മൊബൈല്‍ കണക്റ്റിവിറ്റിയില്‍ പുതിയ നാഴികക്കല്ല് സ്ഥാപിച്ച് ഇന്ത്യ
- രാജ്യത്തെ 80 ശതമാനം ജനങ്ങളും ഇപ്പോള്‍ 5ജി നെറ്റ് വര്‍ക്കില്‍
- സര്‍ക്കാരിന്റെ ആദ്യ 100 ദിവസത്തിനുള്ളില്‍ 9,560 ഗ്രാമങ്ങളിലേക്ക് മൊബൈല്‍ കണക്റ്റിവിറ്റി നല്‍കി
- ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിക്ക് പുറത്തുള്ള 36,721 ഗ്രാമങ്ങള്‍ 2025 പകുതിയോടെ ബന്ധിപ്പിക്കും
കഴിഞ്ഞ 10 വര്‍ഷത്തിനിടെ വോയ്സ് കോളുകള്‍ക്ക് 95 ശതമാനവും മൊബൈല്‍ ഡാറ്റയ്ക്ക് 97 ശതമാനവും താരിഫ് നിരക്കുകള്‍ കുറഞ്ഞുവെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇന്ത്യ ഇന്ന് പുരോഗമിക്കുകയാണ്. നാം ഒരു ആത്മനിര്‍ഭര്‍ (സ്വയംപര്യാപ്ത) രാജ്യമായി മാറുകയും വികസിത രാജ്യമായി പരിണമിക്കുകയും ചെയ്യുന്നു. ഈ 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഒരു വിശ്വഗുരുവായി പരിണമിക്കുന്നത് കാണാനാണ് നാം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
97 ശതമാനം നഗരങ്ങളും 80 ശതമാനം ജനസംഖ്യയും ഉള്‍ക്കൊള്ളുന്ന ഒരു 5ജി നെറ്റ്വര്‍ക്കില്‍ ഇന്ത്യ വിജയിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
സര്‍ക്കാരിന്റെ ആദ്യ 100 ദിവസത്തിനുള്ളില്‍ 9,560 കണക്ഷനില്ലാത്ത ഗ്രാമങ്ങളിലേക്ക് സര്‍ക്കാര്‍ മൊബൈല്‍ കണക്റ്റിവിറ്റി നല്‍കിയിട്ടുണ്ട്.കൂടാതെ, തന്റെ മൂന്നാം ടേമില്‍ പ്രധാനമന്ത്രി മോദി 27,648 ടവറുകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നും അതില്‍ 27 ശതമാനം ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടെലികോം, മൊബൈല്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിക്ക് പുറത്തുള്ള 36,721 ഗ്രാമങ്ങള്‍ 2025 പകുതിയോടെ ബന്ധിപ്പിക്കുമെന്നും 100 ശതമാനം കവറേജ് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോളതലത്തില്‍ സ്വന്തമായി 4ജി സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്ന ആറ് രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയെന്നും ഇത് സ്വാശ്രയത്വത്തിലേക്കുള്ള ഒരു ചുവടുവെപ്പ് ആണെന്നും മന്ത്രി പറഞ്ഞു.
താരിഫ് 51 പൈസയില്‍ നിന്ന് 3 പൈസയായി കുറഞ്ഞു, ഇത് 95 ശതമാനം ഇടിവ് രേഖപ്പെടുത്തുന്നു. 1 ജിബി ഇന്റര്‍നെറ്റ് ബാന്‍ഡ്വിഡ്ത്ത് 10 വര്‍ഷത്തിനിടെ ഒരു ജിബിക്ക് 297 രൂപയില്‍ നിന്ന് 8.7 രൂപയായി കുറഞ്ഞു. ഇത് 97 ശതമാനം ഇടിവാണ്.
മറുവശത്ത്, 3ജിയില്‍ നിന്ന് 4ജിയിലേക്കും 4ജിയില്‍ നിന്ന് 5ജിയിലേക്കും നീങ്ങുന്ന ടെലികോം കമ്പനികള്‍ കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ മാത്രം 4.26 ലക്ഷം കോടി രൂപയുടെ മൂല്യം കൈവരിച്ചു.
ഇന്ത്യയിലെ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലുടനീളമുള്ള 6ജി നെറ്റ്വര്‍ക്കിനും സാങ്കേതിക ഗവേഷണത്തിനുമായി 111 ഫണ്ടിംഗ് നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഇതിനകം അംഗീകരിച്ചിട്ടുണ്ടെന്ന് സിന്ധ്യ വ്യക്തമാക്കി.
കോളിന്റെയും ഡാറ്റാ സേവനത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ടെലികോം മന്ത്രി കൂട്ടിച്ചേര്‍ത്തു.