ട്വിറ്ററില്‍ വരുന്നു ഓഡിയോ വീഡിയോ കോള്‍ ഫീച്ചര്‍ സൗകര്യം

  • ട്വിറ്റര്‍ കൂടുതല്‍ സേവനങ്ങളുമായി രംഗത്തുവരികയാണ്
  • ട്വിറ്ററിനെ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിനു ശേഷം വലിയ മാറ്റങ്ങള്‍ക്കാണ് ട്വിറ്റര്‍ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്
  • ഇന്ത്യയില്‍ 27.3 മില്യന്‍ പേര്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നതായിട്ടാണ് കണക്ക്.

Update: 2023-05-10 16:40 GMT

മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമെന്ന് അറിയപ്പെടുന്ന ട്വിറ്റര്‍ കൂടുതല്‍ സേവനങ്ങളുമായി രംഗത്തുവരികയാണ്. ഫേസ്ബുക്കിനും, ഇന്‍സ്റ്റാഗ്രാമിനുമൊക്കെയുള്ള ഓഡിയോ, വീഡിയോ കോള്‍ ഫീച്ചര്‍ ട്വിറ്ററിലും ഉടന്‍ ലഭിക്കും. അതിനുള്ള ഒരുക്കങ്ങളാണ് ട്വിറ്റര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ഫീച്ചര്‍ നടപ്പിലാകുന്നതോടെ ഫോണ്‍ നമ്പറുകള്‍ കൈമാറാതെ തന്നെ ആളുകളുമായി സംസാരിക്കാനും ഇടപഴകാനുമുള്ള അവസരം കൈവരുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഓഡിയോ വീഡിയോ കോള്‍ ഫീച്ചറിനു പുറമെ എന്‍ക്രിപ്റ്റഡ് മെസേജിംഗിനുള്ള സൗകര്യവും ട്വിറ്ററില്‍ ബുധനാഴ്ച മുതല്‍ ലഭിക്കും. നിലവില്‍ വാട്‌സ്ആപ്പ്, മെസന്‍ജര്‍, ടെലിഗ്രാം തുടങ്ങിയവയാണ് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റഫോമുകള്‍.

മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിനെ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിനു ശേഷം വലിയ മാറ്റങ്ങള്‍ക്കാണ് ട്വിറ്റര്‍ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. നിരവധി പ്രഖ്യാപനങ്ങളും മസ്‌ക് നടത്തുന്നുണ്ട്. സജീവമല്ലാത്ത അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം മസ്‌ക് അറിയിച്ചിരുന്നു. ഇപ്പോള്‍ ഇതാ പുതിയൊരു പ്രഖ്യാപനവുമായി അദ്ദേഹം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്.

ഏകദേശം ഒരു വര്‍ഷങ്ങള്‍ക്ക് മുമ്പ് ' ട്വിറ്റര്‍ 2.0-എവരിതിങ് ആപ്പ് ' എന്ന പ്രഖ്യാപനത്തിലൂടെ മസ്‌ക് ചില മാറ്റങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. അന്ന് ട്വിറ്ററില്‍ ഡയറക്ട് മെസേജിംഗ്, ദൈര്‍ഘ്യമേറിയ ട്വീറ്റ് തുടങ്ങിയ ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്നും മസ്‌ക് സൂചിപ്പിച്ചിരുന്നു.

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം നിരവധി പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ചില പരിഷ്‌കാരങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിട്ടുമുണ്ട്.

ട്വിറ്റര്‍ സൗജന്യമായി നല്‍കിയിരുന്ന സേവനമായിരുന്നു വെരിഫിക്കേഷന്‍ ബാഡ്ജ്. പ്രമുഖരായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതാണ് വെരിഫിക്കേഷന്‍ ബാഡ്ജ്. എന്നാല്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു ശേഷം ഇത് സബ്സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തിലാക്കി. പണം മുടക്കിയാണ് സബ്സ്‌ക്രിപ്ഷന്‍ എടുക്കേണ്ടത്.

പണം നല്‍കുന്ന ആര്‍ക്കും വെരിഫിക്കേഷന്‍ ബാഡ്ജ് ലഭിക്കുമെന്ന സാഹചര്യം വന്നതോടെ അക്കൗണ്ടുകളുടെ ആധികാരികതയില്‍ എത്രമാത്രം വിശ്വാസ്യതയുണ്ടാകുമെന്ന ചോദ്യവും ഉയര്‍ന്നു.

കഴിഞ്ഞ ദിവസമം മസ്‌ക് മറ്റൊരു പ്രസ്താവന നടത്തിയിരുന്നു.

വര്‍ഷങ്ങളോളം ഉപയോഗിക്കാത്ത ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്നതായിരുന്നു പ്രസ്താവന. സജീവമല്ലാത്ത അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതോടെ ട്വിറ്ററില്‍ ഓരോ അക്കൗണ്ടുകളിലും

ഫോളോവര്‍മാരുടെ എണ്ണത്തില്‍ ഗണ്യമായ ഇടിവുണ്ടായേക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒരു ട്വീറ്റിലൂടെയാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്.

അതേസമയം, സജീവമല്ലാത്ത അക്കൗണ്ടുകള്‍ എന്നു മുതലായിരിക്കും നീക്കം ചെയ്യുക എന്നതിനെ കുറിച്ച് മസ്‌ക് സൂചനയൊന്നും നല്‍കിയില്ല.

ഈ നടപടിയിലൂടെ ധാരാളം യൂസര്‍നെയിമുകള്‍ (username) ഇനി മുതല്‍ ലഭ്യമാകുമെന്നും മസ്‌ക് ട്വീറ്റ് ചെയ്തു.

ഓരോ 30 ദിവസം കൂടുമ്പോഴും ഒരിക്കലെങ്കിലും അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യണമെന്നാണ് ട്വിറ്ററിന്റെ പോളിസി. ഇന്ത്യയില്‍ 27.3 മില്യന്‍ പേര്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നതായിട്ടാണ് കണക്ക്.

Tags:    

Similar News