ട്രെയിന്‍ അപകടം: നിരക്ക് നിയന്ത്രിക്കണമെന്ന് വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടു

  • സംഭവത്തിന്റെ അനന്തരഫലങ്ങള്‍ പരിഹരിക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം സജീവമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്
  • ഒഡീഷയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഭുവനേശ്വര്‍ വിമാനത്താവളം രാജ്യത്തുടനീളമുള്ള 19 നഗരങ്ങളിലേക്കും പുറത്തേക്കും ആഴ്ചയില്‍ ഏകദേശം 624 വിമാനങ്ങള്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്
  • വിമാനക്കമ്പനികള്‍ മിതമായ തോതില്‍ നിരക്ക് നിലനിര്‍ത്തണമെന്ന് ഏവിയേഷന്‍ മന്ത്രാലയം കഴിഞ്ഞ മാസം നിര്‍ദ്ദേശിച്ചിരുന്നു

Update: 2023-06-03 16:04 GMT

ഒഡീഷയില്‍ വെള്ളിയാഴ്ചയുണ്ടായ ട്രെയിന്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഭുവനേശ്വറിലേക്കും തിരിച്ചുമുള്ള വിമാനനിരക്കുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും വിലകളിലെ അസാധാരണമായ വര്‍ധനവിനെതിരെ ഉചിതമായ നടപടികള്‍ കൈക്കൊള്ളാനും വിമാനക്കമ്പനികളോട് ആവശ്യപ്പെട്ട് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം (MoCA) ശനിയാഴ്ച പ്രസ്താവനയിറക്കി.

വിമാന ടിക്കറ്റുകള്‍ റദ്ദാക്കുമ്പോഴോ റീഷെഡ്യൂള്‍ ചെയ്യുമ്പോഴോ പിഴ ഈടാക്കരുതെന്നും മന്ത്രാലയം വിമാനക്കമ്പനികളോട് നിര്‍ദേശിച്ചു. പ്രതികൂല സാഹചര്യം മുതലെടുക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഏവിയേഷന്‍ മന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചത്.

വെള്ളിയാഴ്ച ഒഡീഷ സംസ്ഥാനത്തെ ബാലസോര്‍ ജില്ലയില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 250-ലേറെ പേര്‍ മരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. 800-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സംഭവത്തിന്റെ അനന്തരഫലങ്ങള്‍ പരിഹരിക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം സജീവമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്.

ഭുവനേശ്വര്‍-ഡല്‍ഹി, ഭുവനേശ്വര്‍-ബെംഗളൂരു, ഭുവനേശ്വര്‍-കൊല്‍ക്കത്ത എന്നിവയാണ് പ്രധാന റൂട്ടുകള്‍.

ഒഡീഷയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഭുവനേശ്വര്‍ വിമാനത്താവളം രാജ്യത്തുടനീളമുള്ള 19 നഗരങ്ങളിലേക്കും പുറത്തേക്കും ആഴ്ചയില്‍ ഏകദേശം 624 വിമാനങ്ങള്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്.

ഈ വര്‍ഷം മെയ് 3 മുതല്‍ ഗോ ഫസ്റ്റ് ഫ്ളൈറ്റുകള്‍ സര്‍വീസ് നിര്‍ത്തിയതോടെ മറ്റ് കമ്പനികളുടെ വിമാനങ്ങളില്‍ സീറ്റുകളുടെ ബുക്കിംഗ് വര്‍ദ്ധിച്ചു. ഇത് രാജ്യത്തുടനീളമുള്ള വിമാനനിരക്കില്‍ ഗണ്യമായ വര്‍ദ്ധനവിനും കാരണമായി.

വിമാനക്കമ്പനികള്‍ മിതമായ തോതില്‍ നിരക്ക് നിലനിര്‍ത്തണമെന്ന് ഏവിയേഷന്‍ മന്ത്രാലയം കഴിഞ്ഞ മാസം നിര്‍ദ്ദേശിച്ചിരുന്നു. ഗോ ഫസ്റ്റ് സര്‍വീസ് നടത്തിയിരുന്ന പ്രധാന റൂട്ടുകളില്‍ ടിക്കറ്റ് നിരക്കിന്റെ മുകളിലെ പരിധി വളരെ ഉയര്‍ന്നതല്ലെന്ന് ഉറപ്പാക്കാന്‍ വിമാനക്കമ്പനികളോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News