ലാപ്‌ടോപ്പ് ഇറക്കുമതിയിൽ നിയന്ത്രണമില്ല, നിരീക്ഷണം മാത്രം
- ഇറക്കുമതിക്കായി പ്രത്യേക നിരീക്ഷണ സംവിധാനം ഉണ്ടാകും
- നവംബര്‍ ഒന്നുമുതല്‍ ഇറക്കുമതിക്ക് ലൈസന്‍സിംഗ് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു
അമേരിക്കയുടെയും, ബഹുരാഷ്ട്ര കമ്പ്യൂട്ടർ കമ്പിനികളുടെയും സമ്മർദം മൂലമാകാം, ഇന്ത്യ അതിന്റെ കംപ്യൂട്ടർ ഇറക്കുമതി നയത്തിൽ പിന്നയും വെള്ളം ചേർത്തു.
ലാപ്ടോപ്പുകളുടെയും കമ്പ്യൂട്ടറുകളുടെയും ഇറക്കുമതിക്ക് ലൈസന്‍സിംഗ് ഏര്‍പ്പെടുത്തില്ലെന്നും, ഇറക്കുമതിയുടെ തോതും അവ എവിടെനിന്ന് വരുന്നു എന്ന് നിരീക്ഷിക്കുന്നതിനുള്ള ഒരു സംവിധാനം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഈ ഉല്‍പ്പന്നങ്ങള്‍ നവംബര്‍ ഒന്നു മുതല്‍ ലൈസന്‍സിംഗ് വ്യവസ്ഥയ്ക്ക് കീഴിലാക്കു൦ എന്നായിരുന്നു സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
ലൈസന്‍സ് നേടിയ ശേഷം മാത്രമേ ഇവ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കൂ എന്ന സര്‍ക്കാറിന്റെ മുൻ നിലപാടിൽ നിന്നുള്ള വലിയ മാറ്റമാണ് ഇപ്പോഴ്ത്തെ ഈ തീരുമാനം, ഓഗസ്റ്റില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ഉടനടി പ്രാബല്യത്തില്‍ വരും എന്നാണ് സർക്കാർ പറഞ്ഞിരുന്നെങ്കിലും, വ്യവസായം ഉന്നയിച്ച ആശങ്കകളെ തുടര്‍ന്ന് തീരുമാനം നടപ്പാക്കുന്നത് നവംബര്‍ ഒന്നിലേക്ക് മാറ്റുകയുമായിരുന്നു.
ഇതിനിടയില്‍, സർക്കാർ കമ്പനികളുമായി ചർച്ചകൾ നടത്തുകയും, തുടർന്ന് നിലപാടിൽ മാറ്റം വരുത്തുകയും ചെയ്തു.
''ലാപ്ടോപ്പുകള്‍ ഇറക്കുമതി ചെയ്യുന്നതു സൂക്ഷ്മ നിരീക്ഷണത്തിലായിരിക്കണമെന്ന് മാത്രമാണ് ഞങ്ങള്‍ പറയുന്നത്, . നിയന്ത്രണങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ല, ''വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇറക്കുമതി മാനേജ്‌മെന്റ് സംവിധാനം നവംബര്‍ ഒന്നു മുതല്‍ നിലവില്‍ വരുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) സന്തോഷ് കുമാര്‍ സാരംഗി പറഞ്ഞു.