സെമിക്കോണ്‍ ഇന്ത്യ ഗുജറാത്തില്‍
- ജൂലെ28ന് പരിപാടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
- ആഗോളതലത്തിലുള്ള വന്‍കമ്പനികള്‍ സെമിക്കോണില്‍ പങ്കെടുക്കും
- ഇതിനോടനുബന്ധിച്ചുനടക്കുന്ന എക്‌സിബിഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആഴത്തിലുള്ള അറിവ് നല്‍കും
ഇന്ത്യയുടെ അര്‍ദ്ധചാലക ശേഷികളുടെയും ചിപ്പ് ഡിസൈന്‍ നവീകരണത്തിന്റെയും പ്രീമിയര്‍ ഷോകേസ് ആയ 'സെമിക്കോണ്‍ ഇന്ത്യ 2023' ജൂലൈ 28 ന് ഗാന്ധിനഗറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഫോക്സ്‌കോണ്‍, മൈക്രോണ്‍, എഎംഡി, ഐബിഎം, മാര്‍വെല്‍, വേദാന്ത, ലാം റിസര്‍ച്ച്, എന്‍എക്സ്പി സെമികണ്ടക്ടേഴ്സ്, എസ്ടിമൈക്രോ ഇലക്ട്രോണിക്സ് തുടങ്ങിയ കമ്പനികളുടെ പങ്കാളിത്തത്തോടെ, ആഗോള അര്‍ദ്ധചാലക നിര്‍മാണത്തിനും ഡിസൈന്‍ ഇക്കോസിസ്റ്റത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ മുന്നേറ്റത്തിന് ഈ മെഗാ ഇവന്റ് വെളിച്ചം വീശും.
ചിപ്പ് നിര്‍മ്മാണത്തിലെ അത്യാധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചും പുതിയ മികവുകളെക്കുറിച്ചും ആഴത്തിലുള്ള ഉള്‍ക്കാഴ്ച നല്‍കുന്ന പരിപാടിയാകും ഇത്. ഇവന്റില്‍ അര്‍ദ്ധചാലക, സാങ്കേതിക വ്യവസായത്തിലെ ഏറ്റവും വലിയ പേരുകള്‍ ഒരുമിച്ച് വരികയാണ്.
ജൂലായ് 28-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധിനഗറില്‍ 'സെമിക്കണ്‍ ഇന്ത്യ 2023' ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യയിലെ അര്‍ദ്ധചാലക ആവാസവ്യവസ്ഥയില്‍ വിപ്ലവകരമായ മുന്നേറ്റം നടത്താന്‍ ഒരുങ്ങുകയാണ് എന്ന് ഇലട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ഒരു പ്രസ്താവനയില്‍ പറയുന്നു. അതിനുമുമ്പ് ഒരു എക്സ്‌ക്ലൂസീവ് എക്സിബിഷന്‍ ജൂലൈ 25 ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഉദ്ഘാടനം ചെയ്യും.
അര്‍ദ്ധചാലക വ്യവസായത്തെ നയിക്കുന്ന മുന്‍നിര സാങ്കേതിക വിദ്യകളെക്കുറിച്ചും പുതുമകളെക്കുറിച്ചും സന്ദര്‍ശകര്‍ക്ക് സമഗ്രമായ ഉള്‍ക്കാഴ്ച നല്‍കുന്നതാകും എക്‌സിബിഷന്‍.
താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക്, ഈ പ്ലാറ്റ്‌ഫോം അര്‍ദ്ധചാലക നിര്‍മ്മാണത്തെക്കുറിച്ച് ആഴത്തിലുള്ള അറിവ് നല്‍കും. ഈ രംഗത്ത് ഒരു കരിയറിലേക്കുള്ള വഴി വളര്‍ത്തുന്നതിനുള്ള വിലപ്പെട്ട ഒരു അവസരവും എകസിബിഷന്‍ നല്‍കുന്നു.
ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, റെയില്‍വേ, കമ്മ്യൂണിക്കേഷന്‍ മന്ത്രി അശ്വിനി വൈഷ്ണവ്, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, ഇലക്ട്രോണിക്സ്, ഐടി, നൈപുണ്യ വികസനം, സംരംഭകത്വ വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവരും സെമികോണ്‍ ഇന്ത്യ 2023-ല്‍ പങ്കെടുക്കും.
വ്യവസായ പ്രമുഖരും സെമികണ്ടക്ടര്‍ കമ്പനി മേധാവികളും ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടന പരിപാടി ഇന്ത്യയുടെ അര്‍ദ്ധചാലക മേഖലയിലെ നിക്ഷേപ സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടും.
അമൂല്യമായ നെറ്റ്വര്‍ക്കിംഗ്, സാങ്കേതിക പ്രകടനങ്ങള്‍, ലാഭകരമായ ബിസിനസ് സാധ്യതകള്‍ എന്നിവ അര്‍ദ്ധചാലക വ്യവസായത്തിന്റെ പുരോഗതിക്ക് ഉത്തേജകമാകും. പുതുമ, പങ്കാളിത്തം, വളര്‍ച്ച എന്നിവയില്‍ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ഇന്ത്യയുടെ അര്‍ദ്ധചാലകത്തിന്റെയും വ്യവസായത്തിന്റെയും ഭാവി രൂപപ്പെടുത്തുന്നതില്‍ ഈ പരിപാടിക്ക് വലിയ പ്രാധാന്യമുള്ളതായി വിലയിരുത്തപ്പെടുന്നു. അര്‍ദ്ധചാലക ചിപ്പ്, ഡിസ്‌പ്ലേ ഫാബ്, ചിപ്പ് ഡിസൈന്‍, അസംബ്ലിംഗ് എന്നിവയിലെ ആഗോള മേധിവികള്‍, ഇന്ത്യയിലെ ഉയര്‍ന്നുവരുന്ന അവസരങ്ങളെക്കുറിച്ച് അവരുടെ കാഴ്ചപ്പാടുകള്‍ പങ്കിടാന്‍ ഇവിടെ ഒത്തുകൂടും.
ഗുജറാത്ത് ഗവണ്‍മെന്റ് അര്‍ദ്ധചാലക നയം പുറത്തിറക്കിയിട്ടുണ്ട്. ഇതുപ്രകാരം ആഭ്യന്തര അര്‍ദ്ധചാലക ചിപ്പ് നിര്‍മ്മാണ മേഖലയില്‍ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സംസ്താനം സ്വീകരിക്കും. കമ്പ്യൂട്ടര്‍ സ്റ്റോറേജ് ചിപ്പ് നിര്‍മ്മാതാക്കളായ മൈക്രോണ്‍ ഗുജറാത്തില്‍ 2.75 ബില്യണ്‍ ഡോളര്‍ (ഏകദേശം 22,540 കോടി രൂപ) മുതല്‍മുടക്കില്‍ ഒരു സെമികണ്ടക്ടര്‍ അസംബ്ലിംഗ് പ്ലാന്റ് ആണ് സ്ഥാപിക്കുന്നത്.