വിര്‍ജിന്‍ അറ്റ്‌ലാന്റിക് ലണ്ടന്‍-ബെംഗളുരു ഡയറക്ട് സര്‍വീസ് ആരംഭിക്കുന്നു

  • യുഎസിന് പുറത്ത് ഏറ്റവും വലിയ വളര്‍ച്ചാ മേഖലയായിട്ടാണ് വിര്‍ജിന്‍ അറ്റ്‌ലാന്റിക്ക് ഇന്ത്യയെ കാണുന്നത്
  • ഇന്ത്യയിലേക്കുള്ള എയര്‍ലൈനിന്റെ മൂന്നാമത്തെ പ്രതിദിന സര്‍വീസായിരിക്കും ബെംഗളുരു-ലണ്ടന്‍ സര്‍വീസ്
  • 2019 മുതല്‍ ലണ്ടന്‍-മുംബൈ, ലണ്ടന്‍-ഡല്‍ഹി പ്രതിദിന സര്‍വീസ് നടത്തുന്ന എയര്‍ലൈന്‍ കമ്പനിയാണ് വിര്‍ജിന്‍ അറ്റ്‌ലാന്റിക്

Update: 2023-06-05 11:17 GMT

ഇന്ത്യയില്‍ സര്‍വീസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ലണ്ടന്‍ ആസ്ഥാനമായ എയര്‍ലൈന്‍ കമ്പനി വിര്‍ജിന്‍ അറ്റ്‌ലാന്റിക് ലണ്ടന്‍ ഹീത്രു-ബെംഗളുരു റൂട്ടില്‍ പ്രതിദിന ഡയറക്ട് സര്‍വീസ് ആരംഭിക്കുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് 31-മുതലായിരിക്കും സര്‍വീസ് ആരംഭിക്കുക. ഈ വര്‍ഷം ജൂണ്‍ 14 മുതല്‍ ടിക്കറ്റ് വില്‍പന ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

ബെംഗളുരുവിലെ കെംപെഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്കായിരിക്കും സര്‍വീസ് നടത്തുക. 31 ഫസ്റ്റ് ക്ലാസ്, 35 ബിസിനസ് ക്ലാസ്, 192 ഇക്കോണമി ക്ലാസ് സീറ്റുകളായിരിക്കും വിമാന സര്‍വീസിലുണ്ടാവുക. 2019 മുതല്‍ ലണ്ടന്‍-മുംബൈ, ലണ്ടന്‍-ഡല്‍ഹി പ്രതിദിന സര്‍വീസ് നടത്തുന്ന എയര്‍ലൈന്‍ കമ്പനിയാണ് വിര്‍ജിന്‍ അറ്റ്‌ലാന്റിക്.

വിര്‍ജിന്‍ അറ്റ്ലാന്റിക് 2024 മാര്‍ച്ച് 31 മുതല്‍ കസ്റ്റമര്‍,കാര്‍ഗോ ഓപ്പറേഷനിലൂടെ ലണ്ടന്‍ ഹീത്രൂവിനെ ബെംഗളൂരുവുമായി ബന്ധിപ്പിക്കുമെന്നാണു കമ്പനി പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.

പുതിയ സര്‍വീസ് എയര്‍ലൈനിന്റെ അന്താരാഷ്ട്ര ശൃംഖലയെ ഉത്തേജിപ്പിക്കുമെന്നാണു കരുതുന്നത്. ഇന്ത്യയിലേക്കുള്ള എയര്‍ലൈനിന്റെ മൂന്നാമത്തെ പ്രതിദിന സര്‍വീസായിരിക്കും ബെംഗളുരു-ലണ്ടന്‍ സര്‍വീസ്.

വിര്‍ജിന്‍ അറ്റ്ലാന്റിക്കിന്റെ ബോയിംഗ് 787-9 ഡ്രീംലൈനര്‍ വിമാനത്തിലാണ് ബെംഗളൂരു സര്‍വീസ് നടത്തുക.

യുഎസിന് പുറത്ത് ഏറ്റവും വലിയ വളര്‍ച്ചാ മേഖലയായിട്ടാണ് വിര്‍ജിന്‍ അറ്റ്‌ലാന്റിക്ക് ഇന്ത്യയെ കാണുന്നത്.

ബെംഗളുരു-ലണ്ടന്‍ സര്‍വീസില്‍ ഓരോ ഫ്‌ളൈറ്റിലും 20 ടണ്‍ കാര്‍ഗോ സേവനവും നല്‍കുമെന്ന് കമ്പനി അറിയിച്ചു.

ബെംഗളുരുവും പരിസര പ്രദേശവും വ്യാവസായിക കേന്ദ്രമാണ്. യുകെ, യുഎസ്, ഇന്ത്യ എന്നിവിടങ്ങളിലെ പ്രധാന മാര്‍ക്കറ്റുകള്‍ക്കിടയില്‍ ഫാഷന്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ടെക് സാധനങ്ങള്‍ കയറ്റുമതി ചെയ്യാനും ഇറക്കുമതി ചെയ്യാനുമുള്ള സൗകര്യവും ഇതിലൂടെ ലഭിക്കും.

Tags:    

Similar News