യവസായികള്‍ വികസിപ്പിച്ചെടുക്കുന്ന വ്യവസായ മേഖലകള്‍ക്കും ലഭിക്കുമെന്നും യാദവ് പറഞ്ഞു. പടിഞ്ഞാറന്‍ മധ്യപ്രദേശില്‍ വ്യാവസായിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി, ഇന്‍ഡോര്‍, ഉജ്ജയിന്‍, ദേവാസ്, ധാര്‍, ഷാജാപൂര്‍ ജില്ലകളുടെ മൊത്തം വിസ്തീര്‍ണ്ണം 10,000 ചതുരശ്ര കിലോമീറ്റര്‍ ഉള്‍ക്കൊള്ളുന്ന ഒരു മെട്രോപൊളിറ്റന്‍ അതോറിറ്റി ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News