തായ്‌ലന്‍ഡില്‍ മൈക്രോസോഫ്റ്റിന്റെ എഐ ഡാറ്റാ സെന്റര്‍ വരുന്നു
- ആസിയാന്‍ രാജ്യങ്ങളിലെ 25 ലക്ഷം പേര്‍ക്ക് 2025 ഓടെ എഐ നൈപുണ്യ വികസനത്തിനുള്ള അവസരമൊരുക്കുമെന്നും മൈക്രോസോഫ്റ്റ്
- പുതിയ സാമ്പത്തിക, ഉല്പാദന അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ തായ്ലന്‍ഡിന് സാധിക്കും
- മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കാനാകും
തായ്ലന്‍ഡില്‍ ആദ്യ റീജണല്‍ ഡാറ്റാ സെന്റര്‍ ആരംഭിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ അടക്കം പ്രവര്‍ത്തിക്കാനാവുന്ന ഡാറ്റാ സെന്ററാണ് തായ്‌ലന്‍ഡില്‍ സജ്ജമാക്കുന്നത്. ബാങ്കോക്കില്‍ നടന്ന 'മൈക്രോസോഫ്റ്റ് ബില്‍ഡ് എഐ ഡേ' എന്ന പരിപാടിയുടെ ഭാഗമായി മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലയും തായ്ലന്‍ഡ് പ്രധാനമന്ത്രി ശ്രെത്ത താവിസിനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം. രാജ്യത്തെ എഐ രംഗത്ത് ഒരു ലക്ഷത്തിലേറെ പേര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുമെന്നും രാജ്യത്ത് വളര്‍ന്നുവരുന്ന ഡെവലപ്പര്‍ സമൂഹത്തിന് ഇത് പിന്തുണ നല്‍കുമെന്നും മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല പറഞ്ഞു.
ഡാറ്റാ സെന്ററിന് പുറമെ തായ്ലന്‍ഡില്‍ ക്ലൗഡ്, എഐ സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിനും എഐ നൈപുണ്യ വികസനത്തിനും വേണ്ടിയുള്ള നിക്ഷേപവും മൈക്രോസോഫ്റ്റ് നടത്തുമെന്നും തായ്ലന്‍ഡിലെ പൊതു-സ്വകാര്യ മേഖലയ്ക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്നും സത്യ നദെല്ല വ്യക്തമാക്കി.
കമ്പനികള്‍ക്ക് ഡാറ്റ സൂക്ഷിക്കാനും, അതിവേഗ കമ്പ്യൂട്ടിങ് സാധ്യമാക്കാനും ഡാറ്റാ സെന്റര്‍ സഹായകമാവുമെന്നാണ് പ്രതീക്ഷ.ഇന്തോനേഷ്യയില്‍ അടുത്ത നാല് വര്‍ഷം കൊണ്ട് 170 കോടി ഡോളര്‍ ചെലവില്‍ പുതിയ ക്ലൗഡ്, എഐ അടിസ്ഥാനസൗകര്യം ഒരുക്കുമെന്നും മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.