പൈലറ്റുമാര്‍ക്ക് നല്ലകാലം; ഭാവിയിലെ ഒഴിവുകള്‍ മുപ്പതിനായിരമെന്ന് മന്ത്രി
- നിലവില്‍ ഇന്ത്യന്‍ കമ്പനികള്‍ ഓര്‍ഡര്‍ ചെയ്തിട്ടുള്ളത് 1,700-ലധികം വിമാനങ്ങള്‍
- ഭാവിയില്‍ കൂടുതല്‍ വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനും സാധ്യത
;
അടുത്ത 15-20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യക്ക് 30,000 പൈലറ്റുമാരെ ആവശ്യമായി വരുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി കെ. റാംമോഹന്‍ നായിഡു. ആഭ്യന്തര വിമാനക്കമ്പനികള്‍ അവരുടെ ശൃംഖല വികസിപ്പിക്കുകയാണ്. ഇപ്പോള്‍ കമ്പനികള്‍ 1,700-ലധികം വിമാനങ്ങളാണ് ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്. ഭാവിയില്‍ കൂടുതല്‍ വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനും സാധ്യതയേറെയാണ്.
വ്യോമയാന വ്യവസായത്തെ വികസിപ്പിക്കുന്നതിനായി മന്ത്രാലയം യോജിച്ച സമീപനത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 38 ഫ്‌ലൈയിംഗ് ട്രെയിനിംഗ് ഓര്‍ഗനൈസേഷനുകളുടെ (എഫ്ടിഒ) വിവിധ വശങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ടെന്നും ഈ സംഘടനകളെ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
200 പരിശീലന വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറിനായുള്ള ധാരണാപത്രത്തില്‍ (എംഒയു) ഒപ്പുവെക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യന്‍ എയര്‍ലൈനുകള്‍ 1,700-ലധികം വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. നിലവില്‍ രാജ്യത്തെ കമ്പനികള്‍ക്ക് 800-ലധികം വിമാനങ്ങളുണ്ടെന്നും നായിഡു പറഞ്ഞു.നിലവില്‍ 6,000-7,000 പൈലറ്റുമാരാണ് രാജ്യത്ത് ജോലി ചെയ്യുന്നത്.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സിവില്‍ ഏവിയേഷന്‍ വിപണികളില്‍ ഒന്നാണ് ഇന്ത്യ.