മൈക്രോസോഫ്റ്റ് എ ഐ പവർ "കോപൈലറ്റ്" കംപ്യൂട്ടറുകൾ പുറത്തിറക്കുന്നു : ജൂൺ 18 ന് ലോഞ്ച്
പുതിയ ഡിവൈസുകൾ ക്ലൗഡ് ഡാറ്റ സെന്ററുകളെ ആശ്രയിക്കാതെ കൂടുതൽ എഐ ടാസ്കുകൾ നിർവഹിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്
മൈക്രോസോഫ്റ്റ് എ ഐ സവിശേഷതകളുള്ള 'കോപൈലറ്റ്' പിസി അവതരിക്കുന്നു. ടെക് ഭീമന്മാരായ ആൽഫബെറ്റ്, ആപ്പിൾ എന്നിവരുമായി മത്സരിക്കുന്നതിനും ഉയർന്നുവരുന്ന എ ഐ സാങ്കേതികവിദ്യകൾ തങ്ങളുടെ ഉൽപ്പന്നങ്ങളിൽ സംയോജിപ്പിക്കുന്നതിനുമുള്ള ലക്ഷ്യത്തോടെയാണ് മൈക്രോസോഫ്റ്റ് പുതിയ വിഭാഗത്തിലുള്ള പേഴ്സണൽ കമ്പ്യൂട്ടറുകൾ അവതരിപ്പികുന്നത്.
റെഡ്മണ്ട്, വാഷിങ്ടൺ കാമ്പസിൽ നടന്ന ചടങ്ങിൽ സിഇഒ സത്യനദല്ലയാണ് "കോപൈലറ്റ്" പിസി അവതരിപ്പിച്ചത്. ഏസർ, അസുസ്റ്റിക് കമ്പ്യൂട്ടർ തുടങ്ങിയ നിർമ്മാതാക്കളുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ പുതിയ ഡിവൈസുകൾ ക്ലൗഡ് ഡാറ്റ സെന്ററുകളെ ആശ്രയിക്കാതെ കൂടുതൽ എഐ ടാസ്കുകൾ നിർവഹിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 1000 ഡോളർ മുതൽ വില ആരംഭിക്കുന്ന ഈ പുതിയ ഡിവൈസുകൾ ജൂൺ 18 മുതൽ വിൽപ്പനയ്ക്ക് ലഭ്യമാകും.
കോപൈലറ്റ് പിസികളുടെ വിപ്ലവകരമായ "റീ കോൾ ഫീച്ചറിനെ നദല്ല ഹൈലൈറ്റ് ചെയ്തു. വെബ് ബ്രൗസിംഗ് മുതൽ വോയ്സ് ചാറ്റുകൾ വരെ കമ്പ്യൂട്ടറിലെ എല്ലാ പ്രവർത്തനങ്ങളും "റീ കോൾ"ട്രാക്ക് ചെയ്യുന്നു, ഉപയോക്താക്കൾക്ക് വെബ് സെർച്ച് ഹിസ്റ്ററി സംഭരിച്ച് ഭൂതകാല പ്രവർത്തനങ്ങൾ വീണ്ടെടുക്കാനാകും. "മൈൻക്രാഫ്റ്റ്" വീഡിയോ ഗെയിം കളിക്കുന്ന ഉപയോക്താക്കൾക്കായി റിയൽ-ടൈം വെർച്വൽ പരിശീലകനായി പ്രവർത്തിക്കുന്ന കോപൈലറ്റ് വോയ്സ് അസിസ്റ്റന്റിനെയും മൈക്രോസോഫ്റ്റ് പ്രദർശിപ്പിച്ചു.
അടുത്ത ഒരു വർഷത്തിനുള്ളിൽ ഏകദേശം 50 ദശലക്ഷം എഐ പിസികൾ വിറ്റഴിക്കപ്പെടുമെന്ന് മൈക്രോസോഫ്റ്റിന്റെ ഉപഭോക്തൃ വിപണന തലവനായ യൂസഫ് മെഹ്ദി പ്രതീക്ഷ പ്രകടിപ്പിച്ചു. കംപ്യൂട്ടറുകളിൽ നേരിട്ട് പ്രവർത്തിക്കുന്ന വേഗതയേറിയ എഐ അസിസ്റ്റന്റുകൾ "കാലക്രമേണ നിങ്ങളുടെ പിസി അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള ഏറ്റവും ആകർഷകമായ കാരണം ആയി തീരുമെന്ന് മെഹ്ദി ഒരു വാർത്താ സമ്മേളനത്തിൽ ഊന്നിപ്പറഞ്ഞു.