വായു ആപ്പുമായി സുനില്‍ ഷെട്ടി; സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും വെല്ലുവിളിയാകുമോ ?

  • സ്വിഗ്ഗിയോടും സൊമാറ്റോയോടും മത്സരിക്കാന്‍ ഒരു ആപ്പ് കൂടി രംഗത്ത്
  • ആദ്യ ഘട്ടത്തില്‍ മുംബൈ നഗരത്തില്‍ മാത്രമാണ് സേവനം
  • മറ്റ് ഭക്ഷണ വിതരണ ആപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വായു ആപ്പിന് പ്രത്യേകതകള്‍ ഏറെയാണ്

Update: 2023-05-10 16:37 GMT

ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടിവരികയാണ്. നിരവധി കമ്പനികളാണ് ഇപ്പോള്‍ ഭക്ഷണ വിതരണ സേവനം വാഗ്ദാനം ചെയ്ത് രംഗത്തുള്ളത്. അവയില്‍ പ്രമുഖരാണ് സ്വിഗ്ഗിയും സൊമാറ്റോയും. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെല്ലാം സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും സേവനം ലഭ്യമാണ്.

മുംബൈയില്‍ സ്വിഗ്ഗിയോടും സൊമാറ്റോയോടും മത്സരിക്കാന്‍ ഒരു ആപ്പ് കൂടി രംഗത്തുവന്നിരിക്കുകയാണ്. വായു (Waayu)എന്നാണ് പേര്. ബോളിവുഡ് താരം സുനില്‍ ഷെട്ടിയാണ് വായു ആപ്പ് ലോഞ്ച് ചെയ്തത്. അദ്ദേഹം ഈ ആപ്പില്‍ നിക്ഷേപവും നടത്തിയിട്ടുണ്ട്. സുനില്‍ ഷെട്ടി തന്നെയാണ് ഈ ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറും.

ഡെസ്റ്റെക് ഹൊറേക സ്റ്റാര്‍ട്ടപ്പ് സ്ഥാപകരായ അനിരുദ്ധ കോട്ട്ഗിരെയും മന്ദര്‍ ലാന്‍ഡെയും ചേര്‍ന്നാണ് വായു ആപ്പിന് തുടക്കമിട്ടത്. മുംബൈ ആസ്ഥാനമായ ഇന്ത്യന്‍ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്റെയും മറ്റ് വ്യവസായ സ്ഥാപനങ്ങളുടെയും പിന്തുണ ആപ്പിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

മറ്റ് ഭക്ഷണ വിതരണ ആപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വായു ആപ്പിന് പ്രത്യേകതകള്‍ ഏറെയാണ്. ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഓരോ ഓര്‍ഡറിനും കമ്മിഷന്‍ ഇല്ല എന്നതാണ് അവയിലൊന്ന്. കമ്മിഷനു പകരം പ്രതിമാസം നിശ്ചിത ഫീസാണ് ഉണ്ടാവുക. ആദ്യം 1000 രൂപയായിരിക്കും. പിന്നീട് ഘട്ടംഘട്ടമായി 2000 രൂപയാക്കും.

ആദ്യ ഘട്ടത്തില്‍ മുംബൈ നഗരത്തില്‍ മാത്രമാണ് ഈ ആപ്പിന്റെ സേവനം ഉണ്ടാവുക. പിന്നീട് ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കും.

മഹേഷ് ലഞ്ച് ഹോം, ഭഗത് താരാചന്ദ്, ബനാന ലീഫ്, ശിവ് സാഗര്‍, ഗുരു കൃപ, കീര്‍ത്തി മഹല്‍, ലഡു സാമ്രാട്ട്, ഫാര്‍സി ഡര്‍ബാര്‍ എന്നിവര്‍ ഇതിനോടകം ഭക്ഷണ വിതരണ ആപ്പായ വായുവുമായി സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 1500 റസ്റ്റോറന്റുകളാണ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Tags:    

Similar News