റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) ഡയറക്ടർ ആകാശ് അംബാനി ഗുജറാത്തിലെ ജാംനഗറിനെ അടുത്ത 24 മാസത്തിനുള്ളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഇൻഫ്രാസ്ട്രക്ചറിൽ ആഗോള നേതാവാക്കി മാറ്റുമെന്ന പ്രഖ്യാപനം നടത്തി. ജാംനഗറിൽ റിലയൻസിൻ്റെ ആദ്യ റിഫൈനറിയുടെ 25-ാം വാർഷിക ആഘോഷത്തിനിടെയാണ് പ്രഖ്യാപനം.
"ഞങ്ങൾ ഇതിനകം തന്നെ ജാമനഗറിൽ എഐ ഇൻഫ്രാസ്ട്രക്ചർ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. റെക്കോർഡ് സമയത്തിനുള്ളിൽ ഇത് പൂർത്തിയാക്കും. ഇത് ജാംനഗറിനെ എഐ ഇൻഫ്രാസ്ട്രക്ചറിൽ മാത്രമല്ല, ലോകത്തിലെ ഏറ്റവും മികച്ച റാങ്കിംഗിൽ എത്തിക്കും." പരിപാടിയിൽ സംസാരിച്ച ആകാശ് അംബാനി പറഞ്ഞു.
റിലയൻസിൻ്റെ ആദ്യ റിഫൈനറിയായ ജാംനഗർ റിഫൈനറി കഴിഞ്ഞ 25 വർഷമായി കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 1999 ഡിസംബർ 28-ന് ആരംഭിച്ച റിഫൈനറി പിന്നീട് ലോകത്തിലെ ഏറ്റവും ആധുനികമായ ഒന്നായി പരിണമിച്ചു.
അത്യാധുനിക എഐ ഇൻഫ്രാസ്ട്രക്ചർ വരുന്നതോടെ, നവീകരണത്തിലേക്കും ആഗോള നേതൃത്വത്തിലേക്കുമുള്ള റിലയൻസിൻ്റെ യാത്രയിലെ ഒരു നാഴിക കല്ലായി തീരും. റിലയൻസിൻ്റെ വളർച്ച തുടരുമെന്നും ആർഐഎൽ കുടുംബത്തിൻ്റെ രത്നമെന്ന നിലയിൽ ജാംനഗറിൻ്റെ പങ്ക് കൂടുതൽ ദൃഢമാക്കുമെന്നും ആകാശ് അംബാനി പ്രതിജ്ഞയെടുത്തു.