ചിപ്പ് നിര്‍മ്മാണത്തില്‍ '7 ട്രില്യണ്‍ ഡോളര്‍' പന്തയത്തിനൊരുങ്ങി സാം ആള്‍ട്ട്മാന്‍
- ചിപ്പ് നിർമാണ മേഖലയിൽ ഒരു വിപ്ലവമാണ് ആള്‍ട്ട്മാന്റെ ലക്ഷ്യം.
- സ്വപ്നം യാഥാർഥ്യമായാൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കു നേട്ടം.
- ചിപ്പ് നിര്‍മ്മാണത്തിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ തേടി ടാറ്റ ഗ്രൂപ്പ്.
ഓര്‍മ്മയുണ്ടോ, ചാറ്റ് ജിപിടിയുടെ തുടക്കം സാങ്കേതിക ലോകത്തു ഒരു കോളിളക്കമാണ് അത് സൃഷ്ടിച്ചത്. ചിലര്‍ ചാറ്റ് ജിപിടി ലോകത്തെ നല്ലവണ്ണം മാറ്റുമെന്ന് പറഞ്ഞപ്പോള്‍ മറ്റു ചിലര്‍ അത് തങ്ങളുടെ ജോലിക്കുള്ള ഭീഷണിയാണെന്ന് കരുതി. എന്തൊക്കൊയായാലും ഇന്ന് അത് പലരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. പഠനത്തിന് ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ മുതല്‍ തങ്ങളുടെ ജോലിഭാരം എളുപ്പമാക്കാനുപയോഗിക്കുന്ന പ്രൊഫഷണലുകള്‍ വരെ ഇപ്പൊ ചാറ്റ് ജിപിടിയുടെ ഫാന്‍സ് ആണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച സാം ആള്‍ട്ട്മാന്‍ വിപ്ലവകരമായ കണ്ടുപിടുത്തങ്ങള്‍ നടത്തിയ ഹീറോകള്‍ക്കിടയിലേക്ക് എത്തുകയും ചെയ്തു. എഐയുടെ ഭാവിയിലെ അനന്ത സാദ്ധ്യതകള്‍ മനസ്സിലാക്കിയ മൈക്രോസോഫ്റ്റാകട്ടെ സമയം പാഴാക്കാതെ Open AIയുമായി പങ്കാളിത്തവും സ്ഥാപിച്ചു.
ഇതൊക്കെ ചാറ്റ് ജിപിടിയുടെ തുടക്കത്തിലെ കഥ പിന്നെ അരങ്ങേറിയത് കമ്പനിയുടെ മാനേജ്‌മെന്റും സാം ആള്‍ട്ട്മാനും തമ്മിലുള്ള നാടകീയ രംഗങ്ങളായിരുന്നു. ഓപ്പണ്‍ ഐ യുടെ സിഇഒ സ്ഥാനത്തു നിന്നും രാജിവെച്ചു പുറത്തുപോകാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കുന്നതിലേക്കായിരുന്നു കാര്യങ്ങളുടെ പോക്ക്. എന്നാല്‍ ശിവാജി സിനിമയിലെ രജനികാന്തിന്റെ തിരിച്ചുവരവിനെക്കാളും മാസ്സ് എന്‍ട്രി ആണ് പിന്നീട് ആള്‍ട്ട്മാന്‍ നടത്തിയത്. ഇപ്പോള്‍ ചാറ്റ് ജിപിടി സാങ്കേതിക മേഖലയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന എഐ ടൂളായി മാറിയിരിക്കുന്നു. കൂടാതെ ഓപ്പണ്‍ എഐ അവരുടെ DALL-E, GPT-4, SORA എന്നി പുതിയ മോഡലുകള്‍ വികസിപ്പിക്കുകയും ചെയ്തു.
ചിപ്പ് സംരംഭത്തിന് സമാഹരിക്കുന്നത് 7 ട്രില്യണ്‍ ഡോളര്‍
വീണ്ടും വാര്‍ത്തകളിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ആള്‍ട്ട്മാന്‍. ചിപ്പ് നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ആള്‍ട്ട്മാന്റെ തിരിച്ചുവരവ്. ചിപ്പ് വ്യവസായത്തിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് 7 ട്രില്യണ്‍ ഡോളര്‍ സമാഹരിക്കാനുള്ള പദ്ധതിയുമായാണ്. അമേരിക്കയിലെ ഏറ്റവും വലിയ കമ്പനികളായ മൈക്രോസോഫ്റ്റിന്റെയും ആപ്പിളിന്റെയും സംയുക്ത മൂല്യം 5.86 ട്രില്യണ്‍ ഡോളര്‍ മാത്രമുള്ളപ്പോഴാണ് ആള്‍ട്ട്മാന്റെ ഈ വമ്പന്‍ പ്രഖ്യാപനം. ഈ സ്വപ്‌നം അസാധ്യമാണോ? അത് കാത്തിരുന്നു കാണേണ്ടതാണ്.
ഓപ്പണ്‍ എഐയുടെ മോഡലിനു വേണ്ടി നിലവില്‍ ചിപ്പ് വിതരണം ചെയുന്നത് NVIDIA ആണ്. ഈ മോഡലുകള്‍ക്ക് അവരുടെ GPU-കള്‍ അനുയോജ്യവുമാണ്. ഓപ്പണ്‍ എഐയുടെ പദ്ധതികള്‍ പ്രചാരത്തിലായപ്പോള്‍, എന്‍വിഡിയയുടെ ഓഹരി വില ഗണ്യമായി ഉയര്‍ന്നത് ചിപ്പ് ആണ് അടുത്ത ഓയില്‍ എന്ന അനുമാനങ്ങളെ അന്വര്‍ത്ഥമാക്കുന്നതാണ്. പക്ഷേ, ഓപ്പണ്‍ എഐയും എന്‍വിഡിയയും ഒരു വലിയ പ്രതിസന്ധി നേരിടുന്നണ്ട്. ചിപ്പ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സെമി കണ്ടുക്ടറുകളുടെ ക്ഷാമമാണത്. സ്വന്തം ചിപ്പ് നിര്‍മ്മാണ കമ്പനിയിലൂടെ എഐ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിച്ച് പൂര്‍ണമായ ശേഷി വിനിയോഗിക്കുക എന്നതാണ് ആള്‍ട്ട്മാന്റെ വീക്ഷണം. നിലവിലെ പ്രതിസന്ധി പരിഹരിക്കുക എന്നത് അല്‍പ്പം ഉയര്‍ന്ന ലക്ഷ്യമാണ്. എങ്കിലും ലക്ഷ്യത്തിലേക്ക് എത്തിയാല്‍ അത് ഈ മേഖലയില്‍ വലിയൊരു പരിവര്‍ത്തനമായിരിക്കും സൃഷ്ടിക്കുന്നത്.
നേട്ടമാകുന്നത് ഇന്ത്യന്‍ സെമികണ്ടക്ടര്‍ നിര്‍മ്മാതാക്കള്‍ക്കോ?
സാങ്കേതിക മേഖലയിലെ വളര്‍ച്ച ദിനം പ്രതിയെന്നോണമാണ് വേഗത നേടുന്നത്. ആ സാഹചര്യത്തില്‍, സാം ആള്‍ട്ട്മാന്റെ സ്വപ്നം സെമികണ്ടക്ടര്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് വളരെയധികം ഗുണം ചെയ്‌തേക്കാം. കൂടാതെ, ഒരു ടെക്നോളജി കേന്ദ്രമായി മാറാന്‍ ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ലോകം വിദേശ നിക്ഷേപത്തിന് അനുയോജ്യമായ ഇടമയാണ് ഇന്ത്യയെ കാണുന്നത്.
ടാറ്റ എലക്‌സി, മോഷിപ് ടെക്‌നോളജീസ്, എച്ച്‌സിഎല്‍ ടെക്, സ്‌പെല്‍ സെമികണ്ടക്ടര്‍, ഡിക്‌സണ്‍ ടെക്‌നോളജീസ് എന്നിങ്ങനെയുള്ള സെമികണ്ടക്ടര്‍ നിര്‍മ്മാണ കമ്പനികളെല്ലാം ആള്‍ട്ട്മാന്റെ സ്വപ്‌നത്തില്‍ നിന്നും പ്രയോജനം നേടാന്‍ സാധ്യതയുള്ള ഇന്ത്യന്‍ കമ്പനികളാണ്.
മേല്‍പ്പറഞ്ഞ കമ്പനികള്‍ക്ക് വിദേശ കമ്പനികളുമായുള്ള സഹകരണത്തിലൂടെ സാങ്കേതികവിദ്യ കൈമാറ്റം ചെയ്തും വളര്‍ച്ച നേടാന്‍ സാധിക്കും. കൂടാതെ, ഇന്ത്യന്‍ സെമികണ്ടക്ടര്‍ വ്യവസായത്തിന്റെ വേഗത്തിലുള്ള വളര്‍ച്ചയ്ക്കും ആഗോള മത്സരക്ഷമത വര്‍ധിപ്പിക്കാനും ഇത് ഇടയാക്കും.
പിന്തുണയുമായി സര്‍ക്കാരും
ഇതുകൂടാതെ, ഇന്ത്യന്‍ ഗവണ്‍മെന്റ് സെമികണ്ടക്ടര്‍ നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ 50 ശതമാനം സാമ്പത്തിക പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ 20 ശതമാനം സബ്‌സിഡിയുമാണ് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ പദ്ധതികള്‍ ആള്‍ട്ട്മാന്റെ ശ്രമങ്ങളുമായി സംയോജിപ്പിക്കുകയാണെങ്കില്‍, ഇന്ത്യയ്ക്ക് ആഗോള ചിപ്പ് വിപണിയില്‍ ഒരു പ്രധാന പങ്കാളി ആകാന്‍ അവസരം ലഭിക്കും. സര്‍ക്കാരിന്റെ ഈ സാമ്പത്തിക പിന്തുണയ്ക്കായി ആദ്യം മുന്നോട്ട് വന്നത് ടാറ്റ ഗ്രൂപ്പാണ്. ഗ്രൂപ്പ് 25,000 കോടി രൂപയുടെ ചിപ്പ് പദ്ധതിയുടെ അനുമതിക്കായാണ് സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.