വാട്സാപ്പ് മെസ്സേജിൽ ഇനി തെറ്റ് വന്നാലും തിരുത്താം
- സന്ദേശം അയച്ച് 15 മിനിറ്റ് വരെ തിരുത്താം
- വ്യാകരണ പിശകുകൾ,അക്ഷരതെറ്റുകൾ എന്നിവയുൾപ്പെടെ എഡിറ്റ് ചെയ്യാം
- ടെലിഗ്രാം ,സിഗ്നൽ എന്നിവയിൽ നേരത്തെ ഈ സൗകര്യം ലഭ്യം
ലോകം മുഴുവൻ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസ്സേജ് അപ്ലിക്കേഷൻ ആയ വാട്സാപ്പിൽ ഉപയോക്താക്കൾ കാത്തിരുന്ന ഫീച്ചറും എത്തി.ഇനി മുതൽ അയച്ചു കഴിഞ്ഞ സന്ദേശം എഡിറ്റ് ചെയ്യാൻ സാധിക്കും.
ഔദ്യോഗിക കാര്യങ്ങൾക്ക് വരെ ഉപയോഗിക്കുന്ന വാട്സാപ്പിൽ മെസ്സേജ് അയച്ചു കഴിഞ്ഞാൽ തെറ്റുകൾ വരികയാണെങ്കിൽ തിരുത്താൻ ഉള്ള സൗകര്യം ലഭ്യമായിരുന്നില്ല .മെസ്സേജ് നിശ്ചിത സമയത്തിനുള്ളിൽ റദ്ദാക്കാൻ ഉള്ള സൗകര്യം നേരത്തെ ലഭ്യമായിരുന്നു.
മെസ്സേജുകളിൽ തെറ്റ് വരുന്നത് ഉപയോക്താക്കൾക്ക് ഔദ്യോഗിക കാര്യങ്ങളിൽ ഉൾപ്പെടെ ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. ഇനി അത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല എന്ന് കമ്പനി പറയുന്നു. വാട്സാപ്പിൽ ഇനി അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാമെന്ന് മെറ്റ സി ഇ ഒ മാർക്ക് സക്കൻബർഗ് ഫേസ്ബുക് പേജിലൂടെ അറിയിച്ചു.
മെസ്സേജ് എഡിറ്റ് ബട്ടൺ
അയച്ച മെസ്സേജിൽ എന്തെങ്കിലും തെറ്റുകൾ സംഭവിക്കുകയാണെങ്കിൽ മെസ്സേജ് ഡിലീറ്റ് ചെയ്യാതെ തന്നെ എഡിറ്റ് ചെയ്യാം. മെസ്സേജ് എഡിറ്റ് ബട്ടണിലൂടെ മെസ്സേജ് തിരുത്താം.അയച്ച സന്ദേശങ്ങളിലുണ്ടാകുന്ന വ്യാകരണ പിശകുകൾ,അക്ഷരതെറ്റുകൾ എന്നിവയുൾപ്പെടെ ഇതുപയോഗിച്ച് എഡിറ്റ് ചെയ്യാവുന്നതാണ്.മെസ്സേജ് അയച്ച് കഴിഞ്ഞ് 15 മിനിറ്റ് വരെ തിരുത്താൻ സാധിക്കും.
എഡിറ്റ് ചെയ്യേണ്ടത് എങ്ങനെ
അയച്ച സന്ദേശത്തിൽ ലോങ്ങ് പ്രസ് ചെയ്ത ശേഷം എഡിറ്റ് എന്ന ഓപ്ഷൻ തെരെഞ്ഞെടുത്തു മെസ്സേജ് തിരുത്താവുന്നതാണ്. എന്നാൽ അയച്ച മെസ്സേജിനൊപ്പം 'എഡിറ്റഡ് 'എന്ന് കാണുമെങ്കിലും എഡിറ്റ് ഹിസ്റ്ററി കാണാൻ സാധിക്കില്ല.
ആഗോള തലത്തിൽവരും ആഴ്ചകളിൽ എല്ലാ ഉപയോക്താക്കൾക്കും ഈ സൗകര്യം ലഭ്യമാവുമെന്നു കമ്പനി പറഞ്ഞു.ടെലിഗ്രാം ,സിഗ്നൽ തുടങ്ങിയ മെസ്സേജിങ് ആപ്പ്ളിക്കേഷനുകൾ നേരത്തെ തന്നെ ഉപയോക്താക്കൾക്ക് ഈ സൗകര്യം ലഭ്യമാക്കിയിരുന്നു.ട്വിറ്ററും തെരെഞ്ഞെടുത്ത ഉപയോക്താക്കൾക്ക് ഈ സൗകര്യം നൽകിയിട്ടുണ്ട്. എഡിറ്റ് ഓപ്ഷൻ ബട്ടൺ കൂടാതെ വരുംദിവസങ്ങളിൽ ചാറ്റ് ലോക്ക് സൗകര്യവും വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കർ ഉണ്ടാക്കാനുള്ള സൗകര്യവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.