ഡിസംബര്‍ പാദത്തില്‍ സ്‌പൈസ് ജെറ്റിന് 26 കോടി ലാഭം

  • കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 300 കോടി രൂപയുടെ നഷ്ടം കമ്പനി നേരിട്ടു
  • മൊത്തം വരുമാനം 35 ശതമാനം വര്‍ധിച്ച് 1,651 കോടി രൂപയായി
  • 2023 ഡിസംബര്‍ പാദത്തില്‍ നേടിയ മൊത്തം വരുമാനത്തേക്കാള്‍ കുറവാണിത്

Update: 2025-02-26 03:08 GMT

ബജറ്റ് എയര്‍ലൈനായ സ്പൈസ് ജെറ്റ് 2024 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 26 കോടി രൂപയുടെ നികുതിക്ക് ശേഷമുള്ള ലാഭം റിപ്പോര്‍ട്ട് ചെയ്തു. മൊത്തത്തിലുള്ള മെച്ചപ്പെട്ട പ്രകടനമാണ് ഇതിന് സഹായകമായത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 300 കോടി രൂപയുടെ നഷ്ടം കമ്പനി രേഖപ്പെടുത്തിയിരുന്നു.

''യാത്രക്കാരുടെ ആവശ്യം വര്‍ധിച്ചതും, വരുമാനം മെച്ചപ്പെട്ടതും, പ്രവര്‍ത്തന കാര്യക്ഷമത ഉയര്‍ന്നതും കമ്പനിക്ക് ഗുണകരമായി. ഇതുമൂലം മൊത്തം വരുമാനം 35 ശതമാനം വര്‍ധിച്ച് 1,651 കോടി രൂപയായി. പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ (പിഎല്‍എഫ്) 87 ശതമാനമായി ഉയര്‍ന്നു, ''എയര്‍ലൈന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

2024 സെപ്റ്റംബര്‍ പാദത്തില്‍ ആകെ വരുമാനം 1,077 കോടി രൂപയായിരുന്നു. എന്നിരുന്നാലും, 2023 ഡിസംബറില്‍ അവസാനിച്ച മൂന്ന് മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത 2,149 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഡിസംബര്‍ പാദത്തിലെ മൊത്തം വരുമാനം കുറവാണ്.

വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ യോഗം ഉച്ചയ്ക്ക് 1.30 ന് ആരംഭിച്ച് ചൊവ്വാഴ്ച രാത്രി 11.50 ന് മാത്രമാണ് അവസാനിച്ചതെന്ന് ബുധനാഴ്ച പുലര്‍ച്ചെ 12.51 ന് ബിഎസ്ഇയില്‍ സമര്‍പ്പിച്ച ഫയലിംഗില്‍ പറയുന്നു.

2024 ഡിസംബര്‍ പാദത്തില്‍, നിരവധി പ്രതിസന്ധികള്‍ നേരിട്ട എയര്‍ലൈന്‍, യോഗ്യതയുള്ള സ്ഥാപന നിക്ഷേപകരില്‍ നിന്ന് 3,000 കോടി രൂപ സമാഹരിച്ചു.

'ഒരു ദശാബ്ദത്തിനിടെ ആദ്യമായി, കമ്പനിയുടെ അറ്റാദായം പോസിറ്റീവ് ആയി മാറി - ഇത് ഞങ്ങളുടെ ടേണ്‍എറൗണ്ട് തന്ത്രത്തിന്റെ വിജയത്തെ അടിവരയിടുന്ന ഒരു പ്രധാന നാഴികക്കല്ലാണ്. ഭൂതകാലം നമ്മുടെ പിന്നിലാണ്, ഇപ്പോള്‍ സ്പൈസ്ജെറ്റിന് കൂടുതല്‍ ശക്തവും പ്രതിരോധശേഷിയുള്ളതുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,' സ്പൈസ്ജെറ്റിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗ് പ്രസ്താവനയില്‍ പറഞ്ഞു. 

Tags:    

Similar News