ജപ്പാനിലെ പൈലറ്റ് ക്ഷാമം ടൂറിസം ലക്ഷ്യങ്ങള്‍ക്ക് ഭീഷണി
- ഏകദേശം 7,100 വിദഗ്ധ പൈലറ്റുമാരാണ് ജപ്പാനിലുള്ളത്
- 2030-ഓടെ മറ്റൊരു 1,000 പേര്‍ കൂടി ആവശ്യമായി വരുമെന്ന് കണക്കുകള്‍
- നിരവധി എയര്‍ലൈന്‍ ക്യാപ്റ്റന്‍മാര്‍ 2030 ഓടെ വിരമിക്കുന്നതും ക്ഷാമം വര്‍ധിപ്പിക്കും.
ജപ്പാനെ സംബന്ധിച്ചിടത്തോളം വിനോദ സഞ്ചാരം അതിപ്രധാനമായ മേഖലയാണ്. ലോകപ്രശസ്തമായ ആതിഥ്യം, അസാധാരണമായ രുചിപകരുന്ന സുഷി, പുരാതന ആരാധനാലയങ്ങള്‍ എന്നിവ തേടി ദശലക്ഷങ്ങളാണ് വര്‍ഷം തോറും ജപ്പാനിലേക്ക് ഒഴുകുന്നത്. 2030-ഓടെ ഏകദേശം 60 ദശലക്ഷം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
എന്നാല്‍ ഈലക്ഷ്യം കൈവരിക്കുന്നത് സര്‍ക്കാരിന് വെല്ലുവിളിയാകും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ജപ്പാന്‍ നേരിടുന്ന വിദഗ്ധ പൈലറ്റുമാരുടെ കടുത്ത ക്ഷാമമാണ് ഇതിന് കാരണമാകുക. നിലവിലെ സാഹചര്യത്തില്‍ അവരുടെ ഒഴിവുകള്‍ നികത്തുന്നത് അനാസായസമായ ഒരു നടപടിയാകില്ലെന്നും സൂചനയുണ്ട്.
ജപ്പാനില്‍ നിലവില്‍ ഏകദേശം 7,100 പൈലറ്റുമാരുണ്ട്. ഏകദേശം 60 ദശലക്ഷം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തിലെത്താന്‍ സഹായിക്കുന്നതിന് 2030-ഓടെ മറ്റൊരു 1,000 പേര്‍ കൂടി ആവശ്യമായി വരുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
ഈ വര്‍ഷം ആദ്യം ഗതാഗത മന്ത്രാലയം രൂപീകരിച്ച ഒരു പാനല്‍ പരിഗണിക്കുന്ന നടപടികളില്‍ വിദേശ പൈലറ്റുമാരുടെ ലൈസന്‍സുകള്‍ വേഗത്തിലും കുറഞ്ഞ നിരക്കിലും ജാപ്പനീസ് ആക്കി മാറ്റുന്നതിന് തുടക്കമിട്ടത് ഇക്കാരണത്താലാണ്.
എന്നാല്‍ വിദേശത്ത് നിന്ന് പൈലറ്റുമാരെ നിയമിക്കുന്നത് എളുപ്പമല്ലെന്ന് കരുതാന്‍ നിരവധി കാരണങ്ങളുണ്ട്. ജപ്പാനിലെ പ്രാദേശിക യൂണിയനുകളില്‍ നിന്നും കാരിയറുകളില്‍ നിന്നും ഉള്ള എതിര്‍പ്പുകള്‍ തന്നെ പ്രധാനം. കൂടാതെ പൈലറ്റുമാരുടെ വേതനം മറ്റ് എയര്‍ലൈനുകളെക്കാള്‍ കുറവാണ്.
നിലവില്‍ 50-കളില്‍ പ്രായമുള്ള നിരവധി എയര്‍ലൈന്‍ ക്യാപ്റ്റന്‍മാര്‍ 2030 ഓടെ വിരമിക്കുന്നതും ക്ഷാമം വര്‍ധിപ്പിക്കും. കൂടാതെ ജാപ്പനീസ് സംസാരിക്കാത്ത പൈലറ്റുമാരെ ഉള്‍ക്കൊള്ളുന്നതിനായി പ്രധാന എയര്‍ലൈനുകള്‍ അവരുടെ ആന്തരിക പ്രവര്‍ത്തന പ്രക്രിയകള്‍ പരിഷ്‌കരിക്കേണ്ടതുമുണ്ട്.
ജപ്പാന്‍ എയര്‍ലൈന്‍സ് കമ്പനിയിലെയും ഓള്‍ നിപ്പോണ്‍ എയര്‍വേയ്സ് കമ്പനിയിലെയും ക്യാപ്റ്റന്‍മാര്‍ക്ക് ശരാശരി 172,900 ഡോളറാണ് വാര്‍ഷിക ശമ്പളം. ഡെല്‍റ്റ എയര്‍ലൈന്‍സ് ഇന്‍കോര്‍പ്പറേറ്റില്‍ 12 വര്‍ഷത്തെ പറക്കല്‍ പരിചയമുള്ള ഒരു പൈലറ്റിന് 453,000 ഡോളര്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം, അതേസമയം അമേരിക്കന്‍ എയര്‍ലൈന്‍സ് ഇന്‍കോര്‍പ്പറേഷനില്‍ പറക്കുന്ന ഒരാള്‍ക്ക് ഏകദേശം 480,000 ഡോളര്‍ ലഭിക്കുന്നു.
വിദേശ പൈലറ്റുമാരുടെ കുത്തൊഴുക്ക് പ്രാദേശിക ജീവനക്കാരെ തരംതാഴ്ത്താന്‍ സാധ്യതയുണ്ട്. പ്രൊമോഷനുകള്‍ക്കായി അവര്‍ ഒഴിഞ്ഞുകൊടുക്കേണ്ടിവരും. ജപ്പാനിലെ പല തൊഴിലുകളെയും പോലെ, ജാപ്പനീസ് പൈലറ്റുമാരും അവരുടെ ജോലി ജീവിതത്തിനായുള്ള ഒന്നായി കാണുന്നു. നിലവില്‍ വിദേശ പൈലറ്റുമാര്‍ ജപ്പാനില്‍ കുറവാണ്.
ജപ്പാന്‍ എയര്‍ലൈന്‍സിന് ഏകദേശം 2,000 സ്വദേശി പൈലറ്റുമാരും ഏതാനും വിദേശികളും ഉണ്ടെന്ന് ഒരു വക്താവ് പറഞ്ഞു. അതേസമയം, എഎന്‍എയ്ക്ക് ഏകദേശം 2,400 പൈലറ്റുമാരുണ്ട്. 2030-ലെ പ്രശ്നം ഒരു താല്‍ക്കാലിക പരിഹാരമെന്ന നിലയിലാണ് കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ജപ്പാന്‍ എയര്‍ലൈന്‍സ് പറയുന്നു. അടിസ്ഥാനപരമായി, പുതിയ ബിരുദധാരികളായി നിയമിക്കപ്പെടുന്ന പൈലറ്റ് ട്രെയിനികളെ സ്ഥിരം ജീവനക്കാരായി നിയമിക്കുന്നത് രാജ്യം തുടരും.
ജപ്പാനില്‍ വിവിധ മാര്‍ഗങ്ങളിലൂടെ പൈലറ്റുമാരുടെ എണ്ണം ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി സിവില്‍ ഏവിയേഷന്‍ ബ്യൂറോയുടെ ക്രൂ പോളിസി ഓഫീസിലെ ഉദ്യോഗസ്ഥനായ കെന്റാരോ ഫുജിബയാഷി പറഞ്ഞു. 65 വയസ്സ് കഴിഞ്ഞ ക്യാപ്റ്റന്‍മാരെ ജോലി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ഗതാഗത മന്ത്രാലയം രൂപീകരിച്ച വിദഗ്ധ സമിതി പരിഗണിക്കുകയാണ്.