വിമാനം വാങ്ങാൻ ജാപ്പനീസ് ബാങ്കിൽ നിന്നും വായ്പയെടുത്ത് എയര്‍ ഇന്ത്യ

  • ഗിഫ്റ്റ് സിറ്റി വഴി എഐ ഫ്‌ലീറ്റ് സര്‍വീസസാണ് വായ്പയെടുത്തത്
  • സിംഗപ്പൂര്‍ ബ്രാഞ്ച് വഴിയുള്ള സുരക്ഷിതമായ കടബാധ്യതയെന്ന് എസ്എംബിസി
  • എയര്‍ക്രാഫ്റ്റുകള്‍ വാങ്ങുന്നതിനായി ബാങ്കിന്റെ ഇത്തരത്തിലുള്ള ആദ്യ ഇടപാട്

Update: 2023-12-20 08:27 GMT

എയര്‍ബസില്‍ നിന്ന് വൈഡ് ബോഡി വിമാനം വാങ്ങുന്നതിനായി ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ തങ്ങളില്‍ നിന്ന് 120 ദശലക്ഷം ഡോളര്‍ കടം വാങ്ങിയതായി ജാപ്പനീസ് ലെന്‍ഡര്‍ എസ്എംബിസി അറിയിച്ചു.

എയര്‍ബസില്‍ നിന്ന് 2023 ഒക്ടോബറില്‍ ഡെലിവര്‍ ചെയ്ത എ350-900 വിമാനം വാങ്ങുന്നതിന് ഈ ഇടപാട് ഭാഗികമായി എയര്‍ ഇന്ത്യയെ സഹായിച്ചതായി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. എയര്‍ ഇന്ത്യയുടെ ഗിഫ്റ്റ് സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഐ ഫ്‌ളീറ്റ് സര്‍വീസസാണ് വായ്പയെടുക്കുന്നതെന്നും സിംഗപ്പൂര്‍ ബ്രാഞ്ച് വഴിയുള്ള സുരക്ഷിതമായ കടബാധ്യതയാണിതെന്നും എസ്എംബിസി പറഞ്ഞു.

ബോയിംഗില്‍ നിന്നും എയര്‍ബസില്‍ നിന്നും മൊത്തം 470 വിമാനങ്ങള്‍ വാങ്ങാനുള്ള ടാറ്റയുടെ മെഗാ പ്രഖ്യാപനത്തിന്റെ ഭാഗമാണ് ഈ വാങ്ങല്‍, കൂടാതെ എഐ ഇക്വിറ്റിയും സംഭാവന ചെയ്തിട്ടുണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു എയര്‍ബസ് എ350-900 വിമാനത്തിന് 300 ദശലക്ഷം ഡോളറിന് മുകളിലാണ് വില.'ഈ ഇടപാടിലൂടെ ടാറ്റ ഗ്രൂപ്പുമായുള്ള ദീര്‍ഘകാല ബന്ധം വിപുലീകരിക്കുന്നതില്‍ എസ്എംബിസി ഗ്രൂപ്പിന് സന്തോഷമുണ്ട്,' ഇന്ത്യയിലെ ലെന്‍ഡറുടെ കണ്‍ട്രി ഹെഡ് ഹിരോയുകി മെസാക്കി പറഞ്ഞു. എയര്‍ക്രാഫ്റ്റുകള്‍ വാങ്ങുന്നതിനായി ബാങ്കിന്റെ ഇത്തരത്തിലുള്ള ആദ്യ ഇടപാടാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ച കമ്പനിയുടെ വലിയ വിമാന ഓര്‍ഡറിലെ ആദ്യ ഡെലിവറിയാണ് ഈ വിമാനമെന്ന് എയര്‍ ഇന്ത്യയുടെ ചീഫ് കൊമേഴ്സ്യല്‍ ആന്‍ഡ് ട്രാന്‍സ്ഫോര്‍മേഷന്‍ ഓഫീസര്‍ നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു.

'ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററായ ഗിഫ്റ്റ് സിറ്റി വഴി ഞങ്ങളുടെ എയര്‍ക്രാഫ്റ്റ് ഫിനാന്‍സിങ് ബിസിനസ്സ് വിപുലീകരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പ് കൂടിയാണ് ഈ ഇടപാട്,' അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ആഗോളതലത്തില്‍ അഞ്ചാമത്തെ വലിയ വ്യോമയാന വിപണിയാണ്. യാത്ര ചെയ്യാന്‍ തയ്യാറുള്ള ഒരു വലിയ മധ്യവര്‍ഗത്തിന്റെ ആവിര്‍ഭാവം ഈ മേഖല വളരുന്നതിന് സഹായകമാകുമെന്നും എസ്എംബിസി പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News