സിവില്‍ ഏവിയേഷന്‍ മേഖല നിക്ഷേപത്തിന് യോജിച്ചത്:സിന്ധ്യ

  • ഇപ്പോള്‍ നിക്ഷേപിക്കുന്ന ഓരോ ഡോളറിനും 3.1ഡോളര്‍ വരെ വരുമാനം
  • ഈ മേഖലയിലെ തൊഴിലവസരങ്ങളും വര്‍ധിക്കും
  • കൂടുതല്‍ നിക്ഷേപം ഈ മേഖലയിലേക്ക് എത്തും

Update: 2023-06-21 09:20 GMT

സിവില്‍ ഏവിയേഷന്‍ വിഭാഗത്തില്‍ നിക്ഷേപിക്കുന്ന ഓരോ ഡോളറിനും 3.1ഡോളര്‍ വരുമാനമാണ് ഇപ്പോള്‍ ലഭിക്കുകയെന്ന് ഇന്‍ഡിഗോ-എയര്‍ബസ് ഇടപാടിനെ പരാമര്‍ശിക്കവെ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഈ മേഖല വളര്‍ച്ചയുടെ പാതയിലാണ്. വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഇവിടെ തൊഴിലവസരങ്ങളും വര്‍ധിക്കുകയാണ്.

500 എ320 വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ബസുമായുള്ള ഇന്‍ഡിഗോയുടെ കരാര്‍ ഇന്ത്യയുടെ സുപ്രധാന നാഴികക്കല്ലായി സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിലയിരുത്തി. ഇന്ത്യയിലെ തൊഴിലവസരങ്ങളുടെ കാര്യത്തില്‍ ഈ നിക്ഷേപം മികച്ച ഫലങ്ങള്‍ നല്‍കുമെന്ന്് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ലോകത്തിലെ ഏതൊരു വിമാന നിര്‍മ്മാതാക്കളുമായും ഒരു എയര്‍ലൈന്‍ ഇതുവരെ നടത്തിയിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ ഓര്‍ഡര്‍ ഉപയോഗിച്ച് ഇന്ത്യ മറ്റൊരു നാഴികക്കല്ലാണ് സ്ഥാപിച്ചത്. സിവില്‍ ഏവിയേഷനിലെ ഓരോ നേരിട്ടുള്ള ജോലിയും ഈ മേഖലയില്‍ 6.1 പരോക്ഷ ജോലികള്‍ക്ക് കാരണമാകുന്നതായും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവെ വിശദീകരിച്ചു.അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന സിവില്‍ ഏവിയേഷന്‍ മേഖലയില്‍ നിന്ന് വമ്പിച്ച ലാഭവിഹിതമാണ് ഇനി ലഭിക്കുക. ഭാവിയില്‍ കൂടുതല്‍ നിക്ഷേപകര്‍ ഈ രംഗത്തേക്ക് കടന്നുവന്നാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. നിലവിലുള്ള കമ്പനികള്‍ തന്നെയും കൂടുതല്‍ പണം ഈ മേഖലയില്‍ നിക്ഷേപിക്കാന്‍ സാധ്യതയും ഉണ്ട്.

ഇന്‍ഡിഗോ എയര്‍ബസുമായി ഒപ്പുവെച്ച കരാര്‍ വാണിജ്യ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഓര്‍ഡറായാണ് വിലയിരുത്തപ്പെടുന്നത്.

500 എയര്‍ബസ് എ320 ഫാമിലി എയര്‍ക്രാഫ്റ്റുകള്‍ക്കായുള്ള ഇന്‍ഡിഗോയുടെ പുതിയ ചരിത്രപരമായ ഓര്‍ഡറിന്റെ പ്രാധാന്യം ഇതിനകം വിശദീകരിക്കപ്പെട്ടതാണ്. ഇപ്പോഴുള്ള ഓര്‍ഡര്‍ ഉള്‍പ്പെടെ ഏകദേശം ആയിരം വിമാനങ്ങളാണ് ഇന്‍ഡിഗോയ്ക്ക് ലഭിക്കുക. ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച, സാമൂഹിക ഐക്യം, ചലനാത്മകത എന്നിവയെല്ലാം അവരുടെ ദൗത്യം നിറവേറ്റാന്‍ ഇന്‍ഡിഗോയെ പ്രാപ്തമാക്കുന്നതായി ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയുടെ വളര്‍ച്ചയിലും എ320 കുടുംബത്തിലും എയര്‍ബസുമായുള്ള ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തത്തിലും ഉള്ള വിശ്വാസത്തെ കരാര്‍ ശക്തമായി പിന്തുണയ്ക്കുന്നതായും അദ്ദേഹം കൂടിച്ചേര്‍ത്തു.

നിലവില്‍, ഇന്‍ഡിഗോ 300-ലധികം വിമാനങ്ങളാണ് ഇന്‍ഡിഗോയ്ക്കുള്ളത്. ഇപ്പോള്‍ എയര്‍ബസുമായി 480 വിമാനങ്ങളുടെ കരാര്‍ ഇന്‍ഡിഗോയ്ക്കുണ്ട്. അതിന്റെ ഡെലിവറി 2030 ഓടെ പൂര്‍ത്തിയാകും. 2030-35 കാലത്തേക്ക് ഇപ്പോള്‍ ഒപ്പിട്ട 500 വിമാനങ്ങളും എത്തുമെന്നാണ് കരുതപ്പെടുന്നത്.

Tags:    

Similar News