നികുതി ഇളവ് മുതല്‍ ഏകജാലക സംവിധാനം വരെ, ബജറ്റിലെ 'സ്റ്റാര്‍ട്ടപ്പ് പ്രതീക്ഷ'

  • രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ ആകെ മൂല്യം മൂന്നു ലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്ന് അടുത്തിടെയാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

Update: 2023-01-14 09:53 GMT

യുഎസും ചൈനയും കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റമുള്ള രാജ്യം ഇന്ത്യയാണ്. 656 ജില്ലകളിലായി 84,400 ബിസിനസുകള്‍ പ്രവര്‍ത്തിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പ്രഖ്യാപിച്ചിട്ട് ആഴ്ച്ചകള്‍ മാത്രമേ ആകുന്നുള്ളൂ. 2021ല്‍ രാജ്യത്ത് 44 സ്റ്റാര്‍ട്ടപ്പുകള്‍ യൂണികോണ്‍ പട്ടികയിലേക്ക് എത്തിയെങ്കില്‍ 2022ല്‍ വെറും 23 കമ്പനികളാണ് യൂണികോണ്‍ പട്ടികയില്‍ ഇടം നേടിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കോവിഡ് പ്രതിസന്ധിയില്‍ നിന്നും ഒരു വിധം കരകയറാനായെന്ന് പറഞ്ഞാലും ആഗോളതലത്തില്‍ നിലനില്‍ക്കുന്ന പണപ്പെരുപ്പം ഉള്‍പ്പടെയുള്ള പ്രതിസന്ധികള്‍ സ്റ്റാര്‍ട്ടപ്പ് മേഖലയുടെ ഉന്നമനത്തെ പിന്നോട്ട് വലിക്കുന്നുണ്ട്. നികുതി ഇനത്തിലുള്‍പ്പടെ ഇളവുകള്‍ വന്നാല്‍ മാത്രമേ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ട് പോകൂ എന്നും, വരുന്ന കേന്ദ്ര ബജറ്റില്‍ ഇത് പ്രതീക്ഷിക്കുന്നണ്ടെന്നും സര്‍വേകളിലുള്‍പ്പടെ പല കമ്പനികളും അറിയിച്ചിരുന്നു.

നിലവിലുള്ളത് 3 ലക്ഷം കോടി രൂപയുടെ മൂല്യം

രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ ആകെ മൂല്യം മൂന്നു ലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്ന് അടുത്തിടെയാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതിന് ഏറെ സഹായകരമായ ഘടകങ്ങളില്‍ ഒന്നായിരുന്നു വിദേശ നിക്ഷേപം. എന്നാല്‍ ഇത്തരം നിക്ഷേപങ്ങളില്‍ ടിഡിഎസ് ഉള്‍പ്പടെയുള്ള നികുതി ഈടാക്കുന്നുണ്ട്. ഇതില്‍ ഇളവ് വേണമെന്ന് കമ്പനികള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി.

മൂലധന നിക്ഷേപം സംബന്ധിച്ച് നിലവിലുള്ള ചില ചട്ടങ്ങളിലും ഇളവ് വേണമെന്നാണ് സ്റ്റാര്‍ട്ടപ്പുകളുടെ ആവശ്യം. മേഖലകള്‍ തിരിച്ച് നോക്കിയാല്‍ പലതിനും കേന്ദ്ര സര്‍ക്കാരില്‍ നിന്നും സാമ്പത്തിക പിന്തുണയും വേണ്ടതായുണ്ട്. അന്താരാഷ്ട്ര നാണ്യ നിധി ഉള്‍പ്പടെയുള്ളവ ഈ വര്‍ഷം സാമ്പത്തിക ഞെരുക്കം രൂക്ഷമായേക്കും എന്ന പ്രവചനം നടത്തിയിരിക്കുന്ന സാഹചര്യത്തില്‍ സ്റ്റാര്‍ട്ടുകളിലേക്കുള്ള പണമൊഴുക്ക് ഉറപ്പാക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.

ഏകജാലക സംവിധാനം ഉള്‍പ്പടെ വേണം

കമ്പനിയിലെ ജീവനക്കാര്‍ തന്നെ കമ്പനി ഓഹരിയുടമകളാകുന്ന എംപ്ലോയിസ് സ്‌റ്റോക്ക് ഓപ്ഷന്‍ പ്ലാന്‍ (ഇഎസ്ഒപി) വ്യാപകമാക്കുന്നതിന് സഹായകരമാകുന്ന പ്രഖ്യാപനങ്ങള്‍ വരുന്ന ബജറ്റിലുണ്ടാകുമെന്നാണ് കരുതുന്നത്. ഇത്തരത്തിലുള്ള ഓഹരി ഇടപാടുകളിലെ നികുതിയിലും ഇളവുകള്‍ വേണമെന്നും സ്റ്റാര്‍ട്ടപ്പുകള്‍ ആവശ്യപ്പെടുന്നു. രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ് കമ്പനി രൂപീകരണം (ഇന്‍കോര്‍പ്പറേഷന്‍) മുതല്‍ സര്‍ട്ടിഫിക്കേഷന് വരെ ഏകജാലക സംവിധാനം ഇല്ലാത്തത്. ജിഎസ്ടി രജിസ്‌ട്രേഷന്‍, എംഎസ്എംഇ സര്‍ട്ടിഫിക്കറ്റ് ലഭ്യത ഉള്‍പ്പടെയുള്ളവയുടെ നടപടിക്രമങ്ങളും സംഗമമാക്കുന്ന തരത്തില്‍ മാറ്റങ്ങള്‍ വേണമെന്ന് സ്റ്റാര്‍ട്ടപ്പുകള്‍ ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വായ്പ ലഭ്യത സംബന്ധിച്ച നൂലാമാലകള്‍ കുറയ്ക്കുന്നതിനും പ്രഖ്യാപനം വേണമെന്നും, ഈട്, പലിശ തുടങ്ങിയവയില്‍ അനുകൂലമായ പ്രഖ്യാപനം വേണമെന്നും കമ്പനികളുടെ ആവശ്യങ്ങളിലുണ്ട്. ആര്‍ബിഐ പലിശ നിരക്ക് വര്‍ധിപ്പിച്ചതോടെ മിക്ക സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വായ്പാ തിരിച്ചടവ് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. പലിശ നിരക്ക് വര്‍ധിച്ചെങ്കിലും ഇതിനൊത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേന്ദ്ര-സംസ്ഥാന തലത്തില്‍ നിന്നും കാര്യമായ പിന്തുണ ലഭിക്കുന്നില്ല.

ധനസമാഹരണം കുറഞ്ഞു

2022 ല്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് ധന സമാഹരണം 33 ശതമാനം കുറഞ്ഞ് 23.6 ബില്യണ്‍ ഡോളറായതായി ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. പ്രെസ് വാട്ടര്‍ ഹൗസ് കൂപ്പെഴ്സ് (പിഡബ്യൂസി) ഇന്ത്യയുടെ സ്റ്റാര്‍ട്ട്പ്പ് ഡീല്‍സ് ട്രാക്കര്‍ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2021 ല്‍ രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളിലെ ധനസമാഹരണം 35.2 ബില്യണ്‍ ഡോളറായിരുന്നു.

മാത്രമല്ല, ധനം സമാഹരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തിലും കുറവുണ്ടായതായി റിപ്പോര്‍ട്ടിലുണ്ട്. 1106 സ്റ്റാര്‍ട്ടപ്പുകള്‍ 2021 ല്‍ മൂലധനം സമാഹരിച്ചപ്പോള്‍ 2022 ല്‍ ഇത് 1021 സ്റ്റാര്‍ട്ടപ്പുകളായി കുറഞ്ഞു. 2022 ല്‍ സോഫ്റ്റ് വെയര്‍ ആസ് എ സര്‍വീസിന് ലഭിച്ച നിക്ഷേപത്തില്‍ 20 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. ഈ വര്‍ഷത്തെ മൊത്തം ധന സമാഹരണ പ്രവര്‍ത്തനങ്ങളുടെയും ഏകദേശം 25 ശതമാനമാണ് ഇത്. എഡ്‌ടെക്ക്, ഫിന്‍ടെക്ക് എന്നീ മേഖകളിലും മികച്ച ധനസമാഹരണമാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്.

Tags:    

Similar News