എയര്‍ഇന്ത്യ എക്‌സ്പ്രസ് പണിമുടക്ക്; കരിപ്പൂരില്‍ സര്‍വീസ് സാധാരണഗതിയിലേക്ക്
- ഇന്നലെ 75 ഓളം സര്‍വീസുകള്‍ മുടങ്ങിയിരുന്നു.
- തിങ്കളാഴ്ച്ച മുതല്‍ സ്ഥിതി ശാന്തമാകും
- 30 കോടിയുടെ നഷ്ടമുണ്ടായതായി വിലയിരുത്തല്‍
ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് താറുമാറായ എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളാണ് കൃത്യ സമയത്ത് സര്‍വീസ് നടത്തി തുടങ്ങിയത്.
ജീവനക്കാരുടെ മിന്നല്‍ സമരം മൂലം എയര്‍ ഇന്ത്യ എക്സ്പ്രസിന് 30 കോടി രൂപയുടെ നഷ്ടമുണ്ടായതായി വിലയിരുത്തല്‍. കമ്പനി ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മൂന്ന് ദിവസത്തിനിടെ 245 സര്‍വ്വീസുകളാണ് മുടങ്ങിയത്. ജീവനക്കാരുടെ സമരം പിന്‍വലിച്ചെങ്കിലും സര്‍വ്വീസ് റദ്ദാക്കുന്നത് തുടരുന്നുണ്ട്. യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക തിരിച്ച് നല്‍കുകയോ മറ്റൊരു ദിവസത്തേക്ക് ബുക്ക് ചെയ്ത് നല്‍കുകയോ ചെയ്യാമെന്നാണ് എയര്‍ലൈന്‍ അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച മുതല്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തുമെന്നാണ് കണക്കാക്കുന്നത്.
വ്യാഴാഴ്ച വൈകീട്ട് ചീഫ് ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തു തീര്‍പ്പായത്. 300 ഓളം ജീവനക്കാരാണ് രോഗാവധിയെടുത്ത് മിന്നല്‍ പണിമുടക്ക് നടത്തിയത്. ഇവര്‍ തിരിച്ച് സര്‍വീസില്‍ പ്രവേശിക്കുന്നതിന് മുന്‍പുള്ള ഫിറ്റനെസ് പരിശോധന അടക്കമുള്ള കാരണങ്ങളാലാണ് സര്‍വീസ് മുടങ്ങുന്നതെന്നാണ് വിവരം.