ആഗോള ഫോണ്‍ വിപണിയില്‍ സാംസംഗ് തന്നെ ഒന്നാമന്‍
- തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സാംസംഗ് ഒന്നാം സ്ഥാനം നിലനിര്‍ത്തി
- ആപ്പിളിനും സാംസംഗിനും വിപണി വിഹിതത്തില്‍ നേരിയ തളര്‍ച്ച
2024ലും ആപ്പിളിനെ പിന്തള്ളി ആഗോള ഫോണ്‍ വിപണിയില്‍ ഒന്നാമനായി ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗ്. 2024ല്‍ 19 ശതമാനം മാര്‍ക്കറ്റ് ഷെയറുമായാണ് സാംസംഗ് ഒന്നാംസ്ഥാനത്ത് തുടരുന്നതെന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ആഗോള വില്‍പ്പനയില്‍ സാംസംഗ് ഒന്നാംസ്ഥാനം നിലനിര്‍ത്തിയെങ്കിലും മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വിപണി വിഹിതത്തില്‍ നേരിയ തളര്‍ച്ച ഇരു കമ്പനികളും അഭിമുഖീകരിച്ചു. 2023ല്‍ സാംസംഗിന് 20 ഉം, ആപ്പിളിന് 19 ഉം ശതമാനം വിപണി വിഹിതം ഉണ്ടായിരുന്നത് ഇപ്പോള്‍ 18ഉം 19 ഉം ആയി. അതേസമയം ആകെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം നാല് ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
സാംസംഗിന് ഗ്യാലക്സി എസ്24 സിരീസും എ സിരീസ് ഫോണ്‍ മോഡലുകളുമാണ് ഏറെ ജനപ്രീതി നേടിയത്. സാംസംഗിന്റെ ആദ്യ എഐ അധിഷ്ഠിത സ്മാര്‍ട്ട്‌ഫോണുകളാണ് എസ്24 സിരീസിലുള്ളത്. ഗ്യാലക്സി എസ്24 സിരീസ് ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ആപ്പിളിന്റെ ഐഫോണ്‍ 16 സിരീസിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
ലോഞ്ചിംഗ് സമയത്ത് പരിമിതമായ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളേ ഐഫോണ്‍ 16 സിരീസിലുണ്ടായിരുന്നുള്ളൂ. എങ്കിലും ലാറ്റിനമേരിക്ക, ആഫ്രിക്ക, ഏഷ്യാ-പസഫിക് എന്നീ വിപണികളില്‍ ആപ്പിള്‍ 2024ല്‍ വളര്‍ച്ച രേഖപ്പെടുത്തി.