മംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ; യാത്രക്കാരുടെ എണ്ണത്തില്‍ 21 % വര്‍ധനവ്

  • ഈ വര്‍ഷം ആദ്യ പാദത്തില്‍ മംഗളൂരു വഴി യാത്ര ചെയ്തത് 552,689 യാത്രക്കാര്‍
  • മംഗളൂരുവിനും അബുദാബിക്കും ഇടയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിദിന സര്‍വീസ് ആരംഭിച്ചു

Update: 2024-07-23 03:04 GMT

അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സ് ലിമിറ്റഡിന്റെ (എഎഎച്ച്എല്‍) മാനേജ്മെന്റിന് കീഴിലുള്ള മംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 2024-2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചതായി അധികൃതര്‍ അറിയിച്ചു.

2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ 457,859 യാത്രക്കാരെ അപേക്ഷിച്ച് 552,689 യാത്രക്കാര്‍ അതിന്റെ ടെര്‍മിനലുകളിലൂടെ കടന്നുപോയി. യാത്രക്കാരുടെ എണ്ണത്തില്‍ 21 ശതമാനം വര്‍ധനവ് വിമാനത്താവളം റിപ്പോര്‍ട്ട് ചെയ്തു.

മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ഒരു പ്രസ്താവന പ്രകാരം, 393,598 ആഭ്യന്തര യാത്രക്കാരും 159,091 അന്താരാഷ്ട്ര യാത്രക്കാരും ഇതുവഴി യാത്ര ചെയ്തു. അന്താരാഷ്ട്ര യാത്രയില്‍ ദുബായിയാണ് മുന്‍നിരയിലുള്ളത്. കൂടുതല്‍ ആഭ്യന്തര യാത്രകള്‍ മുംബൈയിലേക്കും ബെംഗളൂരുലേക്കുമാണ്. വിമാനത്താവളം ഇപ്പോള്‍ ഓരോ മാസവും കൈകാര്യം ചെയ്യുന്നത് 180,000 യാത്രക്കാരെയാണ്.

2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 3,820 സര്‍വീസാണ് ഇവിടെ നിന്നും ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 21 ശതമാനം വലര്‍ധന ഇക്കാര്യത്തില്‍ രേഖപ്പെടുത്തി. ഇതില്‍ ആഭ്യന്തര സര്‍വീസുകള്‍ 2,956 ആയി ഉയര്‍ന്നപ്പോള്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ 864 ആയി.

അബുദാബി, ബഹ്റൈന്‍, ദമാം, ദുബായ്, ദോഹ, ജിദ്ദ, കുവൈറ്റ്, മസ്‌കറ്റ് എന്നിവയുള്‍പ്പെടെ എട്ട് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും സര്‍വീസുണ്ട്. ആഭ്യന്തരമായി, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ, പൂനെ തുടങ്ങിയ പ്രധാന നഗരങ്ങളുമായി ഇത് ബന്ധിപ്പിക്കുന്നു.

കര്‍ണാടകയിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളം എന്ന നിലയില്‍, മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം പ്രദേശവാസികള്‍ക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ഇന്ത്യക്കകത്തും ലോകമെമ്പാടുമുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള തടസ്സമില്ലാത്ത യാത്ര സുഗമമാക്കുന്നതിനും പ്രധാനപ്പെട്ടതാണ്.

ജൂലൈ 22 മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മംഗളൂരുവിനും അബുദാബിക്കും ഇടയില്‍ പ്രതിദിന സര്‍വീസ് ആരംഭിച്ചു. പ്രാദേശിക, അന്തര്‍ദേശീയ യാത്രകള്‍ക്കുള്ള പ്രധാന കവാടമെന്ന നിലയില്‍ മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വര്‍ധിച്ചുവരുന്ന പ്രാധാന്യത്തിന് ഈ പുതിയ സേവനം അടിവരയിടുന്നു.

Tags:    

Similar News