ഗോ ഫസ്റ്റ് പാട്ടത്തിനെടുത്ത വിമാനങ്ങളുടെ ഭാഗങ്ങൾ കാണാനില്ല, പരാതിയുമായി പാട്ടക്കാർ കോടതിയിൽ
ഹര്‍ജിയില്‍ ഹിയറിംഗ് സെപ്റ്റംബര്‍ 13ന് നടക്കും
പ്രവര്‍ത്തനം നിറുത്തിവച്ച ഗോ ഫസ്റ്റിന്റെ പാട്ടത്തിനെടുത്ത രണ്ട് വിമാനത്തില്‍ നിന്നും കാണാതായ ഫാന്‍ ബ്ലേഡുകളും, എസ്‌ക്കേപ്പ് സ്ലൈഡുകളും ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പാട്ടക്കാരായ എസിജി ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
അയര്‍ലന്‍ഡ് ആസ്ഥാനമായ സ്ഥാപനമാണ് എസിജി. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച 140 പേജുള്ള ഹര്‍ജിയില്‍ വിമാനങ്ങള്‍ ' നശിക്കുന്ന ചരക്കുകള്‍ക്ക് സമാനമാണ് 'എന്നും മതിയായ സംരക്ഷണമില്ലെങ്കില്‍ ദ്രുതഗതിയിലുള്ള തകര്‍ച്ചയില്‍ കലാശിക്കുമെന്നും സൂചിപ്പിച്ചിട്ടുണ്ട്.
നാല് വിമാനങ്ങളാണ് എസിജി, ഗോ ഫസ്റ്റിനു വാടകയ്ക്കു കൊടുത്തത്.
2023 ഓഗസ്റ്റ് 24-ന് ഗോ ഫസ്റ്റിനോട് എസിജി നഷ്ടപ്പെട്ട ഭാഗങ്ങളുടെ പട്ടിക തയാറാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്തരം പട്ടിക നല്‍കാന്‍ കോടതി നിര്‍ദേശിച്ചിട്ടില്ലെന്നാണു ഗോ ഫസ്റ്റ് മറുപടി നല്‍കിയത്.എസിജിക്കു പുറമെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്റെ പെംബ്രോക്ക് എയര്‍ക്രാഫ്റ്റ് ലീസിംഗ്, എസ്എംബിസി ഏവിയേഷന്‍, ബിഒസി ഏവിയേഷന്‍ എന്നിവയും ഗോ ഫസ്റ്റിന്റെ പാട്ടക്കാരാണ്.
എസിജി സെപ്റ്റംബര്‍ ഒന്നിനു ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹിയറിംഗ് സെപ്റ്റംബര്‍ 13ന് നടക്കും.
ഈ വര്‍ഷം മെയ് 3 മുതലാണ് ഗോ ഫസ്റ്റ് സര്‍വീസ് നിറുത്തിവച്ചത്. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണു ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്.
ഗോ ഫസ്റ്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള പദ്ധതിക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉപാധികളോടെ അംഗീകാരം നല്‍കിയിട്ടുണ്ട്.
പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനും നിക്ഷേപകരുടെ ഫണ്ട് സ്വരൂപിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്നു ഗോ ഫസ്റ്റ് മുമ്പ് പറഞ്ഞിരുന്നുവെങ്കിലും പ്രവര്‍ത്തനം ഇതുവരെ പുനരാരംഭിച്ചിട്ടില്ല.