ഐഫോണ്‍ 15 ലോഞ്ച് ഒക്ടോബറിലേക്ക് നീട്ടിയേക്കും
ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്‌സ് എന്നിങ്ങനെയാണു 15 സീരീസില്‍ പുറത്തിറക്കാന്‍ പോകുന്ന മോഡലുകള്‍
ആപ്പിളിന്റെ പ്രൊഡക്റ്റ് ലോഞ്ചുകളില്‍ ഏറ്റവുമധികം ലോക ശ്രദ്ധ നേടുന്നത് ഐഫോണ്‍ ലോഞ്ചാണ്. എല്ലാ വര്‍ഷവും ആപ്പിള്‍ പുതിയ ഐഫോണ്‍ ലോഞ്ച് ചെയ്യുന്നത് സെപ്റ്റംബര്‍ മാസത്തിലുമാണ്. എന്നാല്‍ ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 15 സെപ്റ്റംബറില്‍ ലോഞ്ച് ചെയ്യാന്‍ സാധ്യതയില്ലെന്നു സൂചന. പകരം ഒക്ടോബറിലേക്ക് നീട്ടുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്‌സ് എന്നിങ്ങനെയാണു 15 സീരീസില്‍ പുറത്തിറക്കാന്‍ പോകുന്ന മോഡലുകള്‍.
ഡിസ്‌പ്ലേ ലഭ്യതയുമായി ബന്ധപ്പെട്ട് ആപ്പിള്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്നതാണ് കാരണമെന്നു റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 7 നായിരുന്നു ഐഫോണ്‍ 14 മോഡല്‍ ലോഞ്ച് ചെയ്തത്. സെപ്റ്റംബര്‍ 16 മുതല്‍ പല വിപണികളിലും വില്‍പ്പന ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ചൈനയിലെ ലോക്ക്ഡൗണ്‍ മൂലമുണ്ടായ വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ കാരണം ഐഫോണ്‍ 14 പ്ലസ് ഒക്ടോബര്‍ മുതലായിരുന്നു വിപണിയില്‍ ലഭ്യമായത്. ടാറ്റ ഗ്രൂപ്പ് ഇന്ത്യയിലെ ആദ്യ ഐഫോണ്‍ നിര്‍മാതാക്കളായി മാറുകയാണ്. ടാറ്റ ഗ്രൂപ്പ് പോലൊരു ഇന്ത്യന്‍ ബ്രാന്‍ഡ് ആപ്പിളിന്റെ ഐഫോണുകള്‍ നിര്‍മിക്കുന്നത് മറ്റ് കമ്പനികളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഇടയാകുമെന്നത് ഉറപ്പാണ്.