അഫീലയുമായി സോണിയും ഹോണ്ടയും

  • ജനുവരി ഏഴിന് വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചു
  • അഞ്ച് വര്‍ഷം കൊണ്ടാണ് ഇലക്ട്രിക് കാറായ അഫീലയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്

Update: 2025-01-08 11:56 GMT

മുന്‍നിര ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളായ സോണിയും ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ടയും സംയുക്തമായി വികസിപ്പിച്ച ഇലക്ട്രിക് കാറായ അഫീലയുടെ ആദ്യ പ്രദര്‍ശനം നടന്നു. ലാസ് വേഗസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലാണ് അഫീല പ്രദര്‍ശനത്തിനെത്തിയത്.

ജനുവരി ഏഴിന് വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചതിന് പിന്നാലെയാണ് കാര്‍ പ്രദര്‍ശനത്തിനെത്തിയത്. അഞ്ച് വര്‍ഷം കൊണ്ടാണ് ഇലക്ട്രിക് വാഹനമായ അഫീലയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഫീല 1 ഒറിജിന്‍, അഫീല 1 സിഗ്നേച്ചര്‍ എന്നീ രണ്ട് വേരിയന്റുകളില്‍ എത്തുന്ന ഈ ഇലക്ട്രിക് സെഡാന് യഥാക്രമം 76.39 ലക്ഷവും, 88.32 ലക്ഷവുമാണ് എക്‌സ്‌ഷോറൂം വില. മൂന്ന് വര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ ഉള്‍പ്പെടെയായിരിക്കും അഫീല പുറത്തിറങ്ങക.

എ.ഐ. അധിഷ്ഠിത ഫീച്ചറുകള്‍, ലെവല്‍ 2 അഡാസ് സുരക്ഷ സംവിധാനങ്ങള്‍, സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഫീച്ചറുകള്‍ എന്നിവയായിരിക്കും സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനില്‍ നല്‍കുന്നത്.

ഒറ്റത്തവണ ചാര്‍ജില്‍ 482 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് സോണി ഹോണ്ട മൊബിലിറ്റിയുടെ അവകാശവാദം. അഫീലയുടെ ഉയര്‍ന്ന വേരിയന്റായ സിഗ്നേച്ചര്‍ 2026-ല്‍ ഉപയോക്താക്കള്‍ക്ക് കൈമാറാന്‍ സാധിക്കുമെന്നാണ് വിവരം. എന്നാല്‍, ഒറിജിന്‍ പതിപ്പിന്റെ വിതരണം 2027-ഓടെയായിരിക്കും ആരംഭിക്കുക.

കോര്‍ ബ്ലാക്ക് നിറത്തിലാണ് അഫീല ഒരുങ്ങിയിരിക്കുന്നത്. ക്ലോസ്ഡ് ഗ്രില്ല്, കണക്ടഡ് ഡി.ആര്‍.എല്‍, വീതി കുറഞ്ഞ ഹെഡ്‌ലാമ്പ്, ഇ.വി. അലോയി വീലുകള്‍, ചാഞ്ഞിറങ്ങുന്ന റൂഫ് തുടങ്ങിയവയാണ് ഡിസൈന്‍ സവിശേഷതകള്‍. ഡാഷ്‌ബോര്‍ഡ് നിറയുന്ന സ്‌ക്രീന്‍, ഓട്ടോണമസ് ഡ്രൈവിങ് സാധ്യമാക്കുന്നതിനായി 40 സെന്‍സറുകളും ക്യാമറകളും, ഓഗ്മെന്റഡ് റിയാലിറ്റിയുടെ സഹായത്തോടെയുള്ള വെര്‍ച്വല്‍ വേള്‍ഡ് ഡ്രൈവിംഗ് എക്‌സ്പീരിയന്‍സ് തുടങ്ങിയവ അഫീലയെ മറ്റ് വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കും. 

Tags:    

Similar News