ബജറ്റ് 2023 2,200 കോടി രൂപ മുതല്‍ മുടക്കില്‍ ആത്മനിര്‍ഭര്‍ ക്ലീന്‍ പ്ലാന്റ് പ്രോഗ്രാം: ലക്ഷ്യം രോഗബാധയില്ലാത്ത വിള
കേന്ദ്ര ബജറ്റിന് ഏഴ് മുന്‍ഗണനാ വിഷയങ്ങളാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി
ഡെല്‍ഹി: 2,200 കോടി രൂപ മുതല്‍മുടക്കില്‍ ഉയര്‍ന്ന മൂല്യമുള്ള ഹോര്‍ട്ടികള്‍ച്ചറല്‍ വിളകള്‍ക്ക് രോഗബാധയില്ലാത്ത ഗുണനിലവാരമുള്ള നടീല്‍ വസ്തുക്കളുടെ ലഭ്യത മെച്ചപ്പെടുത്തുന്നതിന് ആത്മനിര്‍ഭര്‍ ക്ലീന്‍ പ്ലാന്റ് പ്രോഗ്രാം സര്‍ക്കാര്‍ ആരംഭിക്കുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍
സുസ്ഥിര ലക്ഷ്യങ്ങളില്‍ സര്‍ക്കാര്‍ കാര്യമായ പുരോഗതി കൈവരിച്ചുവെന്ന് ധനമന്ത്രി നിര്‍മ്മലാ തീതാരാമന്‍. സ്വച്ഛ് ഭാരത്, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, ജന്‍ധന്‍ അക്കൗണ്ടുകള്‍ എന്നിവയിലും നിരവധി നാഴികക്കല്ലുകള്‍ നേടിയിട്ടുണ്ടെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.
കേന്ദ്ര ബജറ്റിന് ഏഴ് മുന്‍ഗണനാ വിഷയങ്ങള്‍. വികസനം ,യുവശക്തി, കര്‍ഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊര്‍ജ്ജ സംരക്ഷണം, ഊര്‍ജ്ജ മേഖലയിലുള്ള തൊഴിലവസരങ്ങള്‍, സാധാരണക്കാരിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുക എന്ന വിഷയങ്ങള്‍ക്കാണ് ബജറ്റ് ഊന്നല്‍ നല്‍കിയിരിക്കുന്നത്.
ഗ്രാമീണ മേഖലയിലെ യുവസംരംഭകരുടെ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു അഗ്രികള്‍ച്ചര്‍ ആക്സിലറേറ്റര്‍ ഫണ്ട് ഏര്‍പ്പെടുത്തും. കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് നൂതനമായ പരിഹാരങ്ങള്‍ കൊണ്ടുവരുന്നതില്‍ ഫണ്ട് ശ്രദ്ധ കേന്ദ്രീകരിക്കും.
കാര്‍ഷിക വായ്പ 20 ലക്ഷം കോടിയായി ഉയര്‍ത്തും; മൃഗസംരക്ഷണം, ക്ഷീരോല്‍പാദനം, മത്സ്യ ബന്ധനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.