എയര്‍ ഇന്ത്യ-വിസ്താര ലയനം: ആദ്യ വിമാനം ദോഹയില്‍നിന്ന്
- ആഭ്യന്തര മേഖലയില്‍ സ്ഥാപനത്തിന്റെ ആദ്യ വിമാനം മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കായിരുന്നു
- ടാറ്റയുടെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായിരുന്നു വിസ്താര
- ഇനി എയര്‍ ഇന്ത്യയില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 25.1 ശതമാനം ഓഹരിയുണ്ടാകും
എയര്‍ ഇന്ത്യ- വിസ്താര ലയനം പൂര്‍ത്തിയായതിനുശേഷമുള്ള എയര്‍ലൈനിന്റെ ആദ്യ വിമാനം തിങ്കളാഴ്ച രാത്രി ദോഹയില്‍നിന്ന് മുംബൈയിലേക്ക്് പറന്നു. 'AI2286' എന്ന കോഡില്‍ പ്രവര്‍ത്തിക്കുന്ന വിമാനം പ്രാദേശിക സമയം രാത്രി 10.07 നാണ് ദോഹയില്‍ നിന്ന് പുറപ്പെട്ടത്. ലയിപ്പിച്ച സ്ഥാപനത്തിന്റെ ആദ്യ അന്താരാഷ്ട്ര വിമാനം കൂടിയാണിത്. വിമാനത്തിന്റെ യാത്രാസമയം ഏകദേശം മൂന്ന് മണിക്കൂറാണ്.
ആഭ്യന്തര മേഖലയില്‍, സ്ഥാപനത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചെയ്ത വിമാനം ചൊവ്വാഴ്ച പുലര്‍ച്ചെ 1.30 ന് മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. എ320 വിമാനം ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്.
ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ എയര്‍ ഇന്ത്യയുമായുള്ള വിസ്താരയുടെ സംയോജനം രാജ്യത്തെ സിവില്‍ ഏവിയേഷന്‍ മേഖലയിലെ ഒരു പ്രധാന ഏകീകരണത്തെ അടയാളപ്പെടുത്തുന്നു. ടാറ്റയുടെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായിരുന്നു വിസ്താര. ലയനത്തിനുശേഷം, വിപുലീകരിച്ച എയര്‍ ഇന്ത്യയില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 25.1 ശതമാനം ഓഹരിയുണ്ടാകും.